പോക്സോ കേസ് പ്രതി ഒരു മാസം പൊലീസിനെ വെട്ടിച്ചു നടന്നു: കൊവിഡിനെ പറ്റിക്കാൻ നോക്കീട്ട് നടന്നില്ല; കൊച്ചു മകളെ വെട്ടി പരിക്കേൽപ്പിച്ച് പൊലീസിനെ വെട്ടിച്ച് നടന്ന പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു

പോക്സോ കേസ് പ്രതി ഒരു മാസം പൊലീസിനെ വെട്ടിച്ചു നടന്നു: കൊവിഡിനെ പറ്റിക്കാൻ നോക്കീട്ട് നടന്നില്ല; കൊച്ചു മകളെ വെട്ടി പരിക്കേൽപ്പിച്ച് പൊലീസിനെ വെട്ടിച്ച് നടന്ന പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

പത്തനംതിട്ട: ഒരു മാസത്തിലേറെയായി പൊലീസിനെ കബളിപ്പിച്ചു നടന്ന പോക്സോ കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളെ ആരോഗ്യ വകുപ്പ് അധികൃതര്‍ പിടികൂടി കൊവിഡ് വാര്‍ഡിലാക്കി. തിരുവല്ല നെടുമ്പ്രം കൊച്ചാരിമുക്കം പടിഞ്ഞാറ്റതില്‍ കമലാസന(76)നാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കൂട്ടുകാരുമൊത്ത് വീട്ടില്‍ നടത്തുന്ന മദ്യപാനം ചോദ്യം ചെയ്ത കൊച്ചുമകളെ വെട്ടിപരുക്കേല്പിച്ചതിനാണ് ഇയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തിയിരുന്നത്. പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയായ കൊച്ചുമകളെയാണ് ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കേസില്‍ പ്രതിയെ പൊലിസ് തിരഞ്ഞെങ്കിലും ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, കോച്ചിരിമുക്കത്തെ മത്സ്യവ്യാപാരിയുടെ പ്രാഥമിക സമ്പർക്കത്തിൽ ഉള്‍പെട്ടതോടെ ഇയാള്‍ കൊവിഡ് പരിശോധനക്ക് വിധേയനായിരുന്നു. തുടര്‍ന്ന് ബന്ധുവീട്ടില്‍ നിരീക്ഷണത്തിലായി. കഴിഞ്ഞ ആഴ്ച ശ്രവം പരിശോധനക്ക് അയച്ചു. ഫലം വന്നപ്പോള്‍ പോസിറ്റീവ് ആയി. തുടര്‍ന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടെത്തി ഇയാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലേക്ക് മാറ്റിയത്. ഇയാളുമായി സമ്പർക്കത്തിൽ പെട്ട 12 പേരെ നിരീക്ഷണത്തിലാക്കി. ഇവരുടെയും ശ്രവ പരിശോധന നടത്തും.

കഴിഞ്ഞ മാസം 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതാവ് മരിച്ചുപോയ പെണ്‍കുട്ടിയും മാതാവും മുത്തച്ഛനും അമ്മൂമ്മയുമാണ് വീട്ടില്‍ താമസം. കൂട്ടുകാരുമൊത്ത് ഇയാള്‍ വീട്ടില്‍ മദ്യപിക്കുന്നത് പതിവായിരുന്നു. ഇതിനെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് പുറത്തുപോയ സമയത്ത് വീട്ടില്‍ നടന്ന മദ്യപാനത്തെക്കുറിച്ചുള്ള വിവരം, പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു.

ഇതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് പെണ്‍കുട്ടിയെ വെട്ടിപരുക്കേല്‍പ്പിക്കുന്ന കൃത്യത്തിലേക്ക് എത്തിയത്. കുട്ടിയുടെ രണ്ട് കൈകളിലും സാരമായി പരുക്കേറ്റു. സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതിക്കെതിരെ ജുവനെയില്‍ ജസ്റ്റീസ് ആക്‌ട് പ്രകാരം പുളിക്കീഴ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊവിഡ് ചികിത്സ കഴിഞ്ഞിറങ്ങുമ്പോൾ വിവിധ വകുപ്പുകൾ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.