കോവിഡ് കാലത്തെ പെട്രോൾ നികുതിയുടെ പേരിൽ തീവെട്ടികൊള്ള; ഒന്നരലക്ഷം കോടി രൂപയുടെ എക്സൈസ് നികുതി കൂടുതൽ പിരിച്ചതായി കണക്കുകൾ
സ്വന്തം ലേഖകൻ
ദില്ലി: കോവിഡ് കാലത്ത് പെട്രോൾ നികുതിയുടെ പേരിൽ നടത്തിയ കൊള്ള സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ. പെട്രോളിയം ഉൽപന്നങ്ങളിലൂടെ ഒന്നരലക്ഷം കോടി രൂപയുടെ എക്സൈസ് നികുതി കൂടുതൽ പിരിച്ചതായി സർക്കാർ പാർലമെന്‍റിൽ വച്ച കണക്കുകൾ പറയുന്നു. ഈ വർഷവും വലിയ തുക ലക്ഷ്യമാക്കി നീങ്ങുമ്പോഴാണ് പ്രതിഷേധം കാരണം നികുതി കുറയ്ക്കേണ്ടി വന്നത്.
കൊവിഡിനു ശേഷം രാജ്യം ലോക്ക്ഡൗണിലേക്ക് പോയത് 2020 മാർച്ച് ഇരുപത്തിയഞ്ചിനാണ്. 2020 ഏപ്രിൽ ഒന്ന് മുതൽ ഈ വർഷം മാർച്ച് മുപ്പത്തിയൊന്ന് വരെ പെട്രോൾ ഉത്പന്നങ്ങളിൽ നിന്ന് സർക്കാർ നേടിയ വരുമാനത്തിന്‍റെ കണക്കിങ്ങനെ: 3 ലക്ഷത്തി 72 ആയിരത്തി തൊള്ളായിരത്തി എഴുപത് കോടി.
അതിനു തൊട്ടു മുമ്പുള്ള വർഷത്തെ കണക്കും ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി നല്കിയ കണക്കിലുണ്ട്. 2,23,057 കോടി. അതായത് കൊവിഡ് കാലത്ത് മുൻവർഷത്തെക്കാൾ സർക്കാർ നേടിയത് ഒന്നര ലക്ഷം കോടിയുടെ അധിക നികുതി!
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെട്രോളിയം ഉത്പന്നങ്ങളുടെ വില രാജ്യാന്തര വിപണിയിൽ കുത്തനെ ഇടിഞ്ഞ സമയത്താണ് നികുതിയിലൂടെ ജനങ്ങളെ പിരിഞ്ഞ് ഇരട്ടി തുക സർക്കാർ നേടിയത്. അതും ലോക്ക്ഡൗൺ കാരണം മൂന്നു മാസം വാഹനങ്ങൾ നിരത്തിലിറങ്ങാതിരുന്ന കാലത്താണിതെന്നോർക്കണം.
നടപ്പ് സാമ്പത്തികവർഷം 3,35,000 കോടിയായിരുന്നു ലക്ഷ്യം എന്ന് സർക്കാർ പറയുന്നുണ്ട്. പെട്രോൾ കൊള്ള തുടരാനായിരുന്നു ഉദ്ദേശം എന്ന് വ്യക്തം. എന്നാൽ രാജ്യമാകെ വലിയ ജനവികാരം ഉയർന്നതിനാൽ നികുതി വെട്ടിക്കുറയ്ക്കേണ്ടി വന്നു. ഇതു കാരണം എത്ര വരുമാനം കുറയും എന്ന് കണക്ക് കൂട്ടിയിട്ടില്ല എന്നാണ് സർക്കാർ ഉത്തരത്തിൽ പറയുന്നത്.
പെട്രോളിന്‍റെ വില കുറയുമ്പോൾ നികുതി വരുമാനം ഇടിയാതിരിക്കാനാണ് കേന്ദ്ര തീരുവ കൂട്ടിയത് എന്ന വാദവും ഈ വലിയ വരുമാനത്തിന്‍റെ കണക്കോടെ പൊളിയുകയാണ്.