play-sharp-fill
കൊവിഡിനെ തുടർന്നു പരോൾ ലഭിച്ചു: ജയിലിൽ നിന്നും പുറത്തിറങ്ങി നാട്ടിൽ കറങ്ങി നടന്ന് മോഷണം; അന്തർ സംസ്ഥാന മോഷ്ടാവ് കൊട്ടാരം ബാബു ഗാന്ധിനഗറിൽ പിടിയിൽ

കൊവിഡിനെ തുടർന്നു പരോൾ ലഭിച്ചു: ജയിലിൽ നിന്നും പുറത്തിറങ്ങി നാട്ടിൽ കറങ്ങി നടന്ന് മോഷണം; അന്തർ സംസ്ഥാന മോഷ്ടാവ് കൊട്ടാരം ബാബു ഗാന്ധിനഗറിൽ പിടിയിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോക്ക് ഡൗണിൽ പരോൾ ഇളവ് ലഭിച്ചതിന്റഎ മറവിൽ നാട്ടിലിറങ്ങി മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ കൊട്ടാരം ബാബു (52) വാണ് പിടിയിലായത്.

മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് ആഹാരം സൗജന്യമായി ലഭിക്കുന്നത് അറിഞ്ഞ് ഇവിടെ നിരവധി മോഷ്ടാക്കൾ തമ്പടിച്ചിട്ടുണ്ട്. ഇതേ തുടർന്നു ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് മിന്നൽ പരിശോധന നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രി പരിസരത്ത് രോഗികളുടെ കൂട്ടിരിപ്പുകാർ എന്ന വ്യാജേനെയാണ് മോഷ്ടാക്കളും തട്ടിപ്പുകാരും തമ്പടിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പല ജയിലുകളിൽ നിന്നായി നൂറുകണക്കിന് കുറ്റവാളികളും ക്രിമിനലുകളുമാണ് ജില്ലയിൽ എത്തിയിരിക്കുന്നത്.

ഇതേ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊട്ടാരം ബാബു പിടിയിലായത്. ഗാന്ധിനഗർ പരിസരത്തുള്ള പള്ളികളിലും ഗുരുമന്ദിരങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നിരുന്നു. ഈ മോഷണങ്ങളെല്ലാം നടത്തിയത് കൊട്ടാരം ബാബുവും ഇയാളോടൊപ്പമുള്ള മറ്റൊരു പ്രതിയായ കാർത്തികപ്പള്ളി സ്വദേശിയുമാണ് എന്നു കണ്ടെത്തിയിട്ടുണ്ട്.

പ്രതിയെ പിടികൂടി ചോദ്യം ചെയ്തലിൽ കോട്ടയം നഗരത്തിലും പരിസരപ്രദേശങ്ങളിലും പകൽ സമയത്ത് കറങ്ങി നടന്ന് നിരവധി വീടുകൾ കണ്ടെത്തിയതായും, മോഷണത്തിന് പദ്ധതിയിട്ടിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി ഇതു സമ്മതിച്ചിട്ടുമുണ്ട്.

തെക്കൻ കേരളത്തിലെ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവുമായി ചേർന്നാണ് ഇയാൾ മോഷണ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയിരുന്നത്. മോഷ്ടിച്ച് ലഭിച്ച പണം ആർഭാട ജീവിതത്തിനാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. എ.സി ഹോട്ടലുകൡും റൂമുകളിലും ലക്ഷങ്ങൾ ചിലവഴിച്ചാണ് ഇയാൾ ആഡംബര ജീവിതം നയിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

മുൻപ് പല കേസുകളിലും പിടിക്കപ്പെടുമ്പോൾ കുറ്റം സമ്മതിച്ച് ഒരു വർഷം വരെ ശിക്ഷ ഏറ്റുവാങ്ങി, ശിക്ഷാ കാലാവധി പൂർത്തിയാക്കി വീണ്ടും മോഷണം നടത്തുകയായിരുന്നു പ്രതിയുടെ പതിവ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നു ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ സുരേഷ് വി.നായർ അറിയിച്ചു.

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുനൂറോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. കഴിഞ്ഞ 35 വർഷത്തിലേറെയായി ഇയാൾ മോഷണക്കേസുകളിൽ പ്രതിയാണ്.

കോട്ടയം ഡിവൈ.എസ്.പി എ.അനിൽകുമാറിന്റെ നിർദേശാനുസരണം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സുരേഷ് വി.നായർ, എസ്.ഐമാരായ ഹരിദാസ്, സജിമോൻ, എ.എസ്.ഐ പി.വി മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ ബാബു, പ്രവീൺ പി.നായർ, പ്രവീൺ തുടങ്ങിയവരുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.