കോട്ടയത്ത് ഒന്നാം ഡോസ് പോലും ലഭിക്കാത്ത നിരവധി വയോജനങ്ങള്‍; ആരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് അറിയിക്കുമ്പോള്‍ വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്സിന്‍ സ്വീകരിക്കാം; അറിയിപ്പുമായി ജില്ലാ കളക്ടർ

കോട്ടയത്ത് ഒന്നാം ഡോസ് പോലും ലഭിക്കാത്ത നിരവധി വയോജനങ്ങള്‍; ആരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് അറിയിക്കുമ്പോള്‍ വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്സിന്‍ സ്വീകരിക്കാം; അറിയിപ്പുമായി ജില്ലാ കളക്ടർ

 

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് ബാധിക്കാനും രോഗമുണ്ടായാല്‍ ഗുരുതര നിലയിലാകാനും കൂടുതല്‍ സാധ്യതയുള്ള വിഭാഗങ്ങളുടെ സുരക്ഷ എത്രയും വേഗം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് വാക്സിനേഷന് മുന്‍ഗണനാ വിഭാഗങ്ങള്‍ നിര്‍ണയിച്ചത്.

മുൻഗണനയിൽ ഏറ്റവും ആദ്യം ഉള്‍പ്പെട്ടത് ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണിപ്പോരാളികളുമാണ്. രോഗം ബാധിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളവർ എന്ന നിലയില്‍ പരിഗണിക്കപ്പെട്ട ഇവർക്കുള്ള വാക്‌സിനേഷൻ 2021 ജനുവരി 16 ന് ആരംഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാമതായി പരിഗണിക്കപ്പെട്ട 60 വയസിനു മുകളിൽ പ്രായമുള്ളവര്‍ക്കും മറ്റു ഗുരുതര രോഗങ്ങൾ ബാധിച്ചവര്‍ക്കും 2021 മാര്‍ച്ച് ഒന്നിന് കുത്തിവയ്പ്പ് നല്‍കിത്തുടങ്ങി. വൈറസ് ബാധിച്ചാൽ ആരോഗ്യനില ഗുരുതരമാകാനും മരണം സംഭവിക്കാനും കൂടുതൽ സാധ്യതയുള്ളവർ എന്ന നിലയിലാണ് കേന്ദ്ര സർക്കാർ മുതിർന്നവർക്ക് മുൻഗണന നൽകിയത്.

എന്നാൽ ഇപ്പോഴും ഒന്നാം ഡോസ് പോലും ലഭിക്കാത്ത നിരവധി വയോജനങ്ങള്‍ കോട്ടയം ജില്ലയിലുണ്ടെന്നാണ് ആരോഗ്യ കേന്ദ്രങ്ങളില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവരില്‍ അധികം പേരും cowin.gov.in പോർട്ടലിൽ സ്വന്തമായി രജിസ്റ്റർ ചെയ്യാനോ ഓൺലൈൻ ബുക്കിംഗ് നടത്തി വാക്‌സിനേഷൻ കേന്ദ്രം തെരെഞ്ഞെടുക്കാനോ കഴിയാത്തവരാണെന്നാണ് മനസിലാക്കുന്നത്.

കോവിഡ് രോഗബാധ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ മുതിർന്നവരുടെ വാക്‌സിനേഷൻ ഓഗസ്റ്റ് 15നു മുൻപ് പൂർത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം 60 വയസു പൂർത്തിയായ എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കോട്ടയം ജില്ലയിലും നടന്നുവരികയാണ്. ആരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് അറിയിക്കുമ്പോള്‍ ഇവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി സ്പോട്ട് ബുക്കിംഗ് നടത്തി വാക്സിന്‍ സ്വീകരിക്കാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം.

ഇപ്പോള്‍ ജില്ലയില്‍ പരിമിതമായി മാത്രം ലഭിക്കുന്ന വാക്സിന്‍ മുതിര്‍ന്നവര്‍ക്ക് നല്‍കേണ്ടതിനാല്‍ മറ്റു പ്രായവിഭാഗങ്ങളിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് അനുവദിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. 60 വയസിനു മുകളിലുള്ളവരുടെ ഒന്നാം ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാകുകയും കൂടുതല്‍ വാക്സിന്‍ ലഭ്യമാകുകയും ചെയ്യുന്ന മുറയ്ക്ക് ഒന്നാം ഡോസ് ലഭിക്കാത്ത 60 വയസിനു താഴെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതുവരെ ജില്ലയില്‍ ആകെ 1389775 ഡോസ് വാക്സിന്‍ നല്‍കി.
ഇതില്‍ 565665 ഡോസ് 60 വയസിനു മുകളിലുള്ളവരും 439716 ഡോസ് 45നും 60നും ഇടയിലുള്ളവരും 384394 ഡോസ് 18-44 പ്രായപരിധിയിലുള്ളവരുമാണ് സ്വീകരിച്ചത്. 979015 പേര്‍ക്ക് ഒന്നാം ഡോസും 410760 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

വ്യക്തികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനൊപ്പം രോഗവ്യാപനം ഫലപ്രദമായി തടയാന്‍ കഴിയും വിധത്തില്‍ സാമൂഹിക പ്രതിരോധ ശേഷി ആര്‍ജ്ജിക്കുകയും മരണനിരക്ക് കുറയ്ക്കുകയും വേണ്ടതുണ്ട്.
വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.