കോവിഡ് വ്യാപനം ജില്ലയിലെ മൃഗാശുപത്രികളിൽ നിയന്ത്രണം; ആശുപത്രിയിൽ മൃഗങ്ങളുമായി എത്തുന്നതിനും കർശന നിയന്ത്രണം

കോവിഡ് വ്യാപനം ജില്ലയിലെ മൃഗാശുപത്രികളിൽ നിയന്ത്രണം; ആശുപത്രിയിൽ മൃഗങ്ങളുമായി എത്തുന്നതിനും കർശന നിയന്ത്രണം

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് പ്രതിരോധത്തിനായി കോട്ടയം ജില്ലയിലെ മൃഗാശുപത്രികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മൃഗസംരക്ഷണ വകുപ്പിൻറെ വിവിധ സ്ഥാപനങ്ങളിൽ മുപ്പതിലധികം ജീവനക്കാർക്ക് കോവിഡ് ബാധിക്കുകയും അതിലേറെപ്പേർ ക്വാറൻറയിനിൽ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. പുതിയ ക്രമീകരണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി അറിയിച്ചു.

നിയന്ത്രണങ്ങൾ ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളർത്തു മൃഗങ്ങൾക്ക് ചികിത്സ ആവശ്യമുള്ളവർ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ മൃഗാശുപത്രിയിലെ ഡോക്ടർമാരെ ടെലിഫോണിൽ ബന്ധപ്പെട്ട് സേവനം തേടേണ്ടതാണ്.

അടിയന്തര സാഹചര്യങ്ങളിൽ മാത്രം മൃഗാശുപത്രികളിൽ നേരിട്ട് എത്തിയാൽ മതിയാകും.

കണ്ടെൻമെൻറ് സോണുകളിലുള്ളവർ ആശുപത്രി സന്ദർശനം കർശനമായും ഒഴിവാക്കണം.

ചികിത്സയ്ക്കായി മൃഗാശുപത്രികളിൽ എത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ജാഗ്രത പുലർത്തുകയും ഫ്രണ്ട് ഓഫീസിലെ ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണം.

വളർത്തു മൃഗങ്ങളുമായി എത്തുന്നവരുടെ പേര് ,മേൽവിലാസം, ഫോൺ നമ്പർ എന്നിവ ഫ്രണ്ട് ഓഫീസിൽ നൽകണം.

ആശുപത്രികളിൽ മൃഗങ്ങൾക്കൊപ്പം ഒരാൾക്കു മാത്രമേ പ്രവേശനം അനുവദിക്കൂ.

ആശുപത്രി വളപ്പിൽ ആളുകൾ കൂട്ടം കൂടുവാൻ പാടില്ല.

രോഗവ്യാപന സാധ്യത പരമാവധി ഒഴിവാക്കുന്നതിന് അത്യാവശ്യമല്ലാത്ത സേവനങ്ങൾ തേടുന്നത് ഒഴിവാക്കണം.

കണ്ടെയ്ൻമെൻറ് സോണുകളിൽ അവശ്യ സേവനം വേണ്ടവർ
ഫോൺ മുഖേന അതത് മൃഗാശുപത്രികളിൽ വിവരം അറിയിക്കണം.

അവശ്യ സാഹചര്യങ്ങളിൽ കോവിഡ് സുരക്ഷാ മുൻകരുതലുകളോടെ ഡോക്ടർമാർ വീടുകളിൽ എത്തുന്നതാണ്.

ആശുപത്രി ഉൾപ്പെടുന്ന മേഖല കണ്ടെയ്ൻമെൻറ് സോണായി മാറുകയും ആശുപത്രിയുടെ പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടിവരികയും ചെയ്താൽ കർഷകർക്ക് മൃഗാശുപത്രികളിൽനിന്ന് ലഭിച്ചിട്ടുള്ള ഫോൺ നമ്പരിൽ സേവനങ്ങൾക്കായി ബന്ധപ്പെടാം.

കഴിവതും അതത് പ്രദേശത്തെ മൃഗാശുപത്രികളുടെ സേവനം തേടാൻ ശ്രദ്ധിക്കണം.

ആശുപത്രികളിലെ ജീവനക്കാർ കോവിഡ് ബാധിതരാകുകയോ ക്വാറൻറയിനിലാകുയോ ചെയ്താൽ അടുത്തുള്ള പഞ്ചായത്തിലെ മൃഗാശുപത്രിയിൽനിന്ന് സേവനം തേടാം.

നായ്ക്കൾക്കും പൂച്ചകൾക്കുമുള്ള പ്രതിരോധ വാക്‌സിനേഷൻ തൽക്കാലികമായി നിർത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് ഇത് പുനരാരംഭിക്കുന്നതാണ്.

കണ്ടെൻമെന്റ് സോണുകളിലുള്ളവർ കന്നുകാലികളുടെ കൃത്രിമ ബീജാധാനം, ഗർഭപരിശോധന എന്നീ സേവനങ്ങൾ തേടുന്നത് ഈ കാലയളവിൽ പരമാവധി ഒഴിവാക്കേണ്ടതാണ്.

മൃഗാശുപത്രിയിൽ ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളും സേവനങ്ങളുടെ മുൻഗണനയും അതത് പ്രദേശങ്ങളിലെ സ്ഥിതിയനുസരിച്ച് തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ പുനഃക്രമീകരിക്കാവുന്നതാണ്.