കൊവിഡ് വ്യാപനം ; വാക്സിൻ സ്വീകരിക്കുന്ന ഉപഭോക്താക്കൾക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ ഓഫർ..!

കൊവിഡ് വ്യാപനം ; വാക്സിൻ സ്വീകരിക്കുന്ന ഉപഭോക്താക്കൾക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ ഓഫർ..!

സ്വന്തം ലേഖകൻ
ഡൽഹി : കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും പ്രതിരോധ നടപടികള്‍ ഈര്‍ജിതമാക്കിയിട്ടുണ്ട്. കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

കൊവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക്, ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ പ്രീമിയത്തില്‍ 2.5 ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കുമെന്ന് റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി പ്രഖ്യാപിച്ചു. റിലയന്‍സ് ഹെല്‍ത്ത് ഇന്‍ഫിനിറ്റി ഇന്‍ഷൂറന്‍സ് പോളിസി എടുത്ത ഉപഭോക്താക്കള്‍ക്കാണ് ഈ ഡിസ്‌കൗണ്ട് ലഭിക്കുക. പുതിയതായി ഈ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നവര്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ പോളിസി പുതുക്കുന്ന വേളയിലും ഈ ഓഫറിന് അര്‍ഹരാണ്.

അതുപോലെ ഹ്യൂമന്‍ പാപ്പിലോമവൈറസ് വാക്‌സിന്‍, ന്യൂമോകോക്കല്‍ വാക്‌സിന്‍ പോലെയുള്ള മറ്റ് വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കും പ്രീമിയത്തില്‍ 2.5 ശതമാനം കിഴിവ് ലഭിക്കുമെന്നും റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ പുതുവത്സരത്തോടനുബന്ധിച്ച് രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.വിമാനത്താവളങ്ങളിലെ പ്രത്യേക മുന്നൊരുക്കം വഴി അന്താരാഷ്ട്ര യാത്രിക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. കൊവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിയുന്നവരെ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദ്ദേശിക്കും. ചൈന അടക്കം 6 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ജനുവരി ഒന്നു മുതൽ ആർടിപിസിആർ നിർബന്ധമാക്കിയിട്ടുണ്ട്.

ചൈന, ഹോങ്ങ് കോങ്ങ്, ജപ്പാൻ, സൗത്ത് കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇന്ത്യയിൽ നിർബന്ധമാക്കിയത്. യാത്രയ്ക്ക് മുന്നോടിയായി ഈ സർട്ടിഫിക്കറ്റ് എയർ സുവിധാ പോർട്ടലിൽ അപ്ലോഡ് ചെയ്യണം