കൊവിഡ് കേസും , ടി.പി ആറും കുറയുന്നില്ല; ശക്തമായ നടപടി വേണം; കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കൊവിഡ് കേസുകൾ കുറയ്ക്കാൻ സംസ്ഥാനം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഏഴു ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10 ശതമാനത്തിനു മുകളിൽ നിൽക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്.
എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിനു താഴെ എത്തിക്കണം. എത്രയും വേഗം നടപടികൾ സ്വീകരിച്ച് കേന്ദ്രത്തിനു റിപ്പോർട്ടു നൽകാനും നിർദേശം നൽകി.
കേന്ദ്ര നിർദേശം വന്ന സാഹചര്യത്തിൽ നിലവിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാനിടയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാല് ആഴ്ചയായി കേസുകൾ കുറയുന്നുണ്ടെങ്കിലും ജൂലൈ 4 വരെയുള്ള കണക്കെടുത്താൽ ടെസ്റ്റ് പോസിറ്റിവിറ്റി 10.3 ശതമാനത്തിൽ നിൽക്കുന്നത് ഗൗരവകരമാണെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി. അവസാന 4 ആഴ്ചയിലെ കണക്കു പരിശോധിച്ചാൽ രണ്ട് ജില്ലകളിലെങ്കിലും രോഗം വർധിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും പുതിയ 200 കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 13 മുതൽ ജൂലൈ 4 വരെയുള്ള കണക്കനുസരിച്ച് കൊല്ലം, വയനാട് ജില്ലകളിൽ മരണസംഖ്യ ഉയർന്നു.
തൃശൂരിലും മലപ്പുറത്തും ഒരു ആഴ്ച എഴുപതിലേറെ മരണങ്ങൾ റിപ്പോർട്ടു ചെയ്തു. തിരുവനന്തപുരത്ത് മരണനിരക്കു കുറയുന്നുണ്ടെങ്കിലും ജൂൺ 13 മുതൽ ജൂലൈ 4വരെ 111 മരണങ്ങൾ റിപ്പോർട്ടു ചെയ്തത് ആശങ്കയുണ്ടാക്കുന്നതാണ്.
കണ്ണൂർ, കാസർകോട്, കൊല്ലം, കോഴിക്കോട്, മലപ്പുറം, പാലക്കാട് തൃശൂർ ജില്ലകളിൽ 100 പുതിയ കേസുകളെങ്കിലും ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവിടെയെല്ലാം ടി പി ആർ പത്ത് ശതമാനത്തിന് മുകളിലാണ്. കണ്ടെയ്ൻമെന്റ് ശക്തിപ്പെടുത്തുന്നതിനൊപ്പം രോഗികളുമായി ഇടപഴകിയവരെ കണ്ടെത്തി ക്വറന്റൈൻ സംവിധാനം വർദ്ധിപ്പിക്കാനും നിർദേശമുണ്ട്. കോവിഡ് പ്രോട്ടൊക്കോൾ ലംഖിക്കിക്കുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും കേന്ദ്രം സംസ്ഥാനത്തിന് നിർദേശം നൽകി.