കൊറോണ വൈറസ് പടരുന്നു : ജലദോഷം മുതൽ സർസ് വരെയുള്ള ശ്വാസകോളരോഗങ്ങൾക്ക് സാധ്യത ; വിമാനത്താവളങ്ങളടക്കം നിരീക്ഷണത്തിൽ

കൊറോണ വൈറസ് പടരുന്നു : ജലദോഷം മുതൽ സർസ് വരെയുള്ള ശ്വാസകോളരോഗങ്ങൾക്ക് സാധ്യത ; വിമാനത്താവളങ്ങളടക്കം നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്നതായി റിപ്പോർട്ട്. ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്നു പിടിച്ച ന്യുമോണിയയ്ക്കു കാരണമായതു പുതിയ ഇനം കൊറോണ വൈറസ് ആണെന്നും ഇതു ലോകമെങ്ങും പടരാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചു.

ജലദോഷം മുതൽ സാർസ് വരെയുള്ള ശ്വാസകോശരോഗങ്ങൾക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാന വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ഉറപ്പാക്കാനാണു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തയാറെടുപ്പ്. ഇതിനു മുന്നോടിയായി അധികൃതർ ലോകാരോഗ്യ സംഘടനാ പ്രതിനിധികളുമായി ചർച്ച ചെയ്തു.

രോഗബാധിതനായ ഒരാൾ മരിച്ചു. മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പടരുന്ന വൈറസ് നിലവിൽ മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരുന്നതായി കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങളുമായി തായ്‌ലൻഡിൽ ചികിത്സയിലുള്ള ചൈനീസ് വനിത സുഖം പ്രാപിച്ചു വരുന്നതായും അധികൃതർ അറിയിച്ചു.

ഹോങ്കോങ്, ചൈന എന്നിവിടങ്ങളിൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നും എത്തുന്നവരെ നിരീക്ഷിക്കാനാണ് ആലോചന. വുഹാനിലെ മത്സ്യമാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഒരാൾക്കാണ് ആദ്യം വൈറസ് ബാധയുണ്ടായത്. പിന്നീട് രോഗബാധിതരായവർ ആ മാർക്കറ്റിലെ സന്ദർശകരായിരുന്നെന്നാണു കണ്ടെത്തൽ.

അവിടെ വിൽപനയ്‌ക്കെത്തിച്ച മൃഗങ്ങളിൽ നിന്നാണ് രോഗം പകർന്നതെന്നു കരുതുന്നു. പനിയും ശ്വാസതടസ്സവുമാണു പ്രധാന രോഗലക്ഷണങ്ങൾ.

വൈറസ് ബാധയെപ്പറ്റി ചൈനയിലുള്ള യുഎസ് പൗരന്മാർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാൽ പുതിയ വൈറസിനെതിരെ ലോകമെങ്ങുമുള്ള ആശുപത്രികൾ ജാഗ്രത പുലർത്തണമെന്നു ലോകാരോഗ്യ സംഘടന നിർദേശിച്ചതായി എമേർജിങ് ഡിസീസ് വിഭാഗത്തിന്റെ ചുമതലയുള്ള മരിയ വാൻ കെർഖോവ് പറഞ്ഞു.