play-sharp-fill
മദ്യം കിട്ടിയില്ല, യുവാവ് ആത്മഹത്യ ചെയ്തു ; കൊറോണക്കാലത്തെ തൃശൂരിലെ മൂന്നാമത്തെ മരണം

മദ്യം കിട്ടിയില്ല, യുവാവ് ആത്മഹത്യ ചെയ്തു ; കൊറോണക്കാലത്തെ തൃശൂരിലെ മൂന്നാമത്തെ മരണം

സ്വന്തം ലേഖകൻ

തൃശൂർ: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ബാറുകളും കള്ള് ഷാപ്പുകളും ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെയുള്ളവ അടച്ചിട്ട് ഏഴ് ദിവസങ്ങൾ പിന്നിടുകയാണ്. ഇതോടെ മദ്യം കിട്ടാതെ കെട്ടിട നിർമ്മാണ്ണ തൊഴിലാളിയായ യുവാവ് ആത്മഹത്യ ചെയ്തു. തൃശൂർ വെങ്ങിണിശേരി സ്വദേശി ഷൈബു(47)വിനെയാണ് തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുകടവ് ബണ്ട് ചാലിൽ ഇദ്ദേഹത്തെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


മദ്യാസക്തി മൂലം തൃശ്ശൂരിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന മദ്യം കിട്ടാതെയുള്ള ആറാമത്തെ ആത്മഹത്യയാണിത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മദ്യം കിട്ടാതിരുന്ന ഷൈബു രണ്ടു ദിവസമായി മാനസിക സമ്മർദം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് പോയ ഷൈബു പിന്നീട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഷൈബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്ഥിരമായി മദ്യപിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

1. അസ്വസ്ഥത, ക്ഷോഭം, വിഭ്രാന്തി, വിശപ്പില്ലായ്മ, അമിതമായ വിയർപ്പ്, മനംപിരട്ടൽ, ചർദ്ദി, ഉത്കണ്ഠ, സങ്കോചം, വിറയൽ,ശക്തമായ തലവേദന, അപസ്മാരം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം
തേടണം.

2. സ്ഥിരമായി മദ്യപിക്കുന്നവർ മദ്യപാനം നിർത്തി ഏതാനും ദിവസങ്ങൾക്കകം ഈ ലക്ഷണങ്ങൾ ഉണ്ടായാൽ ആൾക്കഹോൾ വിഡ്രോവൽ സിൻഡ്രോം ആകാൻ സാധ്യതയുണ്ട്.

3. ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടായാൽ ഉടൻ തന്നെ ആശുപത്രിയിൽ പോകണം. പനിയോ ജലദോഷമോ അങ്ങനെ എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ അത് ഉറപ്പായും അറിയിക്കണം.

ആൽക്കഹോൾ വിത്‌ഡ്രോവൽ സിൻഡ്രോം ചികിത്സകൊണ്ട് സുഖപ്പെടും. പക്ഷേ ചികിത്സിക്കാതിരുന്നാൽ ചിലപ്പോൾ ഡിലീരിയം ആകാൻ സാധ്യതയുണ്ട്. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കണം.

4.സാനിറ്റൈസറിൽ അടങ്ങിയിട്ടുള്ള ഐസോപ്രൊപ്പൈൽ ആൽക്കഹോൾ വിഷമാണ്. മദ്യത്തിന് പകരമായി ഇത്
ഉപയോഗിച്ചാൽ മരണം വരെ സംഭവിക്കാം. അതിനാൽ ലഹരിക്കായി മറ്റേതെങ്കിലും രീതി ഒരിക്കലും തെരഞ്ഞെടുക്കരുത്.
ഈ അവസ്ഥയിൽ മറ്റൊരു അപകടം കൂടി ക്ഷണിച്ചു വരുത്തുന്നതാകും അത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll Free Helpline Number : 1056, 04712552056)