എയര്‍ ഇന്ത്യാ ജീവനക്കാരന് കൊറോണ വൈറസ് ബാധ : ഡല്‍ഹി എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു

എയര്‍ ഇന്ത്യാ ജീവനക്കാരന് കൊറോണ വൈറസ് ബാധ : ഡല്‍ഹി എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു.

ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചൊവ്വാഴ്ച മുതല്‍ രണ്ട് ദിവസത്തേക്കാണ് ഓഫീസ് അടച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബുദ്ധ പൂര്‍ണിമ ദിനം അവധിദിവസം ആയിരുന്നു. എന്നാല്‍ ഈ ദിവസം ഈ ജീവനക്കാരന്‍ ഓഫീസില്‍ എത്തുകയുും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ചയാണ് ഈ ജീവനക്കാരന്റെ കോവിഡ് പരിശോധനാഫലം ലഭിച്ചത്. ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കോവിഡ് മാര്‍ഗ നിര്‍ദേശപ്രകാരം ഓഫീസില്‍ അനുനശീകരണം നടത്തുകയും ചെയ്തിരുന്നു.

എങ്കിലും വ്യാഴാഴ്ച ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം രാജ്യത്ത് രോഗബാധിതരുടെ എണ്ണം 70,756 ആയി. ഇതുവരെ രോഗം സുഖപ്പെട്ടവര്‍ 22,455 ആണ്. കൂടാതെ, 2,293 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

കോവിഡ് പ്രതിരോധത്തിനായി മൂന്നു ഘട്ട ലോക്‌ ഡൗണ്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഈ അവസരത്തില്‍ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയുണര്‍ത്തുന്നു. അതേസമയം, രോഗം സുഖപ്പെടുന്നവരുടെ നിരക്ക് 31.73% ആണെന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.

രാജ്യത്ത് മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് സ്ഥിതി ഏറെ ആശങ്കാജനകമായി തുടരുന്നത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 36 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ ആകെ മരണം 868 ആയി.

തമിഴ്നാട്ടില്‍ ഇന്നലെ 798 പുതിയ കൊവിഡ് വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ മാത്രം 509 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒറ്റ ദിവസം ഇത്രയും പേര്‍ക്കു രോഗം സ്ഥിരീകരിക്കുന്നത് ആദ്യം. ഇന്നലെ 798 പേര്‍ക്കുകൂടി രോഗം കണ്ടെത്തിയതോടെ തമിഴ്‌നാട്ടിലെ മാത്രം വൈറസ് ബാധിതരുടെ എണ്ണം 8002 ആയി.