play-sharp-fill
കുടിശിക അടച്ചിട്ടും വാഹന എൻ.ഒ.സി. നൽകാത്തതിന് 27,000 രൂപ നഷ്ടപരിഹാരം നല്‍കാൻ വിധിച്ച് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമീഷൻ

കുടിശിക അടച്ചിട്ടും വാഹന എൻ.ഒ.സി. നൽകാത്തതിന് 27,000 രൂപ നഷ്ടപരിഹാരം നല്‍കാൻ വിധിച്ച് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമീഷൻ

കോട്ടയം: വാഹനത്തിന്റെ വായ്പാ കുടിശിക അടച്ചു തീർത്തിട്ടും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി.) നൽകാത്തതിനെ തുടർന്ന് എച്ച്‌.ഡി.ബി.ഫിനാൻഷ്യല്‍ സർവീസ് ലിമിറ്റഡ് ബാങ്ക് 27000 രൂപ നഷ്ടപരിഹാരം നല്‍കാൻ കോടതി വിധി. എൻ.ഒ.സി. നല്‍കാനും കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമീഷൻ വിധിച്ചു. പ്രസിഡന്റ് അഡ്വ. വി.എസ്. മനു ലാല്‍, അംഗങ്ങളായ അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങിയ ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ആണ് എറണാകുളം ചേലാട് സ്വദേശി കെ.ജെ ഫിലിപ്പ് നല്‍കിയ പരാതിയിൽ നടപടി എടുത്തത്.

വാഹനത്തിന്റെ വായ്പാ കുടിശിക മുഴുവൻ അടച്ചു തീർത്ത് എൻ.ഒ.സിക്കായി കോട്ടയം കഞ്ഞിക്കുഴിയിലെ എച്ച്‌.ഡി.ബി ഫിനാൻഷ്യല്‍ സർവീസ് ലിമിറ്റഡ് ബാങ്കിനെ സമീപിച്ചപ്പോള്‍ വായ്പയുടെ ജാമ്യക്കാരന് മറ്റൊരു ലോണ്‍ കുടിശിക ഉള്ളതിനാല്‍ എൻ.ഒ.സി. നല്‍കാൻ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചതോടെയാണ് ഫിലിപ്പ് ഉപഭോക്തൃ തർക്കപരിഹാര കമീഷനെ

സമീപിച്ചത്. ജാമ്യക്കാരന് തിരിച്ചടവ് മുടങ്ങിയ മറ്റൊരു വായ്പയുണ്ടെന്നും അതിനാല്‍ പരാതിക്കാരന്‍റെ അക്കൗണ്ടില്‍ അവർക്ക് ബാധ്യതയുണ്ടെന്നുമായിരുന്നു ബാങ്കിന്റെ വാദം. രണ്ട് വായ്പകളും വ്യത്യസ്ത ഇടപാടുകളായതിനാലും പരാതിക്കാരൻ രണ്ടാം വായ്പയില്‍ കക്ഷിയല്ലാത്തതിനാലും രണ്ടാം വായ്പയുടെ വീഴ്ചക്ക് പരാതിക്കാരനെ ബാധ്യസ്ഥനാക്കാനാകില്ലെന്ന് കോടതി കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരന് എൻ.ഒ.സി നിഷേധിക്കുന്നതിനുള്ള കാരണമായി ഇത് കണക്കാക്കാനാവില്ലെന്നും എൻ.ഒ.സി നല്‍കുന്നത് വൈകിപ്പിച്ചതിലൂടെ സേവനത്തില്‍ കുറവുണ്ടായതായും കോടതി കണ്ടെത്തി. വാണിജ്യ ആവശ്യത്തിനാണ് പരാതിക്കാരൻ ലോണ്‍ നേടിയതെന്നും അതിനാല്‍ 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച്‌ പരാതിക്കാരൻ ഉപഭോക്താവല്ലെന്നും ബാങ്ക് ആരോപിച്ചു. ആരോപണം സാധൂകരിക്കുന്ന തെളിവുകള്‍ നല്‍കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടു. ഒരു വാണിജ്യ വാഹനം വാങ്ങുന്നത് കൊണ്ട് പരാതിക്കാരൻ ഒരു ഉപഭോക്താവല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

പരാതിക്കാരന് ബന്ധമില്ലാത്ത മറ്റൊരു വായ്പയില്‍ ജാമ്യക്കാരന് കുടിശിക ഉണ്ടെന്നതിന്റെ പേരില്‍ പരാതിക്കാരന്റെ എൻ.ഒ.സി. തടഞ്ഞുവെക്കാൻ ബാങ്കിന് അധികാരമില്ലെന്ന് കോടതി കണ്ടെത്തി. അനാവശ്യമായി പരാതിക്കാരനെ ബുദ്ധിമുട്ടിച്ചതില്‍ പരാതിക്കാരനുണ്ടായ കഷ്ടനഷ്ടങ്ങളും മാനസിക വിഷമവും കണക്കിലെടുത്ത് എൻ.ഒ.സി. നല്‍കാനും 25,000 രൂപ നഷ്ടപരിഹാരമായും 2,000 രൂപ കേസിന്റെ ചെലവായി നല്‍കാനും വിധിച്ചു.