ഡൽഹി മടുത്തു; ഇനി കേരളത്തിലെ ജനങ്ങളെ സേവിക്കണം; എംപി പണി വേണ്ടെന്ന് വെച്ച് മന്ത്രി പണി സ്വീകരിക്കാനായി കേരളത്തിലേക്ക് വരുന്നത് എഴ് കോൺഗ്രസ് നേതാക്കൾ
സ്വന്തം ലേഖിക
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രമല്ല പിന്നാലെ വരുന്ന 2025ലെ തദ്ദേശ തെരഞ്ഞെടുപ്പും, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പും ഉള്‍പ്പടെ മുന്നില്‍ കണ്ടാണ് രാഷ്ട്രീയപാർട്ടികൾ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.
തെരഞ്ഞെടുപ്പാകുമ്പോള്‍ വോട്ട് ചോദിച്ച് ജനങ്ങള്‍ക്ക് മുന്നിലെത്തുന്നതിന് പകരം ഇപ്പോള്‍ തന്നെ വോട്ടര്‍മാരുമായി നേരിട്ട് ബന്ധം പുലര്‍ത്തി അവരുടെ മനസ് മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് താഴെ തട്ടില്‍ നേതാക്കള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് ലക്ഷ്യമിട്ടാണ് സിപിഐഎമ്മും ബിജെപിയും അടക്കം ഗൃഹസന്ദര്‍ശന പരിപാടികള്‍ ആരംഭിച്ചിരിക്കുന്നത്.
രാജ്യത്തെ പിന്നാക്ക വിഭാഗക്കാരുടെ (ഒബിസി) ക്ഷേമത്തിനായി മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് ഗ്രാമങ്ങളും വീടുകളും സന്ദര്‍ശിച്ച് വോട്ട് പിടിക്കാനുള്ള പദ്ധതികള്‍ ബിജെപി ആസൂത്രണം ചെയ്യുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസാകട്ടെ എവിടെനിന്ന് തുടങ്ങണമെന്ന് അറിയാത്ത അവസ്ഥയിലും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ സ്ഥിതി ഇപ്പോള്‍ പ്രവചനാതീതമാണ്. 2019-ലെ സാഹചര്യമല്ല സംസ്ഥാനത്തുളളത്. ഭരണത്തുടര്‍ച്ചയില്‍ നില്‍ക്കുന്ന ഇടതുപക്ഷത്തിന് ലോക്‌സഭയില്‍ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. കേവലം ഒരാള്‍ മാത്രമാണ് സി.പി.എമ്മിന് കേരളത്തില്‍ നിന്ന് ലോക്‌സഭയിലുളളത്.
ജയം മാത്രം ലക്ഷ്യമിട്ട് സീറ്റ് നിര്‍ണയത്തിലടക്കം ഇടതുപാര്‍ട്ടികള്‍ കൂടുതല്‍ ജാഗ്രത കാണിക്കും. ഇതിനു പുറമെ വോട്ട് ഷെയര്‍ ഉയര്‍ത്താന്‍ ബി.ജെ.പിയും ശ്രമിക്കുമെന്നതിനാല്‍ കോണ്‍ഗ്രസിന് ഇത്തവണ കാര്യങ്ങള്‍ എളുപ്പാമാകില്ല.
കാസര്‍കോട്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വയനാട്- രാഹുല്‍ ഗാന്ധി, പാലക്കാട്- വി.കെ. ശ്രീകണ്ഠന്‍, ആലത്തൂര്‍- രമ്യ ഹരിദാസ്, ചാലക്കുടി- ബെന്നി ബെഹ്നാന്‍, എറണാകുളം- ഹൈബി ഈഡന്‍, ഇടുക്കി- ഡീന്‍ കുര്യാക്കോസ്, മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് വീണ്ടും മത്സരിക്കുമെന്ന് ഉറപ്പുളളവര്‍. എന്നാല്‍, ഈ സീറ്റുകള്‍ പൂര്‍ണമായും നിലനിര്‍ത്തുക ദുഷ്‌കരമായിരിക്കും.
സിറ്റിങ് എം.പിമാരില്‍ ഏഴ് പേര്‍ ഇത്തവണ ഡല്‍ഹിയിലേക്ക് ഇല്ലെന്ന നിലപാടിലാണ്. കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വം ഉളളതിനാല്‍ കെ. സുധാകരന്‍ മത്സരിക്കില്ല. അനാരോഗ്യവും അദ്ദേഹത്തിന് പ്രശ്‌നമാണ്. പാര്‍ട്ടി പറഞ്ഞാല്‍ എന്തിനും തയ്യാറെന്ന് പ്രഖ്യാപിച്ച കെ. മുരളീധരന് ലോക്‌സഭയിലേക്ക് പോകുന്നതില്‍ ഇരു മനസാണ്. വടകര വിട്ട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹം. സീറ്റ് ലീഗിന് വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പില്ല. അല്ലെങ്കില്‍ മുല്ലപ്പളളി രാമചന്ദ്രന്‍ വീണ്ടും വടകരയില്‍ മത്സരിക്കട്ടെ എന്നും കെ. മുരളീധരന്‍ നിലപാട് സ്വീകരിക്കുന്നു.
വട്ടിയൂര്‍ക്കാവോ അല്ലെങ്കില്‍ കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും സീറ്റാണ് മുരളീധരന്റെ നോട്ടം. കോഴിക്കോട് വിട്ടൊരു കളിയില്ലെന്ന് ആവര്‍ത്തിക്കുന്ന എം.കെ. രാഘവനും സംസ്ഥാനത്ത് സജീവമാകും. നഗരമധ്യത്തിലെ നിയമസഭ മണ്ഡലം തന്നെയാണ് ലക്ഷ്യം. എം.പിയെന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയ ടി എന്‍ പ്രതാപനും ഡല്‍ഹി മടുത്ത മട്ടാണ്. ഇന്ദ്രപ്രസ്ഥത്തോടുളള ഇഷ്ടം നിലനിര്‍ത്തി കൊണ്ട് തന്നെ ഇനി ലോക്‌സഭയിലേക്ക് ഇല്ലെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞുകഴിഞ്ഞു.
2009 മുതല്‍ ലോക്‌സഭാംഗമായ ആന്റോ ആന്റണിയും പുനരാലോചനയിലാണ്. തട്ടകം കേരളമാക്കാനുളള ഒരുക്കത്തിലാണ് അദ്ദേഹം.
ഇടതുകോട്ടയായ ആറ്റിങ്ങലില്‍ എ. സമ്പത്തിനെ അട്ടിമറിച്ചെത്തിയ അടൂര്‍ പ്രകാശ് കോന്നിയിലേക്ക് മടങ്ങാനൊരുങ്ങുകയാണ്. സംസ്ഥാനത്ത് സജീവമായി കോന്നി തിരിച്ചുപിടിക്കാമെന്നാണ് അദ്ദേഹത്തിന്റെ കണക്കൂകൂട്ടല്‍.
മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കരുക്കള്‍ നീക്കുന്ന ശശി തരൂരും ലോക്‌സഭാ സ്വപ്നം ഉപേക്ഷിച്ചു. എന്‍.എസ്‌എസിന്റേയും ക്രൈസ്തവ സഭകളുടേയും പിന്തുണ ഉണ്ടെന്ന് അവകാശപ്പെടുന്ന അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചേക്കും. തത്വത്തില്‍ ആകെയുളള 15 സിറ്റിങ് എം.പിമാരില്‍ എട്ട് പേര്‍ മാത്രമാകും മത്സരരംഗത്തുണ്ടാവുക.
2019-ല്‍ കേന്ദ്രത്തില്‍ അധികാര മാറ്റം പ്രതീക്ഷിച്ചാണ് പലരും ലോക്‌സഭയിലേക്ക് മത്സരിച്ചത്. രാഹുല്‍ ഗാന്ധി കൂടി വയനാട്ടില്‍ കളത്തിലിറങ്ങിയതോടെ 15 സീറ്റ് നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ഇക്കുറി അത്തരമൊരു കുതിപ്പിന് സാധ്യത ഇല്ലെന്നാണ് സിറ്റിങ് എം.പിമാരുടെ വിലയിരുത്തല്‍. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ഭരണം ലഭിക്കാനുളള സാധ്യത വിരളമെന്നതും ഇവരുടെ മനംമാറ്റത്തിന് പിന്നിലുണ്ട്. എം.പി. ഫണ്ട് വിനിയോഗം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും നേതാക്കളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.
കേരളത്തില്‍ അലയടിച്ച തരൂരിസമാണ് മറ്റൊരു ഘടകം. യുവനേതാക്കള്‍ ഉള്‍പ്പെടെ ശശി തരൂരിന്റെ ഒപ്പമാണ്. അതുകൊണ്ട് തന്നെ വരുന്ന തെരഞ്ഞെടുപ്പില്‍ ആ കൂട്ടായ്മ കാണാന്‍ സാധിക്കുമെന്നതാണ് കേരളത്തിലെ രണ്ടക്കത്തില്‍ വിശ്വസിക്കുന്ന നേതാക്കള്‍ കരുതുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയാകാനുള്ള യോഗ്യത അദ്ദേഹത്തിനുണ്ടെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരനെ നായര്‍ പറഞ്ഞത് കൂടി ആയപ്പോഴേക്കും സാധാരണ ജനങ്ങള്‍ക്ക് തരൂരിനുള്ള സ്വാധീനം കൂടി കൂടിക്കഴിഞ്ഞു.