
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയില്‍ മരക്കൊമ്പ് ഒടിഞ്ഞു വീണ് മധ്യവയസ്കന് ദാരുണാന്ത്യം.
റോഡരികില്‍ നിന്ന് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കൂറ്റൻ മാവിന്റെ ശിഖരം ഒടിഞ്ഞ് മധ്യവയസ്കന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
നെടുമങ്ങാട് തെക്കുകര പറണ്ടോട് ദേവീ ക്ഷേത്രത്തിനു സമീപം സ്വാതിയില്‍ ബി.സുനില്‍ ശർമ (55) ആണ് മരിച്ചത്.
ബസ് കണ്ടക്ടറായ സുനില്‍ കരകുളം കാച്ചാണി മോനി എൻക്ലേവില്‍ ആണ് താമസിക്കുന്നത്.
ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു അപകടമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാച്ചാണി ജംക്ഷനില്‍ നിന്ന് ഹൈസ്കൂളിലേക്ക് പോകുന്ന റോഡിന്റെ വശത്ത് നിന്നിരുന്ന മാവിന്റെ ശിഖരമാണ് ഒടിഞ്ഞ് വീണത്. വർഷങ്ങള്‍ പഴക്കമുള്ള കൂറ്റൻ മാവിന്റെ ശിഖരമാണ് ഒടിഞ്ഞു വീണത്. പരിക്കേറ്റ സുനില്‍ ശർമയെ ഉടൻ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റോഡിലൂടെ പോയ ഒരു കാറിന്റെ മുകളിലേക്കും കൊമ്പ് വീണെങ്കിലും യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടു. കുടപ്പനകുന്ന് സ്വദേശി മിഥുനും ഭാര്യയും സഞ്ചരിച്ച കാറിന്റെ മുകളിലേക്കാണ് മരം വീണത്. അപകടത്തില്‍ കാറിന്റെ മുൻവശം തകർന്നു. ഫയർഫോഴ്സ് സംഘമെത്തി മരം മുറിച്ചുനീക്കി.
അപകടത്തിന് പിന്നാലെ ഒരു മണിക്കൂറോളം ഈ ഭാഗത്തു ഗതാഗത തടസ്സവുമുണ്ടായി. സുനിലിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: നിഷ. മകള്‍: രേവതി







