കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കും; ജംബോ കമ്മറ്റികൾ ഉണ്ടാകില്ല; ഗ്രൂപ്പുകളെ അപ്രസക്തമാക്കും; അടിമുടി അഴിച്ചുപണിക്ക് തയ്യാറെടുത്ത് സുധാകരൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഗ്രൂപ്പുകളെ ഒതുക്കി അടിമുടി അഴിച്ച് പണിക്ക് സുധാകരൻ. കോണ്‍ഗ്രസിന്റെ പുനര്‍ജീവനമാണ് ഇനി ലക്ഷ്യം. പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം കൊടുക്കാന്‍ ഒരുപാടു മാര്‍ഗങ്ങളുണ്ട്. വിശ്വാസമുള്ള നേതൃത്വം വന്നാല്‍ അണികള്‍ ഇറങ്ങും. കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യമാണ് മുന്നണിയുടെയും ദൗര്‍ബല്യം.

മുന്നണി വിട്ടുപോയ കക്ഷികളെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കും. 6 മാസംകൊണ്ട് ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലി മാറ്റും-പറയുന്നത് കെപിസിസി പ്രസിഡന്റെ കെ സുധാകരനാണ്.

കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടിയായി മാറ്റുന്നതിനുള്ള ശ്രമമാകും സുധാകരന്‍ നടത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രൂപ്പിസത്തെ ഇല്ലാതാക്കി എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ശൈലി.

ഏതായാലും ഇനി ജംബോ കമ്മറ്റികള്‍ ഉണ്ടാകില്ല. ഡിസിസി അടക്കം പുനഃസംഘടിപ്പിക്കും. ജനകീയ മുഖങ്ങളെ പാര്‍ട്ടി നയിക്കേണ്ട ചുമതലയില്‍ നിയോഗിക്കും. ഇതിനൊപ്പം രമേശ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും കൂടെ നിര്‍ത്തിയാകും തീരുമാനം എടുക്കുക.

കണ്ണൂരില്‍ കോണ്‍ഗ്രസിനെ പിടിച്ചു നിര്‍ത്തിയ അതേ ശൈലിയാകും തുടരുക.

സിപിഎമ്മിനോടു മത്സരിച്ചാണു ഞാന്‍ കണ്ണൂരിലെ കോണ്‍ഗ്രസിനെ കെട്ടിപ്പടുത്തത്. കണ്ണൂരില്‍ അവരോടു പിടിച്ചുനില്‍ക്കാമെങ്കില്‍ കേരളത്തിലെങ്ങും സാധിക്കും. ദേശീയതലത്തില്‍ ബിജെപിയാണു മുഖ്യ ശത്രുവെങ്കില്‍, കേരളത്തില്‍ സിപിഎമ്മാണ്. പിന്നെ ശൈലിയുടെ കാര്യം. സ്ഥലത്തിനും സൗകര്യത്തിനും സാഹചര്യത്തിനും അനുസരിച്ചു ശൈലി മാറ്റുമെന്നും സുധാകരന്‍ പറയുന്നു. അങ്ങനെ ഇന്ദിരാ ഭവന് വഴങ്ങുന്ന ഭരണനിര്‍വ്വഹണ ശൈലിയാകും ഇനി സുധാകരന്‍ സ്വീകരിക്കുക.

കോണ്‍ഗ്രസില്‍ സമഗ്രമായ മാറ്റമാണ് സുധാകരന്റെ മനസ്സില്‍. സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എഐസിസിയുമായി ചര്‍ച്ച ചെയ്യും. 1992ല്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയതിന്റെ സൃഷ്ടിയാണു കെ. സുധാകരന്‍. സമഗ്രമായ സംഘടനാ തിരഞ്ഞെടുപ്പ് സാധ്യമല്ലെങ്കില്‍, പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി വാര്‍ഡ്, മണ്ഡലം കമ്മിറ്റികള്‍ ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കും. പുതിയ കെപിസിസി, ഡിസിസി ഭാരവാഹികളെ കണ്ടെത്താന്‍ സമിതിയെ നിശ്ചയിക്കും. മറ്റു നേതാക്കളുടെ അഭിപ്രായവും മാനിക്കും. വ്യക്തിപരമായ ഇടപെടല്‍ അനുവദിക്കില്ല. ഇനി ജംബോ കമ്മിറ്റികളില്ല. ഇപ്പോഴുള്ളവ ഉടച്ചുവാര്‍ക്കും-ഇതാണ് ആക്ഷന്‍ പ്ലാനെന്ന് സുധാകരൻ പറയുന്നു