play-sharp-fill
എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച പെട്രോൾ പമ്പ് അപേക്ഷയിൽ ദുരൂഹത; പമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയുടെ ഭർത്താവിന്റേതെന്ന് ബിജെപി; പമ്പിൻ്റെ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പരാതി നൽകി

എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച പെട്രോൾ പമ്പ് അപേക്ഷയിൽ ദുരൂഹത; പമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയുടെ ഭർത്താവിന്റേതെന്ന് ബിജെപി; പമ്പിൻ്റെ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പരാതി നൽകി

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിലേക്ക് നയിച്ച പെട്രോൾ പമ്പ് അപേക്ഷയിൽ ദുരൂഹതയേറുന്നു. ഇ-മെയിൽ വഴി അയച്ചതായി പറയുന്ന കൈക്കൂലി പരാതിയിൽ ഒട്ടേറെ അവ്യക്തതകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

വിവാദം കത്തി നിൽക്കെ പമ്പ് ജില്ലാ പ്രസിഡൻ്റ് പിപി ദിവ്യയുടെ ഭർത്താവിന്റേതാണെന്ന ആരോപണവുമായി ബിജെപി രം​ഗത്തെത്തി. പമ്പ് നിയമപരമായി അനുമതി നൽകാൻ കഴിയാത്ത സ്ഥലത്താണെന്നും ആരോപണം ഉയരുന്നുണ്ട്.

അതേസമയം, പമ്പിൻ്റെ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പരാതി നൽകിയിരിക്കുകയാണ് ബിജെപി. എഡിഎം നവീൻ ബാബുവിന് എതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ ഏറെ അവ്യക്തതകൾ ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരനായ ടിവി പ്രശാന്തൻ പെട്രോൾ പമ്പ് തുടങ്ങാൻ കണ്ടെത്തിയ ഭൂമി ശ്രീകണ്ഠപുരം തളിപ്പറമ്പ് പാതയോരത്താണ്. ഈ ഭൂമിക്ക് ചെരിവുണ്ടെന്നും അപകട മേഖലയാണെന്നും ചൂണ്ടിക്കാട്ടിയാണ് എഡിഎം എൻഒസി നൽകാതിരുന്നതെന്ന് പ്രശാന്തൻ പറയുന്നു.

ഇവിടെ പമ്പ് നി‍മിക്കുന്നതിന് പ്രധാന തടസ്സമായി പറഞ്ഞത് റോ‍ഡിന് ചെറിയ വളവുണ്ടെന്നാണ്. അതുകൊണ്ട് ഇവിടെ പമ്പ് നിർമിക്കുന്നത് അപകടങ്ങൾക്ക് കാരണമാവുമെന്ന് എഡിഎം പറഞ്ഞിരുന്നു. മൂന്നു മാസങ്ങൾക്ക് മുമ്പ് എഡിഎം സ്ഥലം സന്ദർശിച്ചിരുന്നുവെങ്കിലും അനുമതി നീണ്ടുപോയ ഘട്ടത്തിലാണ് പ്രശാന്ത് വീണ്ടും എഡിഎമ്മിനെ കാണുന്നത്.

ഒടുവിൽ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയ സമയത്ത് കൈക്കൂലി വാങ്ങിയെന്നാണ് പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് മൊഴിയെടുത്തു നടപടികൾ തുടങ്ങി വരികയാണ്. പരിയാരം മെഡിക്കൽ കോളേജിൽ താൽക്കാലിക ഇലക്ട്രീഷ്യനായി ജോലിചെയ്തു വരുന്ന പ്രശാന്തൻ സ്വയം സംരംഭം വേണമെന്ന തോന്നലിലാണ് പമ്പിനായി ശ്രമിച്ചതെന്നാണ് പറയുന്നത്.

സിപിഎമ്മിന്റെ സംസ്ഥാന സമിതി അം​ഗങ്ങൾ പ്രശാന്തൻ്റെ അടുത്ത ബന്ധുക്കളാണ്. കൂടാതെ പ്രാദേശിക നേതാക്കളടക്കം ബന്ധമുണ്ട്. എന്നാൽ, ഒരിക്കൽ പോലും തൻ്റെ പാർട്ടി ബന്ധം ഇതിനായി ഉപയോ​ഗിച്ചിട്ടില്ല. ആകെ പരാതി പറഞ്ഞത് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയോടാണ്. സിപിഐയുടെ ജില്ലാ സെക്രട്ടറിയോടും പറഞ്ഞിരുന്നു.

ഇവരെല്ലാം ആവശ്യപ്പെട്ടിട്ടും അകാരണമായി തൻ്റെ പദ്ധതി നീട്ടിക്കൊണ്ടുപോയെന്നും പ്രശാന്തൻ പരാതിയിൽ പറയുന്നു. എഡിഎമ്മിൻ്റെ മരണം ദുരന്തമായി മാറിയ സാഹചര്യത്തിൽ പരാതിയുടേയും ആരോപണത്തിൻ്റേയും യാഥാർത്ഥ്യം പുറത്തുവരേണ്ടതുണ്ട്.