റൺവെ നവീകരണം ബുധനാഴ്ച മുതൽ ; പകൽ വിമാന സർവീസുകളുണ്ടാവില്ല

റൺവെ നവീകരണം ബുധനാഴ്ച മുതൽ ; പകൽ വിമാന സർവീസുകളുണ്ടാവില്ല

 

സ്വന്തം ലേഖിക

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ റൺവെ നവീകരണ പദ്ധതി ബുധനാഴ്ച തുടക്കമാകും. 2020 മാർച്ച് 28 വരെ ഇനി പകൽ സമയം വിമാനസർവീസുകൾ ഉണ്ടാകില്ല.

എല്ലാ ദിവസവും രാവിലെ പത്തിന് വിമാനത്താവള റൺവെ അടയ്ക്കും വൈകീട്ട് ആറിന് തുറക്കും. മിക്ക സർവീസുകളും വൈകീട്ട് ആറ് മുതൽ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുന:ക്രമീകരിച്ചിട്ടുള്ളതിനാൽ 5 വിമാന സർവീസുകൾ മാത്രമാണ് റദ്ദുചെയ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റൺവെ റീ-സർഫസിങ് പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരുവർഷം മുമ്പുതന്നെ കൊച്ചി ഇന്റർനാഷണൽ എയർപോർട്
ലിമിറ്റഡ്(സിയാൽ) ആസൂത്രണം തുടങ്ങിയിരുന്നു.

വിമാനക്കമ്പനികൾ പൂർണ സഹകരണം ഉറപ്പാക്കിയതോടെ വ്യാപകമായ സർവീസ് റദ്ദാക്കലുകൾ ഒഴിവാക്കാനായി. സ്‌പൈസ് ജെറ്റിന്റെ മാലദ്വീപ് സർവീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തിൽ റദ്ദാക്കിയത്. വിവിധ എയർലൈനുകളുടെ അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, മൈസൂർ എന്നിവിടങ്ങളിലേയ്ക്കുള്ള ഓരോ സർവീസുകളും റദ്ദാക്കപ്പെട്ടു.

അതേസമയം, ഒക്ടോബർ അവസാനവാരം നടപ്പിലായിത്തുടങ്ങിയ ശീതകാല സമയപ്പട്ടികയിൽ നിരവധി സർവീസുകൾ കൂട്ടിച്ചേർക്കപ്പെട്ടിട്ടുമുണ്ട്.

നെടുമ്പാശേരി വിമാനത്താവളം പ്രതിദിനം 30,000 യാത്രക്കാരേയും 240 സർവീസുകളേയും കൈകാര്യം ചെയ്യുന്നു. 24 മണിക്കൂർ പ്രവർത്തന സമയം ബുധനാഴ്ചമുതൽ 16 മണിക്കൂർ ആയി ചുരുങ്ങുകയാണ്. രാവിലേയും വൈകിട്ടും തിരക്കു പ്രതീക്ഷിക്കുന്നുണ്ട്. ഇത് പരിഗണിച്ച് ചെക്ക്-ഇൻ സമയം വർധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാർക്ക് ഇനി മൂന്നു മണിക്കൂർ മുമ്പു തന്നെ ചെക്ക്-ഇൻ നടത്താം.

രാജ്യാന്തര യാത്രക്കാർക്ക് നാല് മണിക്കൂർ മുമ്പും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. യാത്രക്കാർക്ക് പരമാവധി സേവനം ഉറപ്പുവരുതുന്നതിന്റെ ഭാഗമായി കസ്റ്റംസ്, ഇമിഗ്രേഷൻ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികൾ, സിഐഎസ്എഫ് എന്നീ വിഭാഗങ്ങളുടെ സഹകരണം സിയാൽ ഉറപ്പാക്കിയിട്ടുണ്ട്.

100 സുരക്ഷാ ഭടൻമാരെ കൂടി സിഐഎസ്എഫ് അനുവദിച്ചിട്ടുണ്ട്. ഇതോടെ സിയാലിലെ സിഐഎസ്എഫ് അംഗബലം 950 ആയി ഉയർന്നു. വരുന്ന ആഴ്ചകളിൽ 400 പേർ കൂടി എത്തുമെന്നും സിഐഎസ്എഫ് അറിയിച്ചിട്ടുണ്ട്.

1999-ൽ പ്രവർത്തനം തുടങ്ങിയ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 2009-ൽ ആണ് ആദ്യ റൺവെ റീ-സർഫസിങ് നടത്തിയത്. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമാണ് റൺവെയ്ക്കുള്ളത്. വർഷങ്ങളുടെ ഉപയോഗത്തിൽ റൺവെയുടെ മിനുസം കൂടും. ഇത് വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിങ്ങിന് ഗുണകരമല്ല. വിമാനങ്ങൾ കൃത്യമായ സ്ഥലത്ത് ലാൻഡ് ചെയ്യണമെങ്കിൽ റൺവെയ്ക്ക് നിശ്ചത തോതിലുള്ള ഘർഷണം ഉണ്ടാകണം. റൺവെയുടെ പ്രതലം പരുക്കനായി നിലനിർത്തേണ്ടതുണ്ട്. ഇത് ഉറപ്പുവരുത്താനാണ് റീ-സർഫസിങ് നടത്തുന്നത്.

റൺവെ, ടാക്‌സി ലിങ്കുകൾ എന്നിവയുൾപ്പെടെ മൊത്തം 5 ലക്ഷം ചതുരശ്ര മീറ്റർഭാഗത്താണ് റീ-സർഫിങ് ജോലികൾ നടക്കുന്നത്. സമാന്തരമായി റൺവെയുടെ ലൈറ്റിങ് സംവിധാനം നിലവിലെ കാറ്റഗറി-1 വിഭാഗത്തിൽ നിന്ന് കാറ്റഗറി-3 വിഭാഗത്തിലേയ്ക്ക് ഉയർത്തുന്ന പ്രവർത്തനവും നടക്കും. ഇതോടെ റൺവെയുടെ മധ്യരേഖയിൽ നിലവിലുള്ളതിന്റെ ഇരട്ടിയിലേറെ ലൈറ്റുകൾ സ്ഥാപിക്കപ്പെടും. 150 കോടി രൂപയാണ് റൺവെ നവീകരണ പ്രവർത്തനങ്ങൾക്ക് ചെലവ്.

കാലാവസ്ഥ അനുകൂലമായ സമയം എന്ന നിലയ്ക്കാണ് നവംബർ-മാർച്ച് റൺവെ നവീകരണ പ്രവർത്തനത്തിന് സിയാൽ തിരഞ്ഞെടുത്തത്.

Tags :