മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു അഞ്ചു കോടി നൽകി ഗുരുവായൂർ ദേവസ്വം ബോർഡ്: ദേവസ്വം ബോർഡിനെതിരെ ഹൈന്ദവ സംഘടനകളും ബി ജെ പിയും; ഭക്തരുടെ കാണിക്ക വകമാറ്റി ഉപയോഗിക്കരുതെന്നു കെ.സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു അഞ്ചു കോടി നൽകി ഗുരുവായൂർ ദേവസ്വം ബോർഡ്: ദേവസ്വം ബോർഡിനെതിരെ ഹൈന്ദവ സംഘടനകളും ബി ജെ പിയും; ഭക്തരുടെ കാണിക്ക വകമാറ്റി ഉപയോഗിക്കരുതെന്നു കെ.സുരേന്ദ്രൻ

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംസ്ഥാനത്തെ വിവിധ സംഘടനകളും ട്രസ്റ്റുകളും ക്ഷേത്രങ്ങളും ആരാധനാലയങ്ങളും അടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന നൽകുകയാണ്. കൊറോണക്കാലത്തെ സഹായവുമായാണ് ഇത്തരത്തിൽ തുക നൽകുന്നത്. ഇതിനിടെ അഞ്ചു കോടി രൂപ ധനസഹായം നൽകി ഗുരുവായൂർ ദേവസ്വം ബോർഡും രംഗത്ത് എത്തി. സംസ്ഥാനത്തെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് ഗുരുവായൂർ ദേവസ്വം ബോർഡ്. ഇവർ സംഭാവന നൽകിയതിനെ എതിർത്താണ് ഇപ്പോൾ ഹൈന്ദവ സംഘടനകൾ രംഗത്ത് എത്തിയിരിക്കുന്നത്.

ഗുരുവായൂർ ദേവസ്വം സ്ഥിരം നിക്ഷേപത്തിൽ നിന്ന് 5 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് തെറ്റായ നടപടിയെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. വിളക്ക് കത്തിക്കാൻ ബുദ്ധിമുട്ടുന്ന ക്ഷേത്രങ്ങൾക്കായിരുന്നു ഈ തുക നൽകേണ്ടിയിരുന്നത്. മറ്റു മതസ്ഥാപനങ്ങളുടെ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തുകൊണ്ട് വാങ്ങുന്നില്ലെന്നും സുരേന്ദ്രൻ ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുവായൂർ ക്ഷേത്ര ഫണ്ട് വകമാറ്റാനുള്ള ദേവസ്വം ഭരണസമിതിയുടെ നീക്കം ഉപേക്ഷിക്കണമെന്നും, ഈശ്വരവിശ്വാസികൾ പ്രാർത്ഥനയോടെ സമർപ്പിക്കുന്ന പണം ഈശ്വര കാര്യത്തിനായല്ലാതെ വിനിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ആരോപിച്ച് മാർഗദർശകമണ്ഡലാണ് ഇപ്പോൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഇതിന് പിന്നാലെയാണ് കെ.സുരേന്ദ്രൻ്റെ പ്രതികരണം.

ക്ഷേത്ര ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കുന്നതിനു പുറമേ ഗുരുവായൂർ ക്ഷേത്രത്തിന്റെ സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുവാനുള്ള നീക്കം പ്രതിഷേധാർഹമാണ്. ഏതെങ്കിലുമൊരു പൊതുമേഖലാ സ്ഥാപനത്തിൽ നിന്നു പോലും ഈ വിധം പണമെടുക്കുവാനുള്ള അധികാരം സർക്കാരിനില്ല.

പൊതു സമൂഹം നൽകുന്ന പണമല്ല ക്ഷേത്രത്തിനു ലഭിക്കുന്നത്. ഹിന്ദു സമൂഹവും ഭക്തരും സമർപ്പിക്കുന്ന കാണിക്കപ്പണമാണത്. ഇത് പൊതു കാര്യത്തിനായി സർക്കാർ എടുക്കുക എന്നത് ന്യായീകരണമില്ലാത്തത് എന്നു മാത്രമല്ല ലജ്ജാകരം കൂടിയാണെന്നും ആരോപിച്ചു.

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഭക്തജനങ്ങളുടെ പ്രവേശനം നിഷേധിച്ചതുമൂലം ക്ഷേത്ര വരുമാനം നിലച്ചിരിക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിന്റെ നിത്യനിദാന ചിലവിനും ജീവനക്കാരുടെ ശമ്പളത്തിനും ആനക്കോട്ടയിലെയും ഗോശാലയിലെയും ആയി വരുന്ന ഭാരിച്ച ചിലവിനു പോലും നിലവിലെ കോടികളുടെ നിക്ഷേപം അപര്യാപ്തമാണ്.

ഗുരുവായൂർ ക്ഷേത്രം അഭിമുഖീകരിക്കുന്ന വൻ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കു വഴങ്ങി ഭക്തജനങ്ങളുടെ കാണിക്കപ്പണം സർക്കാരിനു നൽകാനുള്ള നീക്കം ക്ഷേത്രത്തിന്റെ ഭാവിയെ ആശങ്കയിലാക്കുമെന്ന് മാർഗ്ഗദർശക മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതിയും ധർമ്മാചാര്യ സഭ ജനറൽ കൺവീനർ നട്ടാശേരി രാജേഷ്‌കുമാറും പറഞ്ഞു.ഗുരുവായൂർ ദേവസ്വത്തിനു മിച്ച ഫണ്ടുണ്ടെങ്കിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇതര ക്ഷേത്രങ്ങൾക്ക് പരിഹാരം കാണുന്നതിനായി കൊടുക്കണമെന്നും ആവശ്യപ്പെട്ടു.