വരൂ… ചായമക്കാനിയിലേക്ക് ക്ലബ് ഹൗസില്‍ വൈറലാകുന്നു; രാഷ്ട്രീയവും മതവും ഇവിടെ ചര്‍ച്ചയ്ക്കില്ല; കേള്‍ക്കാന്‍ ഇമ്പമുള്ള പാട്ടുകളും നാട്ടുവര്‍ത്തമാനങ്ങളും മാത്രം; പ്രമുഖര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഒത്തുകൂടുന്ന ചായമക്കാനി
സ്വന്തം ലേഖകന്‍
കോട്ടയം: ഏറെ മോന്തിയായിട്ടുള്ളൊരു മധുരമിടാ ചായയില്‍ പങ്കു ചേരുവാന്‍ വന്നൊരു മധുരമുള്ള വേദനേ… സിത്താര കൃഷ്ണകുമാറിന്റെ ചായപ്പാട്ട് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഫീലാണ് ക്ലബ് ഹൗസിലെ ചായമക്കാനിയിലെത്തുമ്പോളും ലഭിക്കുക.
ക്ലബ് ഹൗസില്‍ രാവിലെ 6.30 മുതല്‍ പത്ത് മണിവരെയുള്ള വരൂ… ചായമക്കാനിയിലേക്ക് എന്ന കൂട്ടായ്മ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ വൈറലാകുന്നു. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും വിദ്വേഷത്തിന്റെ പാദരക്ഷകള്‍ വെളിയില്‍ അഴിച്ച് വച്ച് പാവനമായ ഈ ചായമക്കാനിയിലേക്ക് കടന്ന് വരുന്നവര്‍ ഏറെയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോളിവുഡ് ഗായകര്‍ മുതല്‍ വീട്ടമ്മമാര്‍ വരെ ഗാനങ്ങള്‍ ആലപിക്കുന്നു. എണ്‍പത്തിയൊന്ന് വയസ്സുള്ള അമ്മൂമ്മ വരെ പാട്ട് പാടാന്‍ മുന്നോട്ട് വരുന്നു. ഗസല്‍, കവിതാ പാരായണം തുടങ്ങി നാടന്‍പാട്ടുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. സമൂഹത്തിലെ ഉന്നതവ്യക്തികള്‍, രാഷ്ട്രീയം പറയാത്ത രാഷ്ട്രീയ നേതാവ്, ഗാനരചയിതാക്കള്‍, സംഗീത സംവിധായകര്‍ തുടങ്ങി സാധാരണക്കാര്‍ വരെ പങ്കെടുക്കുന്നു.
ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും ആളുകള്‍ ഈ കൂട്ടായ്മയില്‍ പങ്കെടുക്കുന്നുണ്ട്. വിദേശത്തും ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പങ്കെടുക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നതും സ്വന്തം നാട്ടിലെ ഓര്‍മ്മകള്‍ പുതുക്കുന്നതുമായ ഈ പരിപാടി കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ കൂടുതല്‍ ഫോളോവേഴ്‌സിനെ നേടി.
സാധാരണ ചായമക്കാനിയില്‍ സ്ത്രീകള്‍ പോകാറില്ലെങ്കിലും ഇവിടെ സ്ത്രീകളുടെ സാന്നിധ്യം ഏറെ സന്തോഷകരമാണ്. ചില ദിവസങ്ങളില്‍ ഈ റൂം നിയന്ത്രിക്കുന്നത് പോലും സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ഇടം കൂടിയാണ് വരൂ.. ചായമക്കാനിയിലേക്ക്.
പങ്കെടുക്കുന്ന എല്ലാവര്‍ക്കും പോസിറ്റീവ് എനര്‍ജി കൊടുക്കുന്ന ഒരു പ്രോഗ്രാമായി ഇത് മാറിയിട്ടുണ്ട്. ഒരുപറ്റം മനുഷ്യസ്‌നേഹികളാണ് റൂം രൂപീകരിച്ചത്. ഇമ്പമുള്ള ഈരടികള്‍ തേടുന്നവര്‍ക്ക് വരൂ.. ചായമക്കാനിയിലേക്ക് സധൈര്യം കയറിച്ചെല്ലാം.