
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധ പരിപാടികൾ ആഹ്വാനം ചെയ്ത് കോക്രോച്ച് ജനത പാർട്ടി. നാളെ പൂനെയിൽ നിന്ന് സമര പരമ്പരയ്ക്ക് തുടക്കമാകുമെന്ന് സംഘടന പ്രസ്താവനയിൽ അറിയിച്ചു. തുടർന്ന് ലക്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സിജെപി വ്യക്തമാക്കി.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച, സാങ്കേതിക തകരാറുകൾ, ഭരണപരമായ വീഴ്ചകൾ എന്നിവ മൂലം ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലായെന്നും ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കാണെന്നും സംഘടന ആരോപിച്ചു. മന്ത്രി രാജിവെക്കും വരെ സമാധാനപരമായ പ്രക്ഷോഭങ്ങൾ തുടരുമെന്നും വിദ്യാഭ്യാസ രംഗത്തെ ഗുരുതര വീഴ്ചകൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും സിജെപി ആവശ്യപ്പെട്ടു.
രാജ്യവ്യാപക പ്രതിഷേധങ്ങൾക്കുശേഷവും നടപടി ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. ജൂൺ 20 മുതൽ ഡൽഹിയിലെ ജന്തർ മന്ദറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കളെ അണിനിരത്തി അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്നും അറിയിച്ചു. വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും പങ്കാളികളാകണമെന്ന് സിജെപി അഭ്യർഥിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







