
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ നിറംമാറ്റവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അറിയിച്ചു. ടൂറിസ്റ്റ് ബസുകളിലെ നിർബന്ധിത വെള്ളനിറ വ്യവസ്ഥയിൽ മാറ്റം വരുത്താൻ സർക്കാർ നിയമഭേദഗതി നടത്തേണ്ടതുണ്ടെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ടിഎ) നേരത്തെ വ്യക്തമാക്കിയിരുന്നു. വാഹനങ്ങളുടെ നിറവും റോഡ് സുരക്ഷയും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നും എസ്ടിഎ ചൂണ്ടിക്കാട്ടിയിരുന്നു.
സ്വകാര്യ ബസുടമകൾ ഉന്നയിച്ച പരാതികളിലും മന്ത്രി പ്രതികരിച്ചു. ബസുടമകളുടെ യോഗത്തെക്കുറിച്ച് അറിയില്ലെന്നും അവരുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസുകളെ തകർക്കുക എന്നത് സർക്കാരിന്റെ അജണ്ടയല്ലെന്നും പൊതുഗതാഗത സംവിധാനത്തിന്റെ പ്രധാന ഘടകമാണ് സ്വകാര്യ ബസുകളെന്നും മന്ത്രി വ്യക്തമാക്കി. ഒരുതരത്തിലുള്ള വിവേചനവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ ബസുടമകളിൽ ചിലരുമായി ഇതിനകം ചർച്ച നടത്തിയിട്ടുണ്ടെന്നും തുടർന്നും ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. ബസ് സർവീസുകൾ കുറവുള്ള പ്രദേശങ്ങളിൽ ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കുമെന്നും ചില ജില്ലകളിൽ വാഹന രജിസ്ട്രേഷനിൽ ഉണ്ടായ കുറവ് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






