മാതമം​ഗലത്ത് മാത്രമല്ല; സിഐടിയു കൊടികുത്തി സമരം മാടായിയിലും; കട പൂട്ടേണ്ട ​ഗതികേടിലെന്ന് ഉടമ

മാതമം​ഗലത്ത് മാത്രമല്ല; സിഐടിയു കൊടികുത്തി സമരം മാടായിയിലും; കട പൂട്ടേണ്ട ​ഗതികേടിലെന്ന് ഉടമ

സ്വന്തം ലേഖിക

കണ്ണൂര്‍: കണ്ണൂരില്‍ മാതമം​ഗലത്ത് മാത്രമല്ല കച്ചവടം പൂട്ടിച്ചുള്ള സി ഐ ടി യു സമരം.

കണ്ണൂര്‍ മാടായിയിലും സ്ഥാപനത്തിന് മുന്നില്‍ സിഐടിയു സമരം നടത്തുകയാണ്. ശ്രീ പോര്‍ക്കലി എന്ന സ്റ്റീല്‍ കടയ്ക്ക് മുന്നിലാണ് സി ഐ ടി യു കൊടി കുത്തിയത്. സമരം കാരണം മൂന്നാഴ്ചയായി കച്ചവടം നടന്നിട്ടില്ലെന്ന് ഉടമ ടി വി മോഹന്‍ ലാല്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാപനത്തിലെ ജോലിക്കാരെ ചുമടിറക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് സിഐടിയു കൊടികുത്തി സമരം തുടങ്ങിയത്. അറുപത് ലക്ഷം രൂപയുടെ സാധനങ്ങളാണ് കെട്ടിക്കിടക്കുന്നതെന്ന് ഉടമ പറയുന്നു. സമരം തുടര്‍ന്നാല്‍ കട പൂട്ടേണ്ട അവസ്ഥയാണെന്നും ടിവി മോഹന്‍ ലാല്‍ പറയുന്നു.

കണ്ണൂര്‍ മാതമം​ഗലത്തെ സിഐടിയു സമരത്തെ തുടര്‍ന്ന് ഹാര്‍ഡ്‍വെയര്‍ സ്ഥാപനം പൂട്ടിയിരുന്നു. സാധനം വാ​ങ്ങാനെത്തുന്നവരെ വഴിയിലിട്ട് തല്ലുമെന്നായിരുന്നു സി ഐ ടി യു ഭീഷണി.
സിഐടിയു ചുമട്ടു തൊഴിലാളികളുടെ സമരം കാരണം എസ്‌ആര്‍ അസോസിയേറ്റ്സ് എന്ന ഹാര്‍ഡ്‍വെയര്‍ കട പൂട്ടേണ്ടി വന്നു.

സാധനം വാങ്ങാനെത്തുന്നവരെ സമരക്കാര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും സംരംഭം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണെന്നുമായിരുന്നു ഉടമയുടെ പരാതി. എഴുപത് ലക്ഷം മുതല്‍ മുടക്കി തുടങ്ങിയ സ്ഥാപനമാണ് മാസങ്ങള്‍ക്കകം പൂട്ടേണ്ട സ്ഥിതി വന്നത്.

സമരം കാരണമല്ല ലൈസന്‍സ് ഇല്ലാത്തത് കൊണ്ടാണ് മാതമംഗലത്തെ ഹാര്‍ഡ്‍വെയര്‍ സ്ഥാപനം പൂട്ടേണ്ടി വന്നതെന്ന തൊഴില്‍ മന്ത്രിയുടെ വാദവും ഇതിനിടെ കള്ളമാണെന്ന് വ്യക്തമായിരുന്നു. ലൈസന്‍സ് റദ്ദാക്കിയിട്ടില്ലെന്നും സ്ഥാപനം അനുമതിയില്‍ കൂടുതല്‍ സ്ഥലം ഉപയോഗിക്കുന്നത് ക്രമപ്പെടുത്താനുള്ള നോട്ടീസ് മാത്രമാണ് നല്‍കിയതെന്നും എരമം കുറ്റൂര്‍ പഞ്ചായത്ത് വിശദീകരിച്ചിരുന്നു.

അതേസമയം സമരത്തെ ന്യായീകരിച്ച്‌ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അടക്കം രം​ഗത്തെത്തിയിരുന്നു. തൊഴില്‍ നിഷേധത്തിനെതിരെയാണ് സമരമെന്നായിരുന്നു ന്യായീകരണം.