വെള്ളിത്തിര കാണാത്ത ഹിറ്റ് ഗാനങ്ങൾ മലയാള സിനിമയുടെ ദു:ഖസ്മാരകങ്ങൾ: ഇവ ജനമനസുകളിൽ ഇന്നും ജീവിക്കുന്നു.

 വെള്ളിത്തിര കാണാത്ത ഹിറ്റ് ഗാനങ്ങൾ മലയാള സിനിമയുടെ ദു:ഖസ്മാരകങ്ങൾ: ഇവ ജനമനസുകളിൽ ഇന്നും ജീവിക്കുന്നു.

 

സ്വന്തം ലേഖകൻ
കോട്ടയം: ഇന്ന് ചലച്ചിത്രഗാനങ്ങൾ കേൾക്കാനും ആസ്വദിക്കാനും ഒട്ടേറെ നൂതനമാർഗ്ഗങ്ങൾ ഉണ്ടെങ്കിലും 50 വർഷം മുമ്പത്തെ സ്ഥിതി ഇങ്ങനെയായിരുന്നില്ല.
ആകാശവാണിയെ ആശ്രയിച്ചാണ് അന്ന് ബഹുഭൂരിപക്ഷം ജനങ്ങളും പാട്ടുകൾ കേട്ടിരുന്നത്. അതുകൊണ്ടുതന്നെ റേഡിയോ നിലയങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട പരിപാടിയും ഏറ്റവും കൂടുതൽ തവണ പ്രക്ഷേപണം ചെയ്തിരുന്നതും കൂടുതൽ ശ്രോതാക്കൾ ഉണ്ടായിരുന്നതുമായ പരിപാടിയും ചലച്ചിത്രഗാന പ്രക്ഷേപണം തന്നെയായിരുന്നു.
ഒരു പുതിയ സിനിമ റിലീസ് ചെയ്താൽ അതിലെ പാട്ടുകൾ കേൾക്കാൻ വേണ്ടി ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനപരിപാടിയിലേക്ക് കത്തെഴുതി ആകാംക്ഷാപൂർവ്വം അക്ഷമരായി കാത്തിരുന്നിരുന്ന ഒരു ജനസമൂഹം ഇവിടെയുണ്ടായിരുന്നു എന്നു പറഞ്ഞാൽ ഇന്നത്തെ തലമുറക്ക് അത് അത്ഭുതമായി തോന്നിയേക്കാം .
സിനിമ ഇറങ്ങുന്നതിനു മുമ്പേ തന്നെ ചലച്ചിത്രഗാനങ്ങൾ റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തുതുടങ്ങുന്നത് 1966 -ൽ എത്തിയ “ചെമ്മീൻ ” എന്ന ഇതിഹാസ ചലച്ചിത്രത്തിലെ പാട്ടുകളോടു കൂടിയാണ്.

പിന്നീട് അതൊരു സ്ഥിരം പരിപാടിയായി മാറി. പാട്ടുകളിലൂടെ ലഭിക്കുന്ന ജനപ്രീതി ചിത്രത്തിന്റെ വിജയത്തിന് ഒരു അവിഭാജ്യ ഘടകമാണെന്ന് നിർമ്മാതാക്കളും സംവിധായകരുമൊക്കെ മനസ്സിലാക്കിത്തുടങ്ങി. എന്നാൽ പാട്ടുകൾ വർഷങ്ങളോളം പ്രക്ഷേപണം ചെയ്തിട്ടും പല കാരണങ്ങളാൽ തിയേറ്ററുകളിൽ എത്താതെ പോയ ഒട്ടേറെ ചലച്ചിത്രങ്ങളുടെ കണ്ണീർക്കഥകൾ പലതും ഹൃദയ ഭേദകങ്ങളായിരുന്നു . അത്തരം ചില ഗാനങ്ങളെ പരിചയപ്പെടാം. അടുത്തിടെ അന്തരിച്ച ബിച്ചു തിരുമലയുടെ “ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖി നീ
പല്ലവി പാടിയ നേരം …..”

എന്ന മനോഹരഗാനമുള്ള “ഭജഗോവിന്ദം ” എന്ന ചിത്രം.
ജയവിജയന്മാർ സംഗീതം ചെയ്ത് യേശുദാസ് പാടിയ ഈ ഗാനം ആകാശവാണി വർഷങ്ങളോളം പ്രക്ഷേപണം ചെയ്തിട്ടും സിനിമ മാത്രം പുറത്തുവന്നില്ല.
“ഹൃദയം ദേവാലയം “എന്ന ബിച്ചു തിരുമലയുടെ തന്നെ മറ്റൊരു പ്രശസ്ത ഗാനത്തിനും ഇതേ അവസ്ഥ തന്നെ സംഭവിക്കുകയുണ്ടായി .
“തെരുവു ഗീതം ” എന്ന പേരിൽ രജിസ്റ്റർ ചെയ്ത ആ ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും ബിച്ചു തിരുമലയുടെ തത്ത്വചിന്താപരമായ ഏറ്റവും മനോഹര രചനകളിൽ ഒന്നായി ഇന്നും നിരൂപകർ വിലയിരുത്തുന്നത് ഈ ഗാനത്തെയാണ് .
കെ ജയകുമാർ എഴുതി രവീന്ദ്രൻ മാസ്റ്റർ സംഗീതം പകർന്ന് യേശുദാസ് പാടിയ ” നീലക്കടമ്പ് ” എന്ന ചിത്രത്തിലെ
“കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി ഗുണദായിനി സർവ്വ ശുഭകാരിണി …….”
എന്ന ഗാനത്തിന്റെ ദൃശ്യങ്ങൾ കാണാൻ പ്രേക്ഷകർക്ക് ഇന്നേവരെ ഭാഗ്യമുണ്ടായിട്ടില്ല.
ഈ മൂകാംബിക സ്തുതിയുടെ ഭക്തിസാന്ദ്രത തിരിച്ചറിഞ്ഞ് യേശുദാസ് പാടിയിട്ടു പോലും നീലക്കടമ്പ് എന്ന ചിത്രത്തിന് തകരപ്പെട്ടിയിൽ തന്നെ അന്ത്യവിശ്രമം കൊള്ളാനായിരുന്നു വിധി…
“പൂവല്ല പൂന്തളിരല്ല
മാനത്തെ മഴവില്ലല്ലാ
മണ്ണിലേക്ക് വിരുന്നു വന്ന മധുചന്ദ്രലേഖ….”
എന്ന ഗാനം ഒരു കാലത്ത് സംഗീതപ്രേമികൾ മനസ്സിലിട്ട് വളരെയധികം താലോലിച്ചതായിരുന്നു .
പി ഭാസ്കരൻ എഴുതി ജെറി അമൽദേവ് സംഗീതം പകർന്ന് യേശുദാസ് ആലപിച്ച “കാട്ടുപോത്ത് “എന്ന ചിത്രത്തിലെ ഈ ഗാനം സൂപ്പർ ഹിറ്റായെങ്കിലും സിനിമ മാത്രം പുറത്തിറങ്ങിയില്ല.
സലിൽ ചൗധരിയുടെ സംഗീതസംവിധാനപ്രാഗല്ഭ്യത്താൽ ഒട്ടേറെ വാർത്തകളിൽ നിറഞ്ഞുനിന്ന ചിത്രമായിരുന്നു “ദേവദാസി ” .
ഇതിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ യേശുദാസ് തന്നെ അക്കാലത്ത് ഗാനമേളകളിൽ സ്ഥിരമായി ആലപിക്കുമായിരുന്നു. “പൊന്നലയിൽ അമ്മാനമാടി എൻ തോണിഅങ്ങേക്കരെ പോയ് വാ …
” പാദരേണു തേടിയലഞ്ഞു….”  എന്നിവയെല്ലാമായിരുന്നു
ആ പുറത്തുവരാത്ത ചിത്രത്തിലെ പ്രശസ്ത ഗാനങ്ങൾ …
“സ്വപ്നങ്ങളൊക്കെയും പങ്കു വെക്കാം ദുഃഖഭാരങ്ങളും പങ്കു വെക്കാം ആശതൻ തേനും
നിരാശ തൻ കണ്ണീരും ആത്മദാഹങ്ങളും പങ്കു വെക്കാം…”
ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള മലയാളിയുടെ സങ്കൽപ്പങ്ങൾക്ക് മഴവില്ലഴക് ചാർത്തിയ ഈ ഗാനം കല്യാണ വീഡിയോകളിലൂടെയാണ് കേരളീയ മനസ്സുകളിൽ ചേക്കേറിയത്..
പി ഭാസ്കരൻ എഴുതി വിദ്യാധരൻ മാസ്റ്റർ ഈണം നൽകി ചിത്രയുടേയും യേശുദാസിന്റേയും മനോഹരമായ ആലാപനത്താൽ ഒട്ടേറെ നവദമ്പതികളുടെ ഹൃദയസരസ്സുകളിൽ കുടിയേറിയ ഈ ഗാനം “കാണാൻ കൊതിച്ച് ” എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ഒരുക്കിയത് . എന്നാൽ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് തന്നെ ഈ ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നിലച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈതപ്രവും ജോൺസണും യേശുദാസും ഒന്നിച്ച
” അനന്തനും അപ്പുക്കുട്ടനും ആനയുണ്ട് “എന്ന ചിത്രത്തിലെ “തുമ്പപ്പൂവിൽ ഉണർന്നു വാസരം ……” എന്ന ഗാനത്തിനും പറയാനുള്ളത് മറ്റൊരു ദുഃഖകഥ തന്നെയായിരിക്കും.
സിനിമ നിർമ്മാണമേഖലയിൽ അന്നും ഇന്നും സംഗീത സാഹിത്യ ആലാപന സമന്വയങ്ങളുടെ സാക്ഷാത്ക്കാരമായ ഗാനങ്ങളുടെ പിറവിയാണ് ആദ്യം നടക്കുന്നത്.
പല കാരണങ്ങളാൽ ചിത്രങ്ങൾ പുറത്തിറങ്ങിയില്ലെങ്കിലും വെള്ളിത്തിര കാണാത്ത ഈ ഗാനങ്ങൾ മലയാള സിനിമയുടെ ദുഃഖസ്മാരകങ്ങളായി ജനമനസ്സുകളിൽ എന്നെന്നും ജീവിക്കുന്നു .