കുറിയിട്ടവർ പോകുന്നല്ലോ, പർദ്ദയിട്ടതാണോ ഞങ്ങളുടെ പ്രശ്നമെന്ന് ചോദിച്ചതവരാണ്, നിങ്ങളുടെ കണ്ണിന്റെയും മനസ്സിന്റെയും അസുഖത്തിനുള്ള ചികിത്സ തന്റെ പക്കലില്ല; ഓച്ചിറയിൽ അമ്മയെയും മകനെയും തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി സി ഐ വിനോദ്

കുറിയിട്ടവർ പോകുന്നല്ലോ, പർദ്ദയിട്ടതാണോ ഞങ്ങളുടെ പ്രശ്നമെന്ന് ചോദിച്ചതവരാണ്, നിങ്ങളുടെ കണ്ണിന്റെയും മനസ്സിന്റെയും അസുഖത്തിനുള്ള ചികിത്സ തന്റെ പക്കലില്ല; ഓച്ചിറയിൽ അമ്മയെയും മകനെയും തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി സി ഐ വിനോദ്

സ്വന്തം ലേഖകൻ

കൊല്ലം: കായംകുളം എംഎസ്‌എം കോളേജില്‍പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോയ യുവാവിനെയും ഉമ്മയേയും പൊലീസ് തടഞ്ഞെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഓച്ചിറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ്.
അഫ്‌സല്‍ ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച ആരോപണങ്ങളൊന്നും ശരിയല്ലെന്ന് സിഐ വിനോദ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ഇന്ന് ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങളായതിനാല്‍ എല്ലാ വാഹനങ്ങളും പരിശോധിച്ചാണ് വിട്ടത്. പ്രത്യേകിച്ച്‌ കൊല്ലം – ആലപ്പുഴ അതിര്‍ത്തി പ്രദേശമാണത്.

അടുത്ത ജില്ലയിലേയ്ക്ക് കടക്കുന്ന വാഹനങ്ങളാണ് അതുവഴി വരുന്നതെന്നതിനാല്‍ അത്രത്തോളം കര്‍ശനമായാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ട്രയിന്‍ – ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്തവര്‍,കല്യാണക്കുറി കാണിക്കുന്നവര്‍, മരണത്തിന് പോകുന്നവര്‍ അങ്ങനെ അത്യാവശ്യക്കാരെ മാത്രമായിരുന്നു കടത്തിവിട്ടിരുന്നുത്.കോളേജില്‍ നിന്നും സഹോദരിയെ വിളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് അഞ്ചുവയസുള്ള ഒരു കുട്ടിയടക്കമാണ് ആ കുടുംബം വന്നത്. അതൊരു അടിയന്തരആവശ്യമല്ലാത്തതിനാല്‍ അവരോട് തിരിച്ചുപോകാന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെയും അവധിദിവസമായതിനാല്‍ അവര്‍ക്ക് ഇന്നലെ വേണമെങ്കില്‍ ആ കുട്ടിയെ വിളിച്ചുകൊണ്ടുവരാമായിരുന്നു. അല്ലെങ്കില്‍ നാളെ പോയി വിളിക്കാം. അതുകൊണ്ട് ആലപ്പുഴ ജില്ലയിലേയ്ക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ ആ കാറിലിരുന്ന സ്ത്രീയാണ് കുറിയിട്ടവരെയൊക്കെ കടത്തിവിട്ടല്ലോ, പര്‍ദ്ദ ഇട്ടതുകൊണ്ടാണോ ഞങ്ങളെ കടത്തിവിടാത്തത് എന്ന് ചോദിച്ചത്. നിങ്ങളുടെ കണ്ണിന്റെയും മനസിന്റെയും അസുഖത്തിനുള്ള ചികില്‍സ എന്റെ കയ്യിലില്ലെന്നാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്. അല്ലാതെ പോസ്റ്റില്‍ പറയുന്നത് പോലെ വസ്ത്രം പ്രശ്‌നമാണെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല.

അതിന് ശേഷം ഞങ്ങളവിടെ വാഹനപരിശോധനകള്‍ നടത്തികൊണ്ടിരുന്ന സമയത്ത് ആ യുവാവ് ഇറങ്ങി ഞങ്ങളുടെയൊക്കെ വീഡിയോയും ഫോട്ടോയുമൊക്കെ പകര്‍ത്തുന്നത് കണ്ടു. അത് സോഷ്യല്‍മീഡിയയില്‍ ഇടാനാണെന്ന് മനസിലായെങ്കിലും ഞങ്ങളൊന്നും പറഞ്ഞില്ല.

ഒടുവില്‍ അയാള്‍ അവിടെ നിന്ന് ആരെയൊക്കെയോ വിളിച്ചതനുസരിച്ച്‌ മേലുദ്യോഗസ്ഥര്‍ വിളിച്ചുപറഞ്ഞിട്ടാണ് അവരെ ആലപ്പുഴ ജില്ലയിലേയ്ക്ക് കടക്കാന്‍ അനുവദിച്ചത്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ യാത്ര ചെയ്തതിന് അവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സിഐ പറഞ്ഞു. അവര്‍ കൊണ്ടുവന്ന സത്യവാങ്മൂലത്തില്‍ ഇന്നലത്തെ തീയതിയായിരുന്നെന്നും സിഐ ആരോപിച്ചു.

അങ്ങനെ കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി എന്ന തലക്കെട്ടോടെ ഇട്ട ഫേസ്ബുക് പോസ്റ്റാണ് അതിവേഗം വൈറലായി മാറിയത്. ഓച്ചിറയില്‍ അവരുടെ വാഹനം തടഞ്ഞുനിര്‍ത്തിയ ഉദ്യോഗസ്ഥന് രേഖകളും സത്യവാങ്മൂലവും കാണിച്ചിട്ടും മറ്റു പല വാഹനങ്ങള്‍ കടത്തിവിട്ടിട്ടും ഇവരോട് മാത്രം തിരിച്ചുപോകാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുകയായിരുന്നുവെന്ന് ഫേസ്‌ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു