play-sharp-fill
ചുട്ടുപൊള്ളിക്കാൻ എല്‍ നിനോ വരുന്നു മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ചുട്ടുപൊള്ളിക്കാൻ എല്‍ നിനോ വരുന്നു മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

സ്വന്തം ലേഖകൻ
കാലാവസ്ഥാ പ്രതിഭാസമായ എല്‍ നിനോ (El Nino) ഉയര്‍ന്നുവരാന്‍ സാധ്യതയുതിനാല്‍ ഉഷ്ണ തരംഗങ്ങളും വരള്‍ച്ചയും മാരകമാകുമെന്നും മുന്നറിയിപ്പുമായി ലോക കാലാവസ്ഥാ സംഘടന.ജൂലൈ അവസാനത്തോടെ എല്‍ നിനോ വികസിക്കാന്‍ 60ശതമാനം സാധ്യതയുണ്ടെന്നും സെപ്റ്റംബര്‍ അവസാനത്തോടെ അത് 80ശതമാനമാകുമെന്നും ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (WMO) പറഞ്ഞു. പസിഫിക് സമുദ്രോപരിതലത്തിലെ ജലത്തിന്റെ താപനില വര്‍ധിക്കുന്ന ഒരു കാലാവസ്ഥ പ്രതിഭാസമാണ് എല്‍ നിനോ.ലോകമെമ്ബാടുമുള്ള വര്‍ധിച്ച ചൂട്, വരള്‍ച്ച, കനത്ത മഴ എന്നിവയുമായി ബന്ധപ്പെട്ട പ്രകൃതിദത്തമായ കാലാവസ്ഥാ മാതൃകയാണ് എല്‍ നിനോ. അതായത് താപനില വര്‍ധിക്കാനും കാലവര്‍ഷം ദുര്‍ബലമാകാനും എല്‍നിനോ കാരണമാകാം. 2018-19ലാണ് ഇത് അവസാനമായി സംഭവിച്ചത്. എല്‍ നിനോ പ്രതിഭാസം ശക്തമായിരുന്ന 2016 ആണ് നിലവില്‍ ഏറ്റവും ചൂടുകൂടിയ വര്‍ഷമായി അറിയപ്പെടുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ എല്‍ നിനോയുടെ അഭാവത്തിലും കാലാവസ്ഥാവ്യതിയാനം ആഗോളതാപനിലയില്‍ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ശാന്തസമുദ്രത്തില്‍ തുടരുന്ന ലാ നിന പ്രതിഭാസത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ താപനില ചെറിയതോതില്‍ കുറഞ്ഞിരുന്നു.തെക്കേ ആഫ്രിക്കയുടെ തെക്കു ഭാഗങ്ങള്‍, തെക്കേ അമേരിക്ക, മധേഷ്യ എന്നിവയുടെ ചില ഭാഗങ്ങളില്‍ വര്‍ധിച്ച മഴയ്ക്കും, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, തെക്കന്‍ ഏഷ്യ ഭാഗങ്ങളില്‍ കടുത്ത വരള്‍ച്ചയ്ക്കും കരണമായേക്കാമെന്നാണ് മുന്നറിയിപ്പ്. ‘എല്‍ നിനോ പ്രതിഭാസം ലോകമെമ്ബാടുമുള്ള കാലാവസ്ഥയെയും കാലാവസ്ഥാ രീതികളെയും മാറ്റും’, വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ പ്രാദേശിക കാലാവസ്ഥാ പ്രവചന വിഭാഗം മേധാവി വില്‍ഫ്രാന്‍ മൗഫൗമ ഒകിയ ജനീവയില്‍ പറഞ്ഞു. അവസാനമുണ്ടായ എല്‍ നിനോ വളരെ ശക്തി കുറഞ്ഞതായിരുന്നെങ്കിലും ഇനി വരാന്‍ പോകുന്ന എല്‍ നിനോയുടെ ശക്തിയെ കുറിച്ചോ അതിന്റെ ദൈര്‍ഘ്യത്തെക്കുറിച്ചോ ഒരു സൂചനയുമില്ല. എന്നാല്‍ 2014 നും 2016 നും ഇടയില്‍ ഉണ്ടായ എല്‍ നിനോ ശക്തമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിരുന്നു.