Sunday, April 26, 2026

ചൂട് കൂടിയതോടെ ക്ഷീരമേഖലയിൽ തളർച്ച: പാൽ ഉത്പാദനം കുറഞ്ഞു: കാലിത്തീറ്റ വിലക്കയറ്റവും പച്ചപ്പുൽ ലഭ്യതക്കുറവും ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കി.

Spread the love

കോട്ടയം: ചൂട്‌ കൂടിയതോടെ ക്ഷീരമേഖല തളരുന്നു. പാല്‍ ഉല്‍പ്പാദനം കുറയുകയും പശുക്കള്‍ വീണുപോവുകയും ചെയ്യുന്നു.
വേനല്‍ കടുത്തതോടെ പാലുല്‍പാദനം കുറയുമെന്ന ആശങ്കയോടൊപ്പം പച്ചപ്പുല്‍ ക്ഷാമവും കാലിത്തീറ്റ വിലവര്‍ധനയും കര്‍ഷകരെ വലയ്‌ക്കുകയാണ്‌. ചൂട്‌ ഉയര്‍ന്നുനില്‍ക്കുന്നതു കാരണം ഈ മാസത്തെ കണക്കെടുപ്പില്‍ പാല്‍ ഉല്‍പാദനം കുറയുമെന്നാണു വിലയിരുത്തല്‍. നൂറ്റമ്പതിലധികം പശുക്കളെ വളര്‍ത്തുന്ന കോട്ടയം കുറവിലങ്ങാട്ടെ സ്വകാര്യഫാമില്‍ കഴിഞ്ഞദിവസം പ്രസവിച്ച പശു മണിക്കൂറുകള്‍ക്കുള്ളില്‍ ചത്തിരുന്നു.

video
play-sharp-fill

വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ കന്നുകാലികള്‍ക്ക്‌ ആവശ്യമായ കുടിവെള്ളം പോലും നല്‍കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണു പല ക്ഷീരകര്‍ഷകരും. ചൂടു കൂടുന്നതിനുസരിച്ചുള്ള സൗകര്യങ്ങള്‍ കൂടുകളില്‍ ഒരുക്കണമെങ്കില്‍ ചെലവേറും.
മൃഗചികിത്സാ ചെലവിലെ വര്‍ധനയും തീറ്റപ്പുല്‍ വളര്‍ത്തുന്നതിന്‌ ആവശ്യമായ സ്‌ഥലപരിമിതിയും കാലികളുടെ എണ്ണത്തിലുണ്ടായ കുറവും ഇതരസംസ്‌ഥാനങ്ങളില്‍ നിന്നു ഗുണനിലവാരം കുറഞ്ഞ പാല്‍ കുറഞ്ഞ വിലയ്‌ക്കു കേരളത്തിലെത്തുന്നതുമെല്ലാം ക്ഷീരമേഖലയ്‌ക്കു തിരിച്ചടിയാണ്‌.

തിരിച്ചടിയായി
കാലിത്തീറ്റ
വിലവര്‍ധന
കോട്ടയം: ക്ഷീര കര്‍ഷകര്‍ക്കു തിരിച്ചടിയായി കാലിത്തീറ്റ വില വര്‍ധനയും. സ്വകാര്യ കമ്പനികളുടെ 50 കിലോഗ്രാം ചാക്ക്‌ കാലിത്തീറ്റയ്‌ക്ക് നിലവില്‍ 1500 രൂപയ്‌ക്കു മുകളിലാണു വില. പച്ചപ്പുല്ലിനു ക്ഷാമം നേരിട്ടതോടെ വൈക്കോല്‍ കൊടുത്താണു പല ക്ഷീരകര്‍ഷകരും പശുക്കളുടെ ജീവന്‍ നിലനിര്‍ത്തുന്നത്‌. 20 കിലോഗ്രാം റോള്‍ വൈക്കോലിന്‌ നിലവില്‍ 240-260 രൂപ വരെയാണു വില.
ഡിമാന്‍ഡ്‌ കൂടിയതോടെ വില വരുംദിവസങ്ങളില്‍ ഉയര്‍ന്നേക്കുമെന്ന ആശങ്കയും ക്ഷീരകര്‍ഷകര്‍ക്കുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശുക്കള്‍ക്കു വിശപ്പകറ്റാമെന്നല്ലാതെ വൈക്കോല്‍ നല്‍കിയാല്‍ പാല്‍ ഉല്‍പാദനത്തില്‍ വര്‍ധനയുണ്ടാകില്ലെന്നു ക്ഷീരകര്‍ഷകര്‍ പറയുന്നു. മാത്രവുമല്ല, പച്ചപ്പുല്ലിനു പകരം എന്നും വൈക്കോലാണെങ്കില്‍ കന്നുകാലികള്‍ ആവശ്യത്തിനു തിന്നാനും മടിക്കും. കര്‍ണാടകയില്‍നിന്നു ചോളത്തണ്ടുകള്‍ എത്തുന്നതും കുറഞ്ഞു.വേനല്‍ കടുത്തതോടെ കുടിവെള്ള ലഭ്യതയും കുറഞ്ഞിട്ടുണ്ട്‌.

വേനല്‍ക്കാലത്ത്‌ ഒരു പശുവിന്‌ പ്രതിദിനം കുറഞ്ഞത്‌ 100 ലീറ്റര്‍ എന്ന തോതിലാണു നല്‍കേണ്ടത്‌. എന്നാല്‍, കടുത്ത വേനലില്‍ ജലാശയങ്ങളില്‍ ജലലഭ്യത കുറഞ്ഞതിനാല്‍ പല ക്ഷീരകര്‍ഷകര്‍ക്കും ആവശ്യത്തിനു കുടിവെള്ളം പശുക്കള്‍ക്കു നല്‍കാനാകുന്നില്ല. പലയിടത്തും ഒരു കിലോഗ്രാം ചോളത്തണ്ടിന്‌ 5.50 രൂപ വരെയാണ്‌ ഈടാക്കുന്നതെന്നു കര്‍ഷകര്‍ പറയുന്നു. അതു തന്നെ മാസത്തില്‍ ഒന്നോ രണ്ടോ തവണയേ ലഭിക്കുന്നുള്ളൂ.

പാലിനു വില
കൂട്ടണമെന്ന്‌
ക്ഷീര കര്‍ഷര്‍
കോട്ടയം: പാലിനു വില കൂട്ടണമെന്നു ക്ഷീര കര്‍ഷര്‍. നിലവിലെ സാഹചര്യത്തില്‍ ലീറ്ററിന്‌ 50 രൂപയെങ്കിലും ലഭിച്ചാലേ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാനാകൂ എന്നു കര്‍ഷകര്‍ പറയുന്നു. മൂന്നു വര്‍ഷമായി പാല്‍ വില കൂട്ടിയിട്ടില്ല. ഇനിയും വില കൂട്ടാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നു കര്‍ഷകര്‍ പറയുന്നു.
അതേസമയം, സംസ്‌ഥാനത്ത്‌ മില്‍മ പാലിന്റെ വില കൂട്ടിയേക്കുന്ന സൂചനയുണ്ട്‌. ലിറ്ററിന്‌ ആറു രൂപ വര്‍ധിപ്പിക്കണമെന്നാണ്‌ ആവശ്യം.

ഈ മാസം 29ന്‌ ചേരുന്ന ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ടു തീരുമാനമുണ്ടായേക്കും.തീരുമാനം വൈകിക്കുന്നതില്‍ ബോര്‍ഡ്‌ ആസ്‌ഥാനത്തിനു മുന്നില്‍ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളുടെ പ്രതിഷേധം നടന്നിരുന്നു. പാല്‍ വില വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ടു സര്‍ക്കാരിനു വീണ്ടും കത്ത്‌ നല്‍കുമെന്നു മില്‍മയും പറഞ്ഞിരുന്നു.നേരത്തെ, സര്‍ക്കാരിനു കത്തു നല്‍കിയെങ്കിലും വ്യക്‌തമായ മറുപടി ലഭിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണു തീരുമാനം വൈകുകയും ചെയ്‌തു.