ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതകം; പ്രതികള്‍ക്ക് സഹായം ചെയ്തുകൊടുത്ത യുവാവ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും അറസ്റ്റില്‍; അതിര്‍ത്തി കടന്നിട്ടും അന്വേഷണ സംഘം പ്രതികളെ പിടികൂടിയത് അതിവിദഗ്ധമായി
സ്വന്തം ലേഖകന്‍
ചങ്ങനാശ്ശേരി: യുവാവിന്റെ മൃതദേഹം വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട നിലയില്‍ കാണപ്പെട്ട കേസ്സിലെ മുഴുവന്‍ പ്രതികളും പോലീസിന്റെ പിടിയിലായി. വിജയപുരം ചെമ്മരപ്പള്ളി ഭാഗത്ത് പുളിമൂട്ടില്‍ വീട്ടില്‍ ബൈജു മകന് വിപിന്‍ ബൈജു(24) വിജയപുരം ചെമ്മരപ്പള്ളി ഭാഗത്ത് പരുത്തൂപ്പറമ്പില്‍ വീട്ടില്‍ ബാബു മാത്യു മകന് ബിനോയി മാത്യു (27), വിജയപുരം ചെമ്മരപ്പള്ളി ഭാഗത്ത് പൂശാലില്‍ വീട്ടില്‍ സണ്ണി മകന് വരുണ്‍ പി.സണ്ണി (29)എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ചങ്ങനാശ്ശേരി എ.സി റോഡില്‍ പൂവം കടത്ത് ഭാഗത്ത് മുത്തുകുമാര്‍ എന്നയാള്‍ വാടകയ്ക്കെടുത്തു താമസിച്ചു വരുന്ന വീടിനുളളില്‍ വച്ചാണ് ആലപ്പുഴ സൗത്ത് ആര്യാട് ഭാഗത്ത് കിഴക്കേവെളിയില്‍ വീട്ടില്‍ പുരുഷന് മകന് ബിന്ദുമോന് കൊല ചെയ്യപ്പെട്ടത്. ബിന്ദുമോനെ കൊലപ്പെടുത്തി കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്ത മൂടിയ ഭാഗം പോലീസ് പൊളിച്ച് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും , ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ഒന്നാം പ്രതിയായ ചങ്ങനാശ്ശേരി എ.സി.റോഡില്‍ പൂവംകടത്ത് ഭാഗത്ത് അഖില്‍ ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന (ആലപ്പുഴ,കോമളപുരം അയ്യങ്കാളി ജങ്ങ്ഷന് ഭാഗത്ത് മറ്റത്തില്‍വീട്ടില്‍) പൊന്നപ്പന് മകന് മുത്തുകുമാര്‍(53) എന്നയാളെ ആലപ്പുഴയില്‍ നിന്നും പിടികൂടിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്നും മുത്തുകുമാര്‍ ഒറ്റക്കല്ല കൃത്യം നടത്തിയതെന്ന് മനസിലാക്കുകയും കൂട്ടുപ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രതികള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് കടന്നു കളഞ്ഞതായി മനസ്സിലാക്കുകയും, ജില്ലാ പോലീസ് മേധാവി അന്വേഷണസംഘത്തെ ചെറു സംഘങ്ങളാക്കി തിരിച്ച് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കോയമ്പത്തൂര്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും പ്രതികളായ വിപിന്‍ ബൈജു, ബിനോയ് മാത്യു എന്നിവരെ കോയമ്പത്തൂരില്‍ നിന്നും പിടികൂടുകയുമായിരുന്നു. പ്രതികള്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുത്തതിനാണ് വരുണ്‍.പി.സണ്ണിയെ കോട്ടയത്ത് നിന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ബിന്ദുമോനും ഒന്നാം പ്രതി മുത്തുകുമാറിന്റെ ഭാര്യയും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്നുളള സംശയത്തെ തുടര്‍ന്ന് വിരോധത്തിലായ മുത്തുകുമാര്‍, നാളുകളായി ബിന്ദുമോനെ കൊലപ്പെടുത്തുന്നതിനുളള ആസൂത്രണത്തിലായിരുന്നു.
സംഭവ ദിവസം ബിന്ദുമോനെ വിളചു വരുത്തിയ പ്രതികള്‍ ഒന്നിച്ചരുന്ന് മദ്യപിച്ച ശേഷം ബിന്ദുമോനുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പോസ്റുമോര്‍ട്ടം പരിശോധനയില്‍ ബിന്ദുമോന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞ് ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുളളതായും കഴുത്ത് ഞെരിച്ച് പ്രതികള്‍ മരണം ഉറപ്പാക്കിയതായും തെളിഞ്ഞിട്ടുണ്ട്.
ചങ്ങനാശ്ശേരി ഡി.വൈ.എസ്സ്.പി. സി.ജി സനില്‍കുമാര്‍, ചങ്ങനാശ്ശേരി സ്റ്റേഷന് എസ്.എച്ച്.ഓ റിച്ചാര്‍ഡ് വര്‍ഗ്ഗീസ്, കോട്ടയം ഈസ്റ്റ് സ്റ്റേഷന് എസ്.എച്ച്.ഓ യു. ശ്രീജിത്ത് , എസ്.ഐ. മാരായ ജയകൃഷ്ണന്,ആനന്ദകുട്ടന്, എ. എസ്.ഐ. മാരായ പ്രസാദ്.ആര്.നായര്‍, ഷിനോജ്, സിജു.കെ.സൈമണ്‍, ജീമോന്‍ മാത്യു, രഞ്ജീവ് ദാസ്, സി.പി.ഓ മാരായ ആന്റണി.പി.ഇ, അജേഷ് കുമാര്‍, മുഹമ്മദ് ഷാം, അതുല്‍.കെ.മുരളി, ഉണ്ണികൃഷ്ണന്, സതീഷ്, സലമോന്‍, മണികണ്ഠന്, സന്തോഷ്, അനീഷ് കെ ജോണ്‍, സെല്‍വരാജ്, ലൂയിസ് പോള്‍, പ്രതീഷ് രാജ്, ശ്യാം , വിപിന്‍ , അജിത്ത്, ഉണ്ണികൃഷ്ണന് നായര്‍എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.