ക്രിസ്മസ് ഞായര്‍…! സംസ്ഥാനത്ത് വ്യത്യസ്ത അപകടങ്ങളിലായി ആറ് മരണം; മൂന്ന് പേരെ കടലില്‍ കാണാതായി; ഒരാള്‍ മരിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി ആറ് മരണം.
കൊല്ലം കുണ്ടറയിലും കോഴിക്കോട് കാട്ടിലെ പീടികയിലുമായി നാല് യുവാക്കള്‍ അപകടത്തില് മരിച്ചു.
കണ്ണൂരില്‍ ബൈക്ക് മറിഞ്ഞ് യുവതിയും ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് പത്തൊൻപതുകാരനും മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുണ്ടറ പെരുമ്പുഴ സൊസൈറ്റി മുക്കില്‍ നിയന്ത്രണം വിട്ട് അമിതവേഗത്തിലെത്തിയ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് യുവാക്കള്‍ മരിച്ചത്. കടല്‍ത്തീരത്ത് ക്രിസ്മസ് ആഘോഷിക്കാനെത്തിയ മൂന്ന് പേരെ കാണാതായി. ഒരാള്‍ മരിച്ചു.
പുത്തന്‍തോപ്പില്‍ രണ്ട് പേരെ കാണാതായപ്പോള്‍ അഞ്ച്തെങ്ങില്‍ ഒരാളെയാണ് കാണാതായത്. തുമ്പയിലാണ് ഒരാള്‍ കടലില്‍ മുങ്ങി മരിച്ചത്.
വലിയ തിരകളും ശക്തമായ അടിയൊഴുക്കുമാണ് അപകടകാരണമായി മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി 16 കാരനായ ശ്രേയസ്, കണിയാപുരം സ്വദേശി 19 കാരന്‍ സാജിദ് എന്നിവരെയാണ് കാണാതായത്. ഇവരുടെ കൂടെ കടലില്‍ അകപ്പെട്ട മറ്റൊരാളെ രക്ഷപ്പെടുത്തി.
രാത്രി വരെ കോസ്റ്റ് ഗാര്‍ഡും മല്‍സ്യത്തൊഴിലാളികളും തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.
അഞ്ചുതെങ്ങില്‍ മാമ്പള്ളി സ്വദേശി സാജന്‍ ആന്റണി (34) യെയാണ് കാണാതായത്. വൈകീട്ടാണ് ഈ രണ്ട് അപകടങ്ങളും ഉണ്ടായത്.
ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും. ഉച്ചയ്ക്ക് തുമ്പയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായിരുന്നു. ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. തുമ്പ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോ ആണ് മരിച്ചത്. കടലില്‍ പോയ ഫ്രാങ്കോയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി ആശുപത്രി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാണാതായവര്‍ക്കുള്ള തെരച്ചില്‍ മല്‍സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും രാവിലെ വീണ്ടും തുടങ്ങും.