പെൺകുട്ടിയുടേത് ക്രിസ്ത്യാനി പേര്: ഗുരുവായൂരിൽ വിവാഹ രജിസ്‌ട്രേഷൻ മുടങ്ങി

പെൺകുട്ടിയുടേത് ക്രിസ്ത്യാനി പേര്: ഗുരുവായൂരിൽ വിവാഹ രജിസ്‌ട്രേഷൻ മുടങ്ങി

സ്വന്തം ലേഖകൻ

ഗുരുവായൂർ: പെൺകുട്ടിയുടേത് ക്രിസ്ത്യാനി പേരാണെന്നതിൽ സംശയം തോന്നിയതിനെ തുടർന്ന് ഗുരുവായൂരിൽ വിവാഹ രജിസ്‌ട്രേഷൻ മുടങ്ങി. വധുവിന്റെ പേരിൽ ഉദ്യോഗസ്ഥന് ആശയക്കുഴപ്പം തോന്നിയതോടെയാണ് വിവാഹ രജിസ്‌ട്രേഷൻ മുടങ്ങിയത്. ഇതേ തുടർന്ന് വിവാഹം രജിസ്റ്റർ ചെയ്യാനാവാതെ ദമ്പതിമാർ മടങ്ങി.
ഹിന്ദുവായ മാതാപിതാക്കളുടെ രേഖകളെല്ലാം പരിശോധിച്ചെങ്കിലും മകൾക്ക് ക്രിസ്ത്യാനിപ്പേരെന്നു പറഞ്ഞാണ് രജിസ്ട്രേഷൻ തടഞ്ഞത്.

ഗുരുവായൂർ നഗരസഭയിലാണ് വിവാഹരജിസ്ട്രേഷനെച്ചൊല്ലി വിവാദമുണ്ടായത്. കഴിഞ്ഞ 24-ന് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വിവാഹിതരായ ദീപക് രാജ്-ക്രിസ്റ്റീന ദമ്ബതിമാരുടെ രജിസ്ട്രേഷനാണ് മുടങ്ങിയത്. പ്രമുഖ മാധ്യമപ്രവർത്തകനായിരുന്ന അന്തരിച്ച കെ. ജയചന്ദ്രന്റെയും കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകത്തിന്റെയും മകളാണ് ക്രിസ്റ്റീന. താലികെട്ടിനുശേഷം വിവാഹസത്കാരവും ഗുരുവായൂരിൽത്തന്നെയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഇവർ വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയത്.

രജിസ്ട്രേഷനുവേണ്ട എല്ലാ രേഖകളും ഇവർ ഹാജരാക്കി. അച്ഛനും അമ്മയും ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖകളും കാണിച്ചു. ഇതെല്ലാം പരിശോധിച്ച ഉദ്യോഗസ്ഥൻ വധുവിന്റെ പേരിലാണ് ഉടക്കിയത്. സർട്ടിഫിക്കറ്റിൽ അവരുടെ മുഴുവൻ പേര് ക്രിസ്റ്റീന എമ്‌ബ്രെസ്സ് എന്നാണ്. ഇത് ക്രിസ്ത്യൻപേരാണെന്നും ഹിന്ദുവിവാഹനിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ വാദം.

ഗുരുവായൂരിലെ സാംസ്‌കാരികപ്രവർത്തകൻ വേണു എടക്കഴിയൂരായിരുന്നു സാക്ഷിയായി ഹാജരായത്. മാത്രമല്ല, നഗരസഭയിലെ ഭരണകക്ഷിയംഗം അഭിലാഷ് വി. ചന്ദ്രന്റെ ഡിക്ലറേഷൻ കത്തുമുണ്ടായിരുന്നു ക്രിസ്റ്റീന ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖ കൊണ്ടുവന്നാൽ പരിഗണിക്കാമെന്നും പറഞ്ഞ് ഉദ്യോഗസ്ഥൻ അപേക്ഷ തിരിച്ചുനൽകുകയായിരുന്നുവെന്ന് വേണു എടക്കഴിയൂർ പറഞ്ഞു.

വിവാഹരജിസ്ട്രേഷൻ അപേക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളുണ്ടായാൽ മാറ്റിവെയ്ക്കാനുള്ള വിവേചനാധികാരമുണ്ടെന്നാണ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. ചൊവ്വാഴ്ചത്തെ ഗുരുവായൂർ നഗരസഭാ കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യും.