എനിക്ക് മോളെ ഒന്നുകൂടി കാണണമെന്ന് തോന്നി, ഞാനത് ഡോക്ടറോടു പറഞ്ഞു ;അന്നേരം ലേബർ റൂമിന്റെ ജനാലയ്ക്കപ്പുറം തെരുവിലൂടെ വലിയൊരു ജാഥ കടന്നുപോകുന്നുണ്ടായിരുന്നു ;ഡോക്ടർ ജാഥയിലേക്കു ചൂണ്ടി എന്നോടു പറഞ്ഞു, ഇപ്പോള്‍ കാണാൻ പറ്റില്ല, കുഞ്ഞ് ഇറങ്ങി ആ ജാഥയ്ക്കൊപ്പം പോയെന്ന്!
വർഷങ്ങള്ക്കുമുൻപുള്ള കഥയാണ്. കൊല്ലം കുണ്ടറ സ്വദേശിനിയും അധ്യാപികയുമായ എസ്തറിനെ പ്രസവത്തിനായി കൊല്ലം നായേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എസ്തറിനും ഭർത്താവ് ജെറോമിനും പതിനാറുവർഷത്തെ കാത്തിരിപ്പിനൊടുവില്‍ പിറക്കുന്ന കുഞ്ഞാണ്. അധ്യാപകരായ ഇരുവരുടെയും സഹപ്രവർത്തകർ ആശുപത്രിയിലെത്തിയിട്ടുണ്ട്. തങ്കശ്ശേരി വിളക്കുമാടത്തിന്റെ നിഴല്‍വീഴുന്ന കടല്‍ത്തീരത്തിരുന്ന് ആ കഥയുടെ ബാക്കി എസ്തർ പറഞ്ഞുതുടങ്ങി… ”വൈകുന്നേരം നാലരയ്ക്ക് സിസേറിയൻ കഴിഞ്ഞു. ഡോക്ടർ പറഞ്ഞു, ‘ദേ, ഇങ്ങോട്ടു നോക്ക്… കുഞ്ഞിനെ കണ്ടാല്‍ വേദനയൊക്കെ മാറും’ എന്ന്. ഞാൻ നോക്കി. ഡോ. പ്രമോദ് റോയ് ജോണിന്റെ കൈയില്‍ എന്റെ കുഞ്ഞ്. തല നിറച്ചും മുടിയുള്ള സുന്ദരിക്കുഞ്ഞ്. ഞാൻ വേദന മറന്നു.
പുറത്ത് അവളുടെ പപ്പയും ബന്ധുക്കളും കൂട്ടുകാരുമൊക്കെ കാത്തുനില്‍ക്കുന്നുണ്ട്. കുഞ്ഞിനെ പുറത്തേക്കു കൊണ്ടുപോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് മോളെ ഒന്നുകൂടി കാണണമെന്ന് തോന്നി. ഞാനത് ഡോക്ടറോടു പറഞ്ഞു. അന്നേരം ലേബർ റൂമിന്റെ ജനാലയ്ക്കപ്പുറം തെരുവിലൂടെ വലിയൊരു ജാഥ കടന്നുപോകുന്നുണ്ടായിരുന്നു. ഡോക്ടർ ജാഥയിലേക്കു ചൂണ്ടി എന്നോടു പറഞ്ഞു, ഇപ്പോള്‍ കാണാൻ പറ്റില്ല, കുഞ്ഞ് ഇറങ്ങി ആ ജാഥയ്ക്കൊപ്പം പോയെന്ന്! അന്ന് ഡോക്ടറുടെ തമാശകേട്ട് ഞാൻ ചിരിച്ചു. വർഷങ്ങള്‍ മുന്നോട്ടുപോയി. ആ തമാശ സത്യമായി. അവള്‍ക്ക് ജാഥയൊഴിഞ്ഞ് വീട്ടില്‍ കയറാൻ നേരമില്ലാതായി. കണ്ണിലെ കൃഷ്ണമണിപോലെ വളർത്തിയ കുഞ്ഞിനെ ഒന്നുകാണാൻ കണ്ണീർവാതകവും പോലീസിന്റെ ലാത്തിയും പുളയ്ക്കുന്ന സമരവേദികളില്‍ ചെന്നു നില്‍ക്കേണ്ടിവന്നിട്ടുണ്ട്…”
”മമ്മീ ഇതൊക്കെ നാളെ ട്രോളാവാനുള്ളതാണേ” എന്നുപറഞ്ഞ് എസ്തറിന്റെ മകള്‍ ആ സംസാരത്തിലേക്ക് കടന്നുവന്നു.
വിളക്കുമരത്തോളം ഉയരത്തില്‍ പാഞ്ഞുവന്ന തിരയില്‍ ചെറുതായി നനഞ്ഞ് എസ്തറും മകളും തീരത്തിരുന്നു. സംസ്ഥാന യുവജനകമ്മിഷൻ മുൻ ചെയർപേഴ്സണും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ ചിന്താ ജെറോമും അമ്മ എസ്തറും. തങ്കശ്ശേരിയുടെ തീരത്തിരുന്ന് ഇന്നോളമുള്ള ജീവിതം അവർ ഗൃഹലക്ഷ്മിയുമായി പങ്കുവെച്ചു.
ചെറിയ ലോകം
കഥ തുടങ്ങിയത് അമ്മയാണ്… ”കുറെ കാത്തിരുന്ന് കിട്ടിയ കുഞ്ഞല്ലേ, അവളുടെ പപ്പയ്ക്കും എനിക്കും വലിയ ആശങ്കയായിരുന്നു. എപ്പോഴും കണ്‍വെട്ടത്ത് അവളുണ്ടായിരിക്കണം. അങ്ങനെയാണ് കുണ്ടറയില്‍നിന്ന് കൊല്ലത്തേക്ക് ഞങ്ങള്‍ താമസം മാറുന്നത്. വിമലഹൃദയ സ്കൂളിനടുത്ത് ചെറിയൊരു സ്ഥലംവാങ്ങി. അവിടെ വീടുവെച്ച് മോളെ ആ സ്കൂളില്‍ ചേർത്തു. രാവിലെ മോളെ സ്കൂളിലാക്കി ഞങ്ങള്‍ ജോലിക്കുപോകും. വൈകീട്ട് വന്ന് അവളെ കൂട്ടും. പതിനെട്ടാംവയസ്സില്‍ അവളുടെ കല്യാണം നടത്തണമെന്നും അധ്യാപികയാക്കണമെന്നുമായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഞങ്ങളില്ലാത്ത ലോകത്ത് അവള് തനിച്ചാകരുതെന്നു കരുതിയാണ്…” കഥയുടെ ഈ തിരിവിലേക്ക് ചിന്ത കയറിവന്നു. ”അമിതശ്രദ്ധ കാരണം എന്റെ കുട്ടിക്കാലം കുളമായെന്നുപറയാം. വീടിനും സ്കൂളിനും അപ്പുറം ഒരു ലോകമില്ലായിരുന്നു. ക്യാരംബോർഡിന്റെ ഇരുവശങ്ങളിലും മാറിമാറിയിരുന്ന് ഡിസ്ക് തട്ടിക്കളിച്ചിട്ടുണ്ട്. കൂട്ടുകാർക്കൊക്കെ സഹോദരങ്ങളുണ്ട്. എനിക്കില്ല. അതിന്റെതായ പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. ഞാൻ ഒമ്ബതാംക്ലാസില് പഠിക്കുമ്ബോള്‍ പപ്പ പെൻഷനായി. പിന്നെ പപ്പയായിരുന്നു കൂട്ട്.”
ചിന്ത ജെറോമും അമ്മ എസ്തർ ജെറോമുംചിന്തയ്ക്കു പിന്നില്‍
ചിന്ത എന്ന പേരിനുപിന്നിലുമുണ്ട് കൗതുകങ്ങള്‍… ”പപ്പയുടെ അച്ഛന്റെ പേര് ചിന്നപ്പൻ ഫെർണാണ്ടസ് എന്നായിരുന്നു. ആ പേരിന്റെ ആദ്യ അക്ഷരത്തില്‍ തുടങ്ങുന്ന പേരിടാനാണ് പപ്പ ആഗ്രഹിച്ചത്. പപ്പ ഇടതുപക്ഷ അനുഭാവിയും അധ്യാപകസംഘടനയില്‍ അംഗവുമായിരുന്നു.
ഒരുദിവസം കുണ്ടറയിലെ പാർട്ടി നേതാവ് ജോസുകുട്ടി വീട്ടില്‍ വന്നു. അവരുടെ സംസാരത്തില്‍ ചിന്ത വാരിക കയറിവന്നു. എന്നാല്‍പ്പിന്നെ ചിന്ത എന്നായിക്കോട്ടെ പേരെന്നായി. പപ്പയുടെ ചേട്ടൻ അധ്യാപകനും പ്രാസംഗികനുമായിരുന്നു. എങ്ങനെയോ എനിക്കും പ്രസംഗത്തോട് ഇഷ്ടമായി. മമ്മി ഹിന്ദി അധ്യാപികയാണ്. പപ്പയുടെ വിഷയം മലയാളം. പപ്പ വായിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഉച്ചാരണത്തില്‍ ശ്രദ്ധിക്കണമെന്ന് പറയും. പത്രങ്ങളുടെ മുഖപ്രസംഗം ദിവസവും വായിപ്പിക്കും. ഒരിക്കല്‍ പാർട്ടിയുടെ സംസ്ഥാനസമ്മേളനം കൊല്ലത്ത് നടന്നപ്പോള്‍ പപ്പയും മമ്മിയും ഞാനും കൂടി പോയി.
റെഡ് വൊളന്റിയർ മാർച്ചൊക്കെ കണ്ട് രാഷ്ട്രീയത്തോട് വലിയ ആവേശം തോന്നി. അന്ന് ആ വേദിയില്‍ ഹർകിഷൻ സിങ് സുർജിത്തിന്റെ പ്രസംഗം ബേബി സഖാവ് (എം.എ. ബേബി) മലയാളത്തില്‍ പരിഭാഷപ്പെടുത്തുന്നുണ്ടായിരുന്നു. അതുകേട്ട് പപ്പ പറഞ്ഞു, മോള് ഇതുപോലെ ഇംഗ്ലീഷും മലയാളവും ഒരുപോലെ കൈകാര്യംചെയ്യണമെന്ന്. അഴീക്കോട് മാഷിന്റെ പ്രസംഗം കേള്‍ക്കാൻ പപ്പ കൊണ്ടുപോകും. നാട്ടില്‍ എവിടെ പ്രസംഗമത്സരമുണ്ടെങ്കിലും കൊണ്ടുപോകും. എൻ.എസ്.എസ്സിന്റെയും ബാലജനസഖ്യത്തിന്റെയുമൊക്കെ ക്യാമ്ബുകളിലും ശിശുക്ഷേമവകുപ്പിന്റെ പരിപാടികളിലുമൊക്കെ പങ്കെടുക്കും. തെങ്ങമം ബാലകൃഷ്ണനും ഒ. മാധവനും പോലെയുള്ളവരുടെ ശ്രദ്ധയിലേക്ക് ഞാനെത്തുന്നത് ഈ പ്രസംഗവേദികളിലൂടെയാണ്.”
വലിയ മനുഷ്യൻ
കോളേജ്കാലത്താണ് ചിന്താ ജെറോം എസ്.എഫ്.ഐ.യില്‍ സജീവമാകുന്നത്. ”കൊല്ലം ഫാത്തിമമാതാ കോളേജിലായിരുന്നു പഠനം. കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലറും ചെയർപേഴ്സണുമൊക്കെയായി. ലോകം വിശാലമാവുകയായിരുന്നു. യൂണിയനുമായി ബന്ധപ്പെട്ട് പ്രഗല്ഭരായ വ്യക്തികളെ പരിചയപ്പെടാനായി. ഒരിക്കല്‍ യൂണിയന്റെ ഒരു പരിപാടിയില്‍ പ്രശസ്ത സംവിധായകൻ കുമാർ സാഹ്നി പങ്കെടുത്തു. വേദിയില്‍ ഞാൻ പ്രസംഗിച്ചിരുന്നു. ആ വേദിയില്‍നിന്ന് അദ്ദേഹം എം.എ. ബേബിയുടെ അടുത്തേക്കാണ് പോയത്. ബേബിസഖാവ് അന്ന് കുണ്ടറ എം.എല്‍.എ.യും വിദ്യാഭ്യാസമന്ത്രിയുമാണ്. കേരള യൂണിവേഴ്സിറ്റി യൂണിയന്റെ ഒരു പരിപാടിയില്‍ പങ്കെടുത്തിട്ട് വരുന്ന വഴിയാണെന്നും ചെയർപേഴ്സണ്‍ മിടുക്കിയാണെന്നും കുമാർ സാഹ്നി ബേബിസഖാവിനോട് പറഞ്ഞു. അതോടെയാണ് ബേബി സഖാവിന്റെ ശ്രദ്ധയിലേക്ക് ഞാൻ വരുന്നത്.
സി.എമ്മിനെ (പിണറായി വിജയൻ) ആദ്യം കണ്ടതും മറക്കാനാവില്ല. അന്ന് അദ്ദേഹം പാർട്ടി സെക്രട്ടറിയാണ്. വി.എസ്. അച്യുതാനന്ദനാണ് മുഖ്യമന്ത്രി. പാർട്ടിസെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ഇടയില്‍ വിഭാഗീയതയുണ്ടെന്നൊരു വാർത്ത പ്രചരിക്കുന്ന കാലമാണ്. ഒരു പരിപാടിക്ക് പാർട്ടിസെക്രട്ടറിയെ ക്ഷണിക്കാൻ പോയതാണ്. യൂണിവേഴ്സിറ്റി യൂണിയന്റെ പരിപാടിയാണെന്ന് അറിഞ്ഞതും ക്ഷണിക്കേണ്ടത് എന്നെയല്ല, മുഖ്യമന്ത്രിയെ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുഖ്യമന്ത്രിക്കും പാർട്ടിസെക്രട്ടറിക്കും ഇടയിലെ പ്രശ്നങ്ങള്‍ ചാനലുകള്‍ സ്ക്രോള്‍ ചെയ്യുമ്ബോഴായിരുന്നു ഇതെന്നോർക്കണം.”
കൊല്ലം വിമൻസ് കോളേജില്‍ സുകുമാർ അഴീക്കോട് പങ്കെടുത്ത ഒരു ചടങ്ങിന്റെ ഓർമ്മയിലേക്ക് അമ്മ എസ്തർ കടന്നു. ”ചടങ്ങിന്റെ അധ്യക്ഷ ചിന്തയായിരുന്നു. അഴീക്കോട് സാറിന്റെ പ്രസംഗം തുടങ്ങി. ആരാണ് ഈ കുഞ്ഞിന് ഇത്രയും മനോഹരമായ പേരിട്ടതെന്ന് അദ്ദേഹം അന്നാ വേദിയില്‍വെച്ച് ചോദിച്ചു. എന്റെ ചിലങ്കയും കിരീടവും ഇവള്‍ക്ക് കൊടുക്കുന്നെന്നും പറഞ്ഞു. പക്ഷേ, ഇപ്പോഴിപ്പോള്‍ ഞാനിക്കാര്യം ആരോടെങ്കിലും പറയുമ്ബോള്‍ ‘മമ്മീ ട്രോളാകും’ എന്നുംപറഞ്ഞ് ചിന്ത തടയും. അമ്മ എന്ന നിലയില്‍ ഞാൻ സന്തോഷത്തോടെ ഓർത്തുവയ്ക്കുന്ന കാര്യങ്ങളല്ലേ ഇതൊക്കെ. മറ്റുള്ളവരുടെ പരിഹാസത്തെ പേടിച്ച് ഞാനാ ഓർമ്മകളെയൊക്കെ ഇല്ലാതാക്കണോ?” അമ്മ ചോദിക്കുന്നു.
പ്രിയപ്പെട്ട പപ്പ
കാമ്ബസ്കാലത്തിന്റെ ഓർമ്മകള്‍ക്കിടെ ചിന്ത സ്റ്റിയറിങ് തീരത്തുനിന്ന് തിരക്കിലേക്ക് തിരിച്ചു. ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങള്‍ പിന്നിട്ട് തങ്കശ്ശേരിയുടെ കമാനം കടക്കവേ ഓർമ്മകളിലേക്ക് പപ്പ കയറിവന്നു. ”പപ്പ നല്ല കർഷകനായിരുന്നു. പപ്പയ്ക്ക് പ്രമേഹം ഉണ്ടായിരുന്നു. കാലില്‍ രക്തയോട്ടം കുറയുന്ന അവസ്ഥ വന്നു. ഞാൻ പത്താംക്ലാസില്‍ പഠിക്കുമ്ബോള്‍ ഒന്നരമാസത്തോളം പപ്പ ആശുപത്രിയിലായി. ഞാനും അത്രദിവസം അവിടെ തങ്ങി. അങ്ങനെ ഞാൻ ജനിച്ച അതേ ആശുപത്രിയില്‍ നിന്നുതന്നെയാണ് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാൻ പോകുന്നതും. ഡിസ്റ്റിങ്ഷൻ കിട്ടി. പപ്പയ്ക്ക് സന്തോഷമായി.
കാല് എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്ന് പപ്പയോട് ഡോക്ടർ പറഞ്ഞു. ആ ഉത്തരവാദിത്വം എന്റേതായിരുന്നു. ദിവസവും രാത്രി ഉറങ്ങുംമുൻപ് പപ്പയുടെ കാല് വൃത്തിയായി തുടച്ച് വാസ്ലിൻ പുരട്ടും. പപ്പയുടെ താടിയും മീശയും ഷേവ് ചെയ്യുന്നതും ഞാനായിരുന്നു. സിന്ധുച്ചേച്ചി (സിന്ധു ജോയി) ഇലക്ഷന് മത്സരിക്കുമ്ബോള്‍ പ്രചാരണത്തിന്റെ ഭാഗമായി രണ്ടാഴ്ച ഞാൻ കൊച്ചിയില്‍ തങ്ങി. ഇടയില്‍ പപ്പയുടെ ഫോണ്‍ വന്നു. വേഗം വാ ഷേവ് ചെയ്തിട്ട് ദിവസങ്ങളായെന്നും പറഞ്ഞ്.
ഞാൻ എം.എ.യ്ക്ക് പഠിക്കുമ്ബോള്‍ പപ്പയ്ക്ക് വീണ്ടും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി. അന്ന് ഞാൻ സിൻഡിക്കേറ്റ് മെമ്ബർ ആണ്. പപ്പയുടെ കാല്പാദത്തില് ഒരു ചെറിയ മറുക് കണ്ടു. കാല് മുറിക്കേണ്ട സ്ഥിതിയാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അതറിഞ്ഞാല്‍ പപ്പ തകർന്നുപോകും. അതുകൊണ്ട് പറഞ്ഞില്ല. പിന്നെ അമൃതയിലെ ചികിത്സയില്‍ കാലില്‍നിന്ന് പഴുപ്പ് വലിച്ചെടുത്ത് വീട്ടിലേക്ക് വന്നു. മുറിവ് എങ്ങനെയോ ഉണങ്ങി.
പപ്പയ്ക്ക് ഞങ്ങളില്‍ ആരെയാ ഇഷ്ടമെന്ന് മമ്മിയും ഞാനും ഇടയ്ക്ക് ചോദിക്കാറുണ്ടായിരുന്നു. പപ്പ കള്ളച്ചിരിയോടെ ഉത്തരം പറയാതെ ഒഴിഞ്ഞുമാറാറാണ് പതിവ്. അന്ന് വൈകീട്ട് മമ്മി ഇതേ ചോദ്യം ചോദിച്ചു. ‘നിനക്ക് നിന്റെ മോളെയല്ലേ ഇഷ്ടം. എനിക്കും എന്റെ മോളെയാണ്’ എന്നായിരുന്നു മറുപടി. അന്ന് രാത്രി അത്താഴം കഴിഞ്ഞ് ഞാൻ ഉറങ്ങാൻ മുകളിലെ മുറിയിലേക്ക് പോയി. രാത്രി വൈകി മമ്മി വിളിക്കുന്നു. പപ്പയ്ക്ക് ശ്വാസംമുട്ടുന്നു, വേഗം വാ എന്നും പറഞ്ഞ്. ഞാൻ വെപ്രാളത്തില്‍ പടികളിറങ്ങി താഴേക്ക് ചെല്ലുമ്ബോള് പപ്പ പറയുന്നുണ്ട് പതിയെ വാ മോളേ, വീഴല്ലേ എന്ന്. പപ്പ ആകെ വിയർത്തുകുളിച്ചിട്ടുണ്ട്.
പാതിരാനേരമാണ്. ആശുപത്രിയില്‍ കൊണ്ടുപോകാൻ വണ്ടി തിരക്കി റോഡിലേക്ക് ഓടി. ആ വഴി വന്ന ഓട്ടോ തടഞ്ഞുനിർത്തി. പക്ഷേ, ഓട്ടോയില്‍ കൊണ്ടുപോകാൻ കഴിയില്ലെന്ന് പറഞ്ഞ് ഡ്രൈവർ പോയി. പിന്നെ അടുത്ത വീട്ടിലുള്ളവരെ വിളിച്ചുണർത്തി അവരുടെ കാറില്‍ ആശുപത്രിയിലേക്ക് പോയി. പക്ഷേ, അവിടെയെത്തുംമുൻപ് മമ്മിയുടെ മടിയില്‍ കിടന്ന് പപ്പ മരിച്ചു.
ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചു. കൈയില്‍ അന്ന് ഫോണില്ല. എസ്.എഫ്.ഐ. സ്റ്റേറ്റ്കമ്മിറ്റി ഓഫീസിലെ നമ്ബർ മാത്രമേ കാണാതെ അറിയുകയുള്ളൂ. ആ നമ്ബറില്‍ വിളിച്ച് കാര്യം പറഞ്ഞു. പി. ബിജുവും സ്വരാജും എ.എൻ.ഷംസീറും എല്ലാവരും ചേർന്ന് കാര്യങ്ങളെല്ലാം ഏർപ്പാടാക്കി. കുറച്ചുകൂടി നേരത്തേ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ പപ്പ മരിക്കില്ലായിരുന്നു എന്ന തോന്നല്‍ കുറേനാള്‍ ഒപ്പമുണ്ടായിരുന്നു. അന്നൊക്കെ ഉറങ്ങിയാലുടൻ സ്വപ്നം കാണും. പപ്പയെ കുഞ്ഞിനെപ്പോലെ എടുത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്ന സ്വപ്നം.
മമ്മിക്ക് പാത്രം കരിക്കുന്ന പതിവുണ്ട്. അടുപ്പില്‍ ചായ തിളയ്ക്കാൻ വെച്ചിട്ട് അതുംമറന്ന് ആരോടെങ്കിലും സംസാരിക്കാൻ പോകും. മമ്മി കരിച്ച പാത്രം മാറ്റിവാങ്ങാൻ ചിന്നക്കടയില്‍ പോകലായിരുന്നു പപ്പയുടെയും എന്റെയും ജോലി. ഇപ്പോഴും അടുക്കളയില്‍നിന്ന് പാത്രം കരിഞ്ഞ മണം വരുമ്ബോ ഞാനുറക്കെ പറഞ്ഞുപോകും, പപ്പാ മമ്മി പാത്രം കരിച്ചെന്ന്. പപ്പ ഇപ്പോഴും കൂടെയുണ്ടെന്ന തോന്നലാണ്.”
അമ്മയുടെ കരുതല്‍
”രാഷ്ട്രീയത്തില്‍ ഞാൻ സജീവമാകുന്നതിനോട് പപ്പയ്ക്കോ മമ്മിക്കോ എതിർപ്പുണ്ടായിരുന്നില്ല. എങ്കിലും ചില അവസരങ്ങളില്‍ അവർ ഭയന്നുപോയിട്ടുണ്ട്.” അങ്ങനെയൊരു സംഭവം ചിന്ത ഓർത്തെടുത്തു. ”ഫാത്തിമയില്‍ ഡിഗ്രിക്ക് പഠിക്കുന്നകാലം. ഒരുദിവസം വീട്ടില്‍ പോലീസെത്തി. ചിന്ത ജെറോമിന് വാറണ്ട് ഉണ്ടെന്നും പറഞ്ഞ് അവർ അകത്തേക്ക് നോക്കി. ഞാൻതന്നെയാണ് ചിന്ത ജെറോം എന്ന് പറഞ്ഞപ്പോള്‍ അവർക്ക് അമ്ബരപ്പ്. കോളേജ് മാനേജ്മെന്റ് കൊടുത്ത കേസില്‍ ഞാൻ രണ്ടാംപ്രതിയാണ്. നാല്പത് പ്രതികളിലെ ഒരേയൊരു പെണ്‍കുട്ടി. പപ്പയും മമ്മിയും പേടിച്ചു. പക്ഷേ, പോലീസ് പിടിച്ചുകൊണ്ടുപോയൊന്നുമില്ല. പിന്നെ ജാമ്യമെടുത്തു. പപ്പ മരിച്ചശേഷം സമരങ്ങളിലൊക്കെ പങ്കെടുക്കുമ്ബോള്‍ അമ്മ അവിടെ എന്നെ അന്വേഷിച്ച് വരും.”
ദൂരെ എവിടെയെങ്കിലും മോളുടെ ചുരിദാറിന്റെ ഒരറ്റമെങ്കിലും കണ്ടില്ലെങ്കില്‍ ടെൻഷനാണെന്ന് അമ്മ. ”ഇത്ര വലുതായില്ലേ, ഇനിയിങ്ങനെ മോളുടെ പുറകേ നടക്കണോ എന്ന് ചോദിക്കാറുണ്ട് പലരും. എനിക്ക് അവളല്ലേയുള്ളൂ. ടെൻഷനടിക്കാതിരിക്കാനാകുമോ.” അമ്മ പറയുന്നു.
എപ്പോഴും ഒപ്പം
”ഞാൻ എവിടെപ്പോയാലും ഒപ്പം അമ്മ കാണും. പപ്പയുള്ള സമയത്ത് അമ്മയും ഞാനും ഇടയ്ക്കൊക്കെ വഴക്കുകൂടാറുണ്ടായിരുന്നു. അന്നേരം പപ്പ പറയും വഴക്കുകൂടല്ലേ എന്ന്. പപ്പ മരിച്ചപ്പോള്‍ മമ്മിയും ഞാനും കൂടി ഇനി വഴക്കുകൂടില്ലെന്ന തീരുമാനമെടുത്തു. എങ്കിലും ഇപ്പോഴും ഇടയ്ക്കൊക്കെ വഴക്കിടാറുണ്ട്. അമ്മയെ കൂട്ടാതെ എവിടെയെങ്കിലും പോയാല്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെയോമറ്റോവന്നാല് എനിക്ക് ആശങ്കയാണ്. തിരിച്ച് അമ്മയ്ക്കും അതങ്ങനെയാണ്.”
കുടുംബം പോലെ
”സഖാക്കളും പാർട്ടിയുമാണ് ഞങ്ങളുടെ കുടുംബം. എനിക്കേറ്റവും സ്നേഹവും ബഹുമാനവും പിണറായി സഖാവിനോടാണ്. അദ്ദേഹം എന്നെ നോക്കി ഒന്ന് ചിരിച്ചാല്തന്നെ നിറയും. കോടിയേരിസഖാവിനോടും അതങ്ങനെയായിരുന്നു. ‘മിണ്ടാതിരുന്നിട്ട് ഇറങ്ങിപ്പോകാനല്ല നിങ്ങളെ കമ്മിറ്റിയില്‍ എടുത്തത്. കമ്മിറ്റിക്കകത്തെ ചർച്ചകളില്‍ പങ്കെടുക്കണം.’ അതായിരുന്നു അദ്ദേഹം അവസാനം തന്ന ഉപദേശം.
കോവിഡ് സമയത്ത് മമ്മിക്ക് സ്ട്രോക്ക് വന്നു. അതിനൊപ്പം കോവിഡ് പോസിറ്റീവുമായി. സ്വകാര്യ ആശുപത്രിയിലാണ് ആദ്യം കാണിച്ചത്. കോവിഡിനൊപ്പം സ്ട്രോക്കിന്റെ ചികിത്സ തുടങ്ങാൻ ആ സ്വകാര്യ ആശുപത്രിയില്‍ പരിമിതികള്‍ ഉണ്ടായിരുന്നു. അന്ന് വൈകുന്നേരമായപ്പോഴേക്കും മമ്മിക്ക് നാവ് കുഴഞ്ഞുതുടങ്ങി. ഭക്ഷണം ഇറക്കാൻപറ്റുന്നില്ല. ഞാനാകെ പേടിച്ച് കമലേച്ചിയെ (പിണറായി വിജയന്റെ ഭാര്യ) വിളിച്ചു. കമലേച്ചി ഫോണ്‍ സിഎമ്മിന് കൊടുത്തു. പെട്ടെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാൻ അദ്ദേഹം പറഞ്ഞു. ഞാൻ ഡ്രസ്സും മറ്റ് അത്യാവശ്യ സാധനങ്ങളും എടുക്കാൻ വീട്ടിലേക്ക് പോയി. വീട്ടില്‍ നില്‍ക്കുമ്ബോള്‍ ആശുപത്രിയില്‍നിന്ന് ഫോണ്‍ വന്നു. മെഡിക്കല്‍ കോളേജിലേക്ക് പോകാൻ ആംബുലൻസ് വന്നു. അമ്മ പുറത്ത് നില്ക്കുന്നു. വേഗം വരാൻ പറയുന്നുണ്ട്. ഞെട്ടിപ്പോയി. സി.എം എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ അമ്മയുടെ ആരോഗ്യം മെച്ചപ്പെട്ടു.
”അതിനിടെ ഒരു തമാശയുണ്ടായി അത് പറയട്ടേ?” എന്ന് ചിന്ത അമ്മയോട് ചോദിച്ചു. ”അത് പറയല്ലേ” എന്നായി അമ്മ. എന്തായാലും പറയുമെന്ന് ചിന്ത. ചിന്ത ഒടുവിലാ തമാശ വെളിപ്പെടുത്തി. ”മമ്മി ഐ.സി.യു.വിലായിരുന്നു. ഒരുദിവസം ഒരു ഡോക്ടറെന്നെ വിളിച്ചു. ബ്രെയിൻ സ്റ്റെമ്മിലാണ് സ്ട്രോക്ക് വന്നത്. പക്ഷേ, അതിന്റെ ലക്ഷണങ്ങള്ക്കുപുറമേ മറ്റുചില ലക്ഷണങ്ങള്‍കൂടി മമ്മി കാണിക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാൻ എന്താ ആ ലക്ഷണങ്ങള്‍ എന്ന് ചോദിച്ചു. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ പറയുന്നു എന്നതായിരുന്നു മറുപടി. എന്ത് കാര്യങ്ങളാണ് എന്ന് ഞാൻ അന്വേഷിച്ചു. എന്നെ ഇവിടേക്ക് കൊണ്ടുവന്നത് സി.എം ആണെന്നും ഷൈലജ ടീച്ചർ വിളിച്ചു എന്നുമൊക്കെ ഇടയ്ക്ക് പറയുന്നുണ്ടത്രേ. എനിക്ക് ചിരിവന്നു. ഞാൻ പറഞ്ഞു ഡോക്ടറേ അത് രോഗലക്ഷണമല്ല ചെറിയ പൊങ്ങച്ചമാണെന്ന്. ”
മകളുടെ തമാശ ആസ്വദിച്ചെങ്കിലും അമ്മയ്ക്ക് ഒരു തിരുത്തുണ്ടായിരുന്നു. ”അതൊന്നും പൊങ്ങച്ചമായിരുന്നില്ല. അത്രയും വലിയ മനുഷ്യർ എന്നെ സഹായിക്കാൻ ഉണ്ടായതിന്റെ സന്തോഷമായിരുന്നു. ചിന്തയെ ഇഷ്ടമുള്ളവർക്കെല്ലാം എന്നെയും ഇഷ്ടമാണ്. അവർക്ക് അവള് മോളെപ്പോലെ ആയതുകൊണ്ടാകാം.
ശ്രീമതിട്ടീച്ചറുമായി എനിക്ക് നല്ല അടുപ്പമാണ്. ഇപ്പോള്‍ ഉടുത്തിരിക്കുന്ന സാരി ടീച്ചർ വാങ്ങിത്തന്നതാണ്. കമലസഖാവ് ഈ ഓണത്തിനും സാരി വാങ്ങിത്തന്നു. ബേബിസഖാവ് ബെറ്റിയെ കല്യാണംകഴിക്കുന്ന സമയത്ത് ബെറ്റിയുടെ അമ്മയ്ക്ക് ഒരു സാരി വാങ്ങിക്കൊടുത്തിരുന്നു. ഈയടുത്ത് ബെറ്റി ആ സാരി എനിക്ക് തന്നു. എന്നെ അമ്മയെപ്പോലെ കാണുന്നതുകൊണ്ടാകാം. ”
പപ്പയെപ്പോലെ മധുസാർ
യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സണ്‍ ആയിരുന്ന സമയം മുതല്‍ ചിന്തയുടെ ജീവിതത്തില്‍ മലയാളത്തിന്റെ പ്രിയ നടൻ മധുവുണ്ട്. ”ഒരു പരിപാടിയില്‍ പങ്കെടുക്കാൻ മധുസാറിനെ ക്ഷണിച്ചിരുന്നു. അന്നാണ് അദ്ദേഹത്തെ ആദ്യമായി നേരില്‍ കാണുന്നത്. പരിപാടിക്ക് അദ്ദേഹം വന്നു. പിന്നെയൊരിക്കല്‍ അദ്ദേഹമെന്റെ ഫോണിലേക്ക് വിളിച്ചു. കൊല്ലത്ത് ഉണ്ടെന്നും വീട്ടിലേക്ക് വരുന്നുണ്ടെന്നും പറഞ്ഞു. അദ്ദേഹം വന്നു. പപ്പയുമായി വലിയ കൂട്ടായി. അതൊരു വലിയ ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു. അദ്ദേഹത്തിന് ഞാൻ മകളെപ്പോലെയായി.
പപ്പ മരിച്ച ദിവസം ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവെച്ച് അദ്ദേഹം വന്നു. സെമിത്തേരിയില്‍ അടക്കം കഴിയുന്നതുവരെ അദ്ദേഹം ഒപ്പം നിന്നു.” ചിന്തയുടെ കല്യാണത്തിന് പപ്പയുടെ സ്ഥാനത്ത് നിന്ന് കാര്യങ്ങള്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന് അമ്മ. എന്തുകാര്യം പറഞ്ഞാലും മമ്മി വിഷയം കല്യാണത്തിലേക്ക് എത്തിക്കുമെന്ന് ചിന്ത.
തുടരുന്ന ട്രോളുകള്‍
തങ്കശ്ശേരിയില്നിന്നുള്ള തിരിവുകടന്ന് കാർ ക്രൗണ്‍ ബേക്കറിക്ക് മുന്നില്‍ ബ്രേയ്ക്കിട്ടു. ”ഇവിടത്തെ ബനാന കേക്ക് ചിന്തയ്ക്ക് ഭയങ്കര ഇഷ്ടമാണ്.” അമ്മയിറങ്ങി കേക്ക് വാങ്ങി. ചിന്ത ട്രോളുകളെപ്പറ്റി സംസാരിച്ചുതുടങ്ങി. ”സ്നേഹത്തിന്റെ കാര്യത്തില്‍ ഞാൻ വളരെ സമ്ബന്നയാണ്. മുതിർന്ന സഖാക്കളടക്കം ഒരുപാടാളുകളുടെ സ്നേഹംകിട്ടി. അവരൊക്കെയും എന്നെ അറിയാവുന്നവരാണ്. പക്ഷേ, തീർത്തും അപരിചിതരായവരില്നിന്ന് അതല്ല അനുഭവം. സോഷ്യല്‍മീഡിയയിലൊക്കെ വല്ലാതെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീയായതുകൊണ്ടാകാം രൂപവും വേഷവും ചിരിയുമൊക്കെവെച്ച് പരിഹസിച്ചവരുണ്ട്. ഞാൻ ഇടയ്ക്ക് മമ്മിയോട് ചോദിക്കും മമ്മീ നമ്മളോട് എല്ലാവർക്കും സ്നേഹമാണ്. പക്ഷേ, നമ്മളെ അറിയാത്തവർക്ക് എന്താ ഇത്ര ദേഷ്യമെന്ന്. ”
വിടാതെ വിവാദങ്ങള്‍
വിവാദങ്ങളെയും ട്രോളുകളെയും അതിജീവിച്ചതെങ്ങനെയെന്ന് ചിന്ത വിശദീകരിച്ചു. ”ചങ്കിലെ ചൈന, ചുംബനസമരവും ഇടതുപക്ഷവും, അതിശയപ്പത്ത് എന്നീ പുസ്തകങ്ങള്‍ ഞാൻ എഴുതിയിട്ടുണ്ട്. അതില്‍ ‘ചങ്കിലെ ചൈന’ വ്യാപകമായി ട്രോളിന് ഇരയായി. അതുപോലെ പിഎച്ച്.ഡി പ്രബന്ധവും.
അടിസ്ഥാനമില്ലാത്ത കാര്യങ്ങളില്‍ ആക്രമിക്കപ്പെടുമ്ബോള്‍ നിസ്സഹായത തോന്നും. ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ എന്നൊരു സെമിനാർ ഐക്യരാഷ്ട്രസഭ നടത്തുകയുണ്ടായി. ജർമനിയില്‍ നടന്ന ആ സെമിനാറില്‍ യൂത്ത്കമ്മിഷൻ ചെയർപേഴ്സണ്‍ എന്നനിലയില്‍ ഞാൻ പങ്കെടുത്തു. യാത്രയുടെ മുഴുവൻ ചെലവും ഐക്യരാഷ്ടസഭയാണ് വഹിച്ചത്. പക്ഷേ, സർക്കാർചെലവില്‍ ഉല്ലാസയാത്ര നടത്തി എന്നായിരുന്നു ആരോപണം.
കൊല്ലത്തെ വീടിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സമയത്ത് ഞങ്ങള്‍ വാടകയ്ക്ക് മാറിത്താമസിച്ചു. മമ്മിയുടെ ആരോഗ്യം മോശമായ സമയമായിരുന്നു. എനിക്കൊപ്പം യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. സഹായത്തിന് എപ്പോഴും ആരെങ്കിലും കൂടെ വേണം. അതെല്ലാം കണക്കിലെടുത്ത് വൈദ്യസഹായം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള സ്ഥലമാണ് തിരഞ്ഞെടുത്തത്. മമ്മിക്ക് പെൻഷനുണ്ട്. പപ്പയുടെ കുടുംബപെൻഷനും ലഭിക്കും. വാടകകൊടുക്കാൻ അത് മതി. എന്നിട്ടും ആഡംബരജീവിതം എന്ന ആരോപണത്തെ നേരിട്ടു.
മാട്രിമോണിയല്‍ സൈറ്റില്‍ എന്റെ വിവാഹ പരസ്യവും വിവാദമായി. യൂത്ത് കമ്മിഷൻ ചെയർ പേഴ്സണായിരിക്കെ ശമ്ബള വിവാദത്തിലേക്കും വലിച്ചിഴച്ചു. എനിക്കും മുമ്ബും പിമ്ബും ആ പദവി വഹിച്ചവർ കൈപ്പറ്റിയ അതേ ശമ്ബളമേ എനിക്കും ഉണ്ടായിരുന്നുള്ളൂ. ചിലപ്പോഴൊക്കെ ഇത്തരം വിഷയങ്ങള്‍ മമ്മിയെയും വേദനിപ്പിച്ചിട്ടുണ്ട്.”
അങ്ങനെയൊരു വിഷമം അമ്മ ഓർത്തെടുത്തു… ”ചിന്തയ്ക്കൊപ്പം യാത്രചെയ്യുമ്ബോള്‍ കാപ്പി വാങ്ങിക്കുടിച്ചാല്പോലും പഴി കേള്‍ക്കേണ്ടി വരാറുണ്ട്. സർക്കാർചെലവില്‍ കാപ്പി കുടിച്ചെന്ന് പറയും. എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. ഞാൻ സ്വന്തംകാലില്‍ ജീവിച്ച സ്ത്രീയല്ലേ. ഒരു കാപ്പി വാങ്ങിക്കുടിക്കാനുള്ള പണം എന്റെ കൈയിലില്ലേ?”
ഇനി കല്യാണം
വർത്തമാനത്തിനിടെ ചിന്തയുടെ നീല ബലേനോ വിമലഹൃദയ സ്കൂളിനും അരികിലെ ദേവാലയത്തിനും ഇടയിലുള്ള ഇടവഴിയിലേക്ക് കടന്നു. മുറ്റത്ത് മാവ് തണല്ചൂടി നില്ക്കുന്ന വീടിന് മുന്നില്‍ വണ്ടി നിർത്തി. സ്വീകരണമുറിയുടെ ചുവരില്‍ ഇ.എം.എസ്സും ചെഗുവേരയും. തട്ടലമാരയില് ബുദ്ധനും കൃഷ്ണനും അയ്യപ്പനും ഉറങ്ങുന്ന പരിശുദ്ധ ഔസേപ്പ് പിതാവും.
‘ചിന്ത വിശ്വാസിയാണോ?’ വെറുതേ ചോദിച്ചു. ”മമ്മി കടുത്ത വിശ്വാസിയാണ്. മമ്മിയുടെ കൂടെ പള്ളിയില്‍ പോകും. അമ്ബലത്തിലും മുസ്ലിം പള്ളിയിലുമെല്ലാം മമ്മി നേർച്ചയിടാറുണ്ട്. മമ്മിക്ക് പോകേണ്ടിടത്തൊക്കെ ഞാൻ കൊണ്ടുപോകും. വിശ്വാസവും അവിശ്വാസവും തമ്മിലുള്ള അന്തരമല്ല കമ്യൂണിസം അഡ്രസ് ചെയ്യുന്നത്. ഉള്ളവനും ഇല്ലാത്തവനും ഇടയിലെ അകലമാണ് ഇടതുപ്രത്യയശാസ്ത്രത്തിന്റെ വിഷയം.”
വർത്തമാനത്തിനിടെ ക്രൗണിലെ കേക്കും കടുപ്പമൊത്ത ചായയും മേശപ്പുറത്തെത്തി. ചായയുടെ ഇടവേളയില്‍ അമ്മയുടെ സംസാരം വീണ്ടും കല്യാണത്തിലേക്കെത്തി. ”മുറ്റത്ത് ഭംഗിയുള്ള കുറെ ചെടികള്‍ നടണം. ആറുമാസത്തിനുള്ളില്‍ കല്യാണം നടത്തണം. ചിന്തയുടെ കെട്ട് പള്ളിയില്‍വെച്ച് നടത്തണമെന്നാണ് എനിക്ക്.”
അമ്മയുടെ സ്വപ്നങ്ങള്‍ക്ക് ഒരു ചിരി മറുപടിയായി നല്കി ചിന്ത പൊതുസമ്മേളനങ്ങളുടെ തിരക്കിലേക്കിറങ്ങി.