video
play-sharp-fill
ഓട്ടോറിക്ഷയ്‌ക്ക് സൈഡ്‌ കൊടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം;  പിഞ്ചുകുഞ്ഞടക്കമുള്ള കുടുംബത്തിന്‌ നേരേ പട്ടാളക്കാരൻ്റെ  മുളക്‌സ്‌പ്രേ ആക്രമണം

ഓട്ടോറിക്ഷയ്‌ക്ക് സൈഡ്‌ കൊടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം; പിഞ്ചുകുഞ്ഞടക്കമുള്ള കുടുംബത്തിന്‌ നേരേ പട്ടാളക്കാരൻ്റെ മുളക്‌സ്‌പ്രേ ആക്രമണം

സ്വന്തം ലേഖകൻ

അടിമാലി: ഓട്ടോറിക്ഷയ്‌ക്ക് സൈഡ്‌ കൊടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ പിഞ്ചുകുഞ്ഞടക്കമുള്ള കുടുംബത്തിന്‌ നേരെ മുളക്‌സ്‌പ്രേ ആക്രമണം.

നേര്യമംഗലത്തിന്‌ സമീപം ഏഴു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞടക്കം ഏഴംഗ കുടുംബത്തിനു നേരെയാണു മുളക്‌സ്‌പ്രേ ആക്രമണം നടന്നത്‌. പഴമ്പള്ളിച്ചാല്‍ കല്ലുവെട്ടിക്കുഴി ഏലിക്കുട്ടി മാര്‍ക്കോസ്‌ (67), മകന്‍ ഷാജി മാര്‍ക്കോസ്‌ (50), ഷൈമോന്‍ ഷാജി (24), സിജിയ (19), സിജീഷ്‌ ഷാജി (26), അല്‍ഫിയാ (23), ഇവരുടെ മകള്‍ ഏഴ്‌ മാസം പ്രായമുള്ള ഇവാനിയ എന്നിവര്‍ക്ക്‌ ആക്രമണത്തില്‍ പരുക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേര്യമംഗലം പാലത്തില്‍ ബ്ലോക്ക്‌ ആയിരുന്ന വാഹനങ്ങള്‍ ഒറ്റവരിയായി അടിമാലിക്ക്‌ വരികയായിരുന്നു. ഇതിനിടെ അഞ്ചാം മൈലില്‍ വാഹനങ്ങളെ മറികടന്നു വരുന്നതിനിടെ സൈഡ്‌ കൊടുക്കാത്തത്തിനെ ചൊല്ലി ഉണ്ടായ വാക്കുതര്‍ക്കമാണ്‌ ആക്രമണത്തില്‍ കലാശിച്ചതെന്ന്‌ പൊലീസ്‌ പറഞ്ഞു.

കുടുംബം സഞ്ചരിച്ച കാറിന്‌ തടസം സൃഷ്‌ടിച്ച്‌ അസഭ്യം പറഞ്ഞ പട്ടാളക്കാരനും സഹോദരനും ഷാജി മാര്‍ക്കോസിനെ ആക്രമിച്ചു. ഉടന്‍ വാഹനത്തില്‍ കരുതിയിരുന്ന മുളക്‌ സ്‌പ്രേ എടുത്ത്‌ കുടുംബത്തിനു നേരെ സ്‌പ്രേ ചെയ്യുകയായിരുന്നു.

സ്‌പ്രേ ചെയ്‌തതിന്‌ ശേഷം സംഘം കുടുംബാംഗങളെ മര്‍ദിച്ചു. ഷാജി മാര്‍ക്കോസിന്‌ കാലിന്‌ പരുക്കേറ്റു.
മൂക്കിന്‌ ഗുരുതരമായി പരുക്കേറ്റ സിജീഷ്‌ മാത്യുവിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാക്കി കുടുംബാംഗങ്ങളെ അടിമാലി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ബൈസണ്‍വാലി സ്വദേശിയും പട്ടാളക്കാരനുമായ കുന്നുംകുഴിയില്‍ ശ്യാംകുമാര്‍, സഹോദരന്‍ സോബിറ്റ്‌ എന്നിവരും അടിമാലി താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടി.