കാസര്‍ഗോഡ് ഉല്ലാസ യാത്രയ്ക്ക് പോയ കുടുംബം പാര്‍ക്കില്‍ കുഞ്ഞിനെ മറന്ന് വെച്ചു; വിവരം അറിഞ്ഞത് രാത്രിയിൽ വീട്ടിൽ എത്തിയതിന് ശേഷം
സ്വന്തം ലേഖിക
ഉദുമ: ഉല്ലാസ യാത്രയ്ക്ക് പോയ കുടുംബം സ്വന്തം കുഞ്ഞിനെ പാര്‍ക്കില്‍ വെച്ച് മറന്നു. യാത്ര കഴിഞ്ഞ് രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞ് കൂടെയില്ലാത്ത വിവരം വീട്ടുകാര്‍ തിരിച്ചറിയുന്നത്.
ഉടൻ തന്നെ കുടുംബം കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി വാട്സാപ്പ് ഗ്രൂപ്പുകളില്‍ ശബ്ദസന്ദേശങ്ങള്‍ കൈമാറി. ഒടുവില്‍ നാലു വയസ്സുകാരനെ മറ്റൊരു കുടുംബത്തിന്റെ സഹായത്തോടെ രക്ഷിതാക്കളില്‍ എത്തിച്ചു.
വ്യാഴാഴ്ച രാത്രി ബേക്കല്‍ റെഡ് മൂണ്‍ പാര്‍ക്കിലാണ് സംഭവം. കാസര്‍കോട് മൊഗ്രാല്‍ പുത്തൂരില്‍നിന്നും രണ്ട് വാഹനങ്ങളില്‍ കുടുംബക്കാര് ബേക്കല്‍ റെഡ് മൂണ്‍ പാര്‍ക്കടക്കമുള്ള സ്ഥലങ്ങളില്‍ ഉല്ലാസയാത്ര വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി എട്ടോടെ ഇവര്‍ മടങ്ങിപ്പോകുമ്ബോള് സംഘത്തിലുണ്ടായിരുന്ന ഒരു നാലുവയസ്സുകാരന് പാര്‍ക്കില്‍ ഒറ്റപ്പെട്ടുപോയി. കളിചിരികള്‍ക്കിടെ കുഞ്ഞ് ഒപ്പമുണ്ടോ എന്ന് ആരും ശ്രദ്ധിച്ചതും ഇല്ല.ഒന്നാമത്തെ വാഹനത്തിലുള്ളവര്‍ കുഞ്ഞ് രണ്ടാമത്തെ വാഹനത്തിലുണ്ടെന്ന് വിശ്വസിച്ചു. രണ്ടാം വാഹനത്തിലുള്ളവര്‍ തിരിച്ചും കരുതി.
വീട്ടിലെത്തി കുട്ടിയെ അന്വേഷിച്ചപ്പോഴാണ് കുട്ടി രണ്ട് വാഹനങ്ങളിലും ഇല്ലെന്നറിഞ്ഞത്. ഉടന്‍തന്നെ അടുത്ത പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു.
സാമൂഹികമാധ്യമങ്ങളില്‍ ശബ്ദസന്ദേശവും എഴുതിയ സന്ദേശങ്ങളും പറന്നു. തനിച്ചിരുന്ന് കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനെ തൃക്കരിപ്പൂരില്‍നിന്നുള്ള കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
പിതാവിന്റെ ഫോണ്‍ നമ്ബര്‍ കുഞ്ഞിനറിയാമെന്നറിഞ്ഞതോടെ തൃക്കരിപ്പൂരിലെ കുടുംബം കുട്ടിയെക്കൊണ്ട് വീട്ടിലേക്ക് വിളിപ്പിച്ച് വിവരങ്ങള്‍ കൈമാറി. രാത്രി ഒന്‍പതോടെ മൊഗ്രാലില്നിന്നും വീട്ടുകാര്‍ വീണ്ടും പാര്‍ക്കിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ഇത്രയുംസമയം തൃക്കരിപ്പൂരിലെ കുടുംബവും കുട്ടിക്ക് കാവലായി പാര്‍ക്കിലുണ്ടായിരുന്നു.