തൊടുപുഴയിലെ ഏഴു വയസുകാരന് പിന്നാലെ നൊമ്പരമായി ഇതര സംസ്ഥാനക്കാരനായ കുട്ടി: അമ്മയുടെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി മരിച്ചു: അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും

തൊടുപുഴയിലെ ഏഴു വയസുകാരന് പിന്നാലെ നൊമ്പരമായി ഇതര സംസ്ഥാനക്കാരനായ കുട്ടി: അമ്മയുടെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി മരിച്ചു: അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും

സ്വന്തം ലേഖകൻ

കൊച്ചി: കൊടും കുറ്റവാളി കോബ്രാ അരുണിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ഏഴു വയസുകാരന് പിന്നാലെ നാടിന്റെ നൊമ്പരമായി മറ്റൊരു മൂന്ന് വയസുകാരൻ കൂടി ജീവൻ വെടിഞ്ഞു. ആലുവയിൽ അമ്മയുടെ ക്രൂരമർദനത്തിന് ഇരയായി ദിവസങ്ങളായി ചികിത്സയിൽ കഴിഞ്ഞ മൂന്ന് വയസുകാരനാണ് ദുഖവെള്ളി ദിനത്തിൽ കൊല്ലപ്പെട്ടത്. പൊലീസ് വധശ്രമം ചുമത്തി അറസ്റ്റ് ചെയ്ത അമ്മയ്ക്കെതിരെ ഇനി കൊലക്കുറ്റം ചുമത്തും. ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയ അച്ഛൻ പൊലീസ് നിരീക്ഷണത്തിലാണ്. അമ്മയുടെ മർദനത്തിൽ തലച്ചോറിന് മാരകമായി ക്ഷതം ഏറ്റിരുന്നു. ഇതേ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചതാണ് മരണകാരണം എന്നാണ് സൂചന ലഭിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നെത്തിയ മൂന്നംഗ മെഡിക്കൽ സംഘം കഴിഞ്ഞ ദിവസം കുട്ടിയെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. നിലവിലെ ചികിത്സ തുടരാനാണ് ആശുപത്രി അധികൃതർക്ക് ഇവർ നിർദേശം നൽകിയിരുന്നത്. ഇതിനിടെ മരണം സംഭവിക്കുകയായിരുന്നു. രക്തം കട്ടപിടിച്ച ഭാഗത്ത് തലച്ചോറിൽ നടത്തിയ
ശസ്ത്രക്രിയയ്ക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. തലച്ചോറില്‍ രക്തം കട്ടപിടിച്ച് പ്രവർത്തനം നിലച്ചു തുടങ്ങിയിരുന്നു. പക്ഷേ ജീവന്‍ നിലനിർത്താന്‍ നിലവിലെ ചികിത്സ തുടരണമെന്നാണ് വിദഗ്ധ മെഡിക്കല്‍ സംഘം ആശുപത്രി അധികൃതർക്ക് നല്‍കിയിരുന്ന നിർദേശം നിർദേശം. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ സംഘം ആരോഗ്യവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ , ചികിത്സ ഫലിക്കാതെ ദുഖവെള്ളി ദിനത്തിൽ രാവിലെ മരണം സംഭവിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസുള്ള മകനെ ബുധനാഴ്ചയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്‍റെ ശരീരത്തില്‍ മർദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും പരിശോധനയില്‍ കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്‍റെ അമ്മയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പിച്ചതെന്ന് കണ്ടെത്തിയത്.
കുഞ്ഞിന്‍റെ അമ്മയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ വധശ്രമം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കുട്ടിയുടെ അച്ഛന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ബംഗാള്‍ സ്വദേശിയായ ഇയാളുടെ പശ്ചാത്തലം പരിശോധിക്കാനായി ഏലൂർ പൊലീസ് ബംഗാള്‍ പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. കുഞ്ഞിന് മർദനമേറ്റസമയത്ത് താന്‍ ഉറക്കമായിരുന്നെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.