പുതിയ ചീഫ് സെക്രട്ടറി ആര്? ഡോ കെ വേണുവിന് സാധ്യത; പത്മകുമാറോ ഷെയ്ക്ക് ദർവേസോ പൊലീസ് മേധാവി? ഇന്ന് മന്ത്രിസഭായോഗം തീരുമാനിക്കും..!
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരെ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമായേക്കും. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി വി.വേണു, ഡോ.വി.പി.ജോയിക്കു പകരം ചീഫ് സെക്രട്ടറിയായേക്കും. പൊലീസ് മേധാവിയാക്കാൻ ഡിജിപിമാരായ കെ.പത്മകുമാർ, ഷേക്ക് ദർവേഷ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവരുടെ പാനൽ സർക്കാരിനു യുപിഎസ്‌സി കൈമാറിയിരുന്നു.
30നു വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി പങ്കെടുക്കുന്ന അവസാനത്തെ മന്ത്രിസഭാ യോഗമായതിനാൽ ഇന്നു നേരിട്ടാണു യോഗം.
മുഖ്യമന്ത്രിയുടെ വിദേശയാത്ര, നാട്ടിലെത്തിയശേഷമുള്ള വിശ്രമം എന്നിവ മൂലം കഴിഞ്ഞ മൂന്നു മന്ത്രിസഭാ യോഗങ്ങൾ ഓൺലൈനിലായിരുന്നു. 27 വരെയുള്ള മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ അനാരോഗ്യം മൂലം റദ്ദാക്കിയിരുന്നെങ്കിലും ചീഫ് സെക്രട്ടറി വിരമിക്കുന്ന സാഹചര്യത്തിൽ ഇന്നു 10നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി നേരിട്ടു പങ്കെടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ പത്മകുമാർ ജയിൽ ഡയറക്ടറും ഷേക്ക് ദർവേഷ് സാഹിബ് അഗ്നിരക്ഷാ സേനാ മേധാവിയുമാണ്. ഹരിനാഥ് മിശ്ര കേന്ദ്ര ഡപ്യൂട്ടേഷനിലാണെങ്കിലും സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കപ്പെടാൻ താൽപര്യമറിയിച്ചിരുന്നു. ഇതിൽ ആരെയും സർക്കാരിനു നിയമിക്കാം. മുഖ്യമന്ത്രിക്കു നേരിട്ടു തീരുമാനമെടുക്കാമെങ്കിലും മന്ത്രിസഭായോഗത്തിൽ വയ്ക്കുമെന്നാണു വിവരം.
കഴിഞ്ഞ 8നു വിദേശത്തേക്കു പുറപ്പെട്ട മുഖ്യമന്ത്രി 19നാണു മടങ്ങിയെത്തിയത്. എസ്എഫ്ഐയുമായി ബന്ധപ്പെട്ട വ്യാജസർട്ടിഫിക്കറ്റ് വിവാദം, പ്രതിപക്ഷ നേതാവിനെതിരെയുള്ള വിജിലൻസ് അന്വേഷണം, കെ.സുധാകരനെ പ്രതിചേർക്കൽ, അറസ്റ്റ്, മാധ്യമപ്രവർത്തകർക്കെതിരെയുള്ള പൊലീസ് നടപടികൾ എന്നിവയെല്ലാം ഇക്കാലയളവിലുണ്ടായി.
വിദേശയാത്രയിലെ ഓരോ പരിപാടിയും അന്നേദിവസം തന്നെ മുഖ്യമന്ത്രിയുടെ സമൂഹമാധ്യമപേജിൽ പോസ്റ്റ് ചെയ്തിരുന്നു. നാട്ടിൽ തിരിച്ചെത്തിയശേഷം വായനാദിനത്തിൽ ആശംസയും മുൻ മന്ത്രി എം.എ.കുട്ടപ്പന്റെ നിര്യാണത്തിൽ അനുശോചനവും രേഖപ്പെടുത്തി. പകർച്ചപ്പനിയെ നേരിടാനുള്ള ആഹ്വാനം, രാജ്യാന്തര ലഹരിവിരുദ്ധ ദിനത്തിലെ പ്രസ്താവന എന്നിവയും സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇതിനപ്പുറം വാർത്തയായ വിഷയങ്ങളിലൊന്നും പ്രതികരണമുണ്ടായില്ല.