play-sharp-fill
തിന്നുന്ന ചിക്കന് കൊല്ലുന്ന വില; വില കേട്ടാൽ കരൾ ബീഫാകും..! ചിക്കൻ ബീഫ് വില ആകാശം മുട്ടുന്നു; നടപടികളില്ലാതെ സർക്കാർ; ഹോട്ടൽ വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലേയ്ക്ക്

തിന്നുന്ന ചിക്കന് കൊല്ലുന്ന വില; വില കേട്ടാൽ കരൾ ബീഫാകും..! ചിക്കൻ ബീഫ് വില ആകാശം മുട്ടുന്നു; നടപടികളില്ലാതെ സർക്കാർ; ഹോട്ടൽ വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലേയ്ക്ക്

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ ലോക്ക് ഡൗൺ കാലത്ത്, എളുപ്പത്തിൽ കറിയുണ്ടാക്കാൻ നാട്ടുകാർ മുഴുവൻ ആശ്രയിക്കുന്ന ചിക്കന് കൊല്ലുന്ന വില..! മന്ത്രി തോമസ് ഐസക്ക് നിർദേശിച്ചതിന്റെ ഇരട്ടിവിലയ്ക്കാണ് ജില്ലയിൽ ഇപ്പോൾ ചിക്കൻ വിൽക്കുന്നത്. കോട്ടയം മാർക്കറ്റിൽ ഒരു കിലോ ചിക്കൻ 160 രൂപയ്ക്കു വിൽക്കുമ്പോൾ, ബീഫിന്റെ വില 350 കഴിഞ്ഞു…!


കൊവിഡ് 19 ന് പിന്നാലെ യാതൊരു മാനദണ്ഡവുമില്ലാതെ ചിക്കന്റെയും ബീഫിന്റെയും വില വർദ്ധിപ്പിച്ചതോടെ പ്രതിസന്ധിയിലായത് ഹോട്ടൽ ഉടമകളാണ്. ലോക്ക് ഡൗണിനെ തുടർന്നു ജില്ലയിലെ 90 ശതമാനം ഹോട്ടലുകളും രണ്ടു മാസമായി അടഞ്ഞു കിടക്കുകയാണ്. തുറന്നു പ്രവർത്തിക്കുന്നവ തന്നെ കടുത്ത പ്രതിസന്ധിയിലുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് ഇപ്പോൾ യാതൊരു മാനദണ്ഡവുമില്ലാതെ ചിക്കന്റെയും ബീഫിന്റെയും വില വർദ്ധിപ്പിക്കുന്നത്. ഒരാഴ്ചയ്ക്കിടയിൽ 22 മുതൽ 35 രൂപ വരെയാണ് ചിക്കന് വില കൂടിയിരിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും ജില്ലയിൽഒരു കിലോ ചിക്കൻ വിറ്റത് 160 രൂപയ്ക്കാണ്.

തമിഴ്നാട്ടിൽ നിന്നുള്ള കോഴിവരവ് നിലച്ചതായാണ് വ്യാപാരികൾ ഇപ്പോൾ അവകാശപ്പെടുന്നത്. ഇതാണ് ചിക്കൻ വില ക്രമാതീതമായി കൂടാൻ കാരണമെന്നും വ്യാപാരികൾ പറയുന്നു. എന്നാൽ, മേയ് ആദ്യവാരം ചിക്കന് 117 രൂപയായിരുന്നു വില. എന്നാൽ, രണ്ടാഴ്ച കൊണ്ട് 37 രൂപയാണ് ചിക്കൻ വില വർദ്ധിച്ചിരിക്കുന്നത്. ദിവസവും അഞ്ചൂ രൂപ വീതമെങ്കിലും വർദ്ധിക്കുന്നുണ്ട്.

മുൻ വർഷങ്ങളിൽ നോമ്പ് കാലത്ത് ചിക്കന്റെ വിലയിടിയുകയായിരുന്നു പതിവ്. എന്നാൽ, ഇക്കുറി ലോക്ക് ഡൗണിനെ തുടർന്നു പച്ചക്കറിയുടെ വരവ് കോട്ടയം മാർക്കറ്റിൽ ഇടയ്ക്കു കുറഞ്ഞിരുന്നു. കോട്ടയം മാർക്കറ്റ് ഹോട്ട് സ്പോട്ടിൽ ആയതും, ജില്ല റെഡ് സോണിൽ ആകുകയും ചെയ്തതോടെയാണ് പച്ചക്കറികളുടെ വരവ് കുറഞ്ഞത്.

ട്രോളിംങ് നിരോധനവും ലോക്ക് ഡൗണും ചേർന്നു മീൻ വരവും കുറഞ്ഞു. ഇതോടെ ആളുകൾ കൂടുതലായി ചിക്കനെ ആശ്രയിക്കാൻ തുടങ്ങി. ഇത് മുതലെടുത്താണ് ചിക്കൻ വില തോന്നുംപടി വ്യാപാരികൾ വർദ്ധിപ്പിച്ചത്. എന്നാൽ, ഇതിന്റെ ഗുണം കർഷകർക്കു ലഭിക്കുന്നതുമില്ല.

ലോക്ക് ഡൗണിനെ തുടർന്നു ദിവസങ്ങളോളം അടച്ചിട്ടിരുന്ന ഹോട്ടലുകൾ പാഴ്സൽ സർവീസുകൾക്കായി മാത്രമെങ്കിലും തുറക്കാൻ അനുമതി ലഭിച്ചത് ദിവസങ്ങൾക്കു മുൻപ് മാത്രമാണെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടിയും, സെക്രട്ടറി എൻ.പ്രതീഷും പറയുന്നു. ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്നും പാഴ്സലായി പ്രധാനമായി പോകുന്നത് ചിക്കനും ബീഫും അടക്കമുള്ള വിഭവങ്ങളാണ്.

വിലക്കൂടുതലും, ആവശ്യത്തിന് ലഭിക്കാത്തതും മൂലം ബീഫിനെ സൂക്ഷിച്ചാണ് ഹോട്ടലുകൾ പാഴ്സലിൽ വിളമ്പുന്നത്. ഇതോടെയാണ് ചിക്കൻ വിഭവങ്ങൾക്ക് ആവശ്യക്കാർ കൂടിയത്. എന്നാൽ, പ്രതിസന്ധിയിലായ ഹോട്ടലുകൾക്ക് ഇപ്പോഴുള്ള ചിക്കന്റെ വില കൂടി താങ്ങാൻ സാധിക്കുന്നില്ല.

വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാരിന്റെ കർശന ഇടപെടൽ വേണം. കൊവിഡിന് ശേഷം പല മേഖലകളിലും വില വർദ്ധിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുകയെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.