കാസര്‍കോട് ചെറുവത്തൂരില്‍ പരിശോധന ശക്തം; പരിശോധനയ്ക്കയച്ച 30ല്‍ 24 സാമ്പിളുകളിലും ഷിഗെല്ല സാന്നിധ്യം
സ്വന്തം ലേഖകൻ
കാസര്‍കോട്: ചെറുവത്തൂരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച മിക്ക കുടിവെള്ള സാമ്പിളുകളിലും ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനാല്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്.
പരിശോധനയ്ക്ക് അയച്ച 30 സാമ്പിളുകളില്‍ 24 എണ്ണത്തിലും ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിരുന്നു. പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യാനാണ് തീരുമാനം. സ്കൂളുകള്‍, അങ്കണവാടികള്‍, കുടിവെള്ള വിതരണ പദ്ധതികള്‍, ഗവണ്‍മെന്‍റ് ഓഫീസുകള്‍ എന്നിവയിലെ കുടിവെള്ള സാമ്പിളുകള്‍ പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അഞ്ച് സാമ്പിളുകളില്‍ ഷിഗെല്ലയും 12 എണ്ണത്തില്‍ ഇ കോളിയും മൂന്നെണ്ണത്തില്‍ ഷിഗെല്ല, കോളിഫോം, ഇ കോളി എന്നിവയുടെ സംയുക്ത സാന്നിധ്യവുമാണ് കോഴിക്കോട് റീജ്യണല്‍ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു സാമ്പിളില്‍ സാല്‍മണൊല്ല, ഷിഗല്ല, കോളിഫോം, ഇ കോളി എന്നീ നാല് ബാക്ടീരിയകളുടെ സാന്നിധ്യവുമുണ്ട്.
ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇക്കഴിഞ്ഞ നാലാം തീയതി ചെറുവത്തൂരിലെ ഹോട്ടലുകള്‍ അടക്കമുള്ള ഭക്ഷ്യവില്‍പ്പന ശാലകളില്‍ നിന്ന് ശേഖരിച്ച ജല സാമ്പിളുകളിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്.
ഷവര്‍മ്മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാക്കാന്‍ കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. ഐഡിയല്‍ ഫുഡ് പോയന്റ് കടയിലേക്ക് ഉപയോഗിച്ച ജലസ്രോതസ് പരിശോധിച്ചതോടെയാണ് ഇപ്പോഴത്തെ നിര്‍ണായക കണ്ടെത്തല്‍.
ഇതോടൊപ്പം പരിസര പ്രദേശങ്ങളിലേയും ജല സ്രോതസുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ചെറുവത്തൂരിലെ ജല സ്ത്രോതസുകള്‍ മലിനമാണെന്നാണ് പരിശോധനാ ഫലം വ്യക്തമാക്കുന്നത്. പരിശോധനാ ഫലത്തിന്‍റെ പശ്ചാത്തലത്തില്‍ ഡിഎംഒ ചെറുവത്തൂരിലെ വ്യാപാരികളുടെ അടിയന്തര യോഗം വിളിച്ചു.
പ്രദേശത്ത് കിണറുകള്‍ അടക്കമുള്ളവയില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്താനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. കൂടുതല്‍ ജല സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്യും.
നേരത്തെ ചെറുവത്തൂരില്‍ ഷവര്‍മ്മയില്‍ നിന്ന് വിഷബാധയുണ്ടായതിന് പിന്നാലെ ഭക്ഷ്യ സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഐഡിയല്‍ ഫുഡ് പോയന്റില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്.
ഇവിടെ നിന്നുള്ള ഷവര്‍മ്മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികള്‍ എന്നിവയാണ് കോഴിക്കോട്ടെ റീജ്യണല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചത്.
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.