ജോലി തേടി ചെന്നൈയിൽ എത്തി ; മലയാളി യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ചു ; അപകടം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ
സ്വന്തം ലേഖകൻ
ചെന്നൈ: മലയാളി യുവാവും യുവതിയും ചെന്നൈയിൽ ട്രെയിൻ തട്ടി മരിച്ചു. പെരിന്തൽമണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതിൽ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം അമ്പലക്കോത്ത് തറോൽ ടി ഐശ്വര്യ (28) എന്നിവരാണ് മരിച്ചത്. ഇരുവരും ജോലി തേടിയാണ് ചെന്നൈയിൽ എത്തിയത്.
ചെവ്വാഴ്ച രാത്രി ഗുഡുവാഞ്ചേരി റെയിൽവേ സ്റ്റേഷനിലെത്തിയ ഇവരെ സ്വീകരിക്കാൻ മുഹമ്മദ് റഫീഖ് എന്ന സുഹൃത്തും എത്തിയിരുന്നു. മൂവരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനേയും ഐശ്വര്യയേയും ട്രെയിൻ ഇടിക്കുകയായിരുന്നു. ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാൽ മുഹമ്മദ് റഫീഖ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷെരീഫ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഐശ്വര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഐശ്വര്യയുടെ സംസ്കാരം ഇന്ന് രാവിലെ 10ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. മുഹമ്മദ് ഷെരീഫിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
മാങ്കാവ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി മോഹൻ ദാസിന്റേയും മെഡിക്കൽ കോളജ് എച്ഡിഎസ് ലാബ് ടെക്നീഷ്യൻ റാണിയുടെ മകളാണ് ഐശ്വര്യ. ചെന്നൈയിൽ ട്രാവൽസ് ഉടമ കിഴക്കേതിൽ സുബൈർ ഹാജിയുടേയും കദീജയുടേയും മകനാണ് മുഹമ്മദ് ഷെരീഫ്.