കലാക്ഷേത്രയിലെ ലൈംഗിക  പീഡനം; മലയാളി അധ്യാപകൻ അറസ്റ്റിൽ..! നടപടി കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിൽ ; ആരോപണവിധേയരായ മറ്റ് അധ്യാപകർക്കെതിരെയും അന്വേഷണം

കലാക്ഷേത്രയിലെ ലൈംഗിക പീഡനം; മലയാളി അധ്യാപകൻ അറസ്റ്റിൽ..! നടപടി കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിൽ ; ആരോപണവിധേയരായ മറ്റ് അധ്യാപകർക്കെതിരെയും അന്വേഷണം

സ്വന്തം ലേഖകൻ

ചെന്നൈ: കലാക്ഷേത്ര ഫൗണ്ടേഷനിലെ രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മലയാളി അധ്യാപകൻ അറസ്റ്റിൽ. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഹരി പത്മനാണ് അറസ്റ്റിലായത്.

ഹരി പത്മനെതിരേ ഐപിസി സെക്ഷൻ 354 എ (ലൈംഗിക പീഡനം) 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്കുകളോ ആംഗ്യങ്ങളോ പ്രവൃത്തികളോ) സ്ത്രീ പീഡന നിയമത്തിലെ സെക്ഷൻ 4 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ചെന്നൈ നോര്‍ത്തില്‍ നിന്നാണ് അധ്യാപകന്‍ പിടിയിലായത്. കേസില്‍ തമിഴ്‌നാട് പൊലീസ് ഞായറാഴ്ച കേരളത്തിലെത്തി സാക്ഷികളായ കുട്ടികളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു.

ആരോപണവിധേയനായ അധ്യാപകന്‍ പെണ്‍കുട്ടിയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി പോലീസ് പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ അധ്യാപകർ തന്നെ ഉപദ്രവിച്ചെന്നും അയാൾ കാരണം തനിക്ക് പഠനം നിർത്തേണ്ടി വന്നെന്നും ഇര പറഞ്ഞിരുന്നു. സ്ഥാപനം വിട്ട ശേഷവും ഇയാള്‍ വിദ്യാര്‍ഥിനിയെ ശല്യം ചെയ്തുകൊണ്ടിരുന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഹരി പദ്മനെ കൂടാതെ നര്‍ത്തകരായ സഞ്ജിത് ലാല്‍, സായി കൃഷ്ണന്‍, ശ്രീനാഥ് എന്നിവര്‍ക്കെതിരേയും വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും പരാതികള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇവരില്‍നിന്ന് വര്‍ഷങ്ങളായി ലൈംഗികാതിക്രമവും അധിക്ഷേപവും നേരിടേണ്ടിവന്നെന്നാണ് അവര്‍ പറയുന്നത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞിരുന്നു.

കാമ്പസ് സന്ദർശിച്ച തമിഴ്‌നാട് വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് 100 ലധികം വിദ്യാർത്ഥികൾ രേഖാമൂലം പരാതി നൽകുകയും കാമ്പസിൽ രണ്ട് ദിവസത്തെ കുത്തിയിരിപ്പ് സമരം പിൻവലിക്കുകയും ചെയ്തു. കലാക്ഷേത്രയില്‍ വിദ്യാര്‍ഥിയൂണിയന്‍ രൂപവത്കരിച്ചാണ് വ്യാഴാഴ്ച സമരം തുടങ്ങിയത്. കെ.കെ. ജിസ്മ പ്രസിഡന്റും ശക്തി ശിവാനി സെക്രട്ടറിയുമായ യൂണിയന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. അധ്യാപകര്‍ക്കെതിരേ ഉയര്‍ന്ന പരാതിയിലും നടപടി ആവശ്യപ്പെട്ടു. ഡയറക്ടര്‍ രേവതി രാമചന്ദ്രനില്‍നിന്നും നൃത്തവിഭാഗം മേധാവി ഡോ. ജ്യോത്സന മേനോനില്‍നിന്നും അധിക്ഷേപം നേരിടേണ്ടിവന്നതായും പരാതിയില്‍ പറയുന്നു.