ലൈംഗിക ചൂഷണത്തെ എതിര്‍ക്കുന്നവരെ ചങ്ങലയ്ക്കിടുകയും, ക്രൂരമായ മര്‍ദ്ദിച്ച് കുരങ്ങുകള്‍ക്കൊപ്പം പാര്‍പ്പിക്കും; തമിഴ്നാട്ടിൽ മൂവാറ്റുപുഴ സ്വദേശികളായ ദമ്പതികള്‍ പിടിയിലായതോടെ പുറത്തുവരുന്നത്  ‘അന്‍പുജ്യോതി ആശ്രമം’ എന്ന സ്ഥാപനത്തിന്റെ  ഞെട്ടിക്കുന്ന വിവരങ്ങൾ

ലൈംഗിക ചൂഷണത്തെ എതിര്‍ക്കുന്നവരെ ചങ്ങലയ്ക്കിടുകയും, ക്രൂരമായ മര്‍ദ്ദിച്ച് കുരങ്ങുകള്‍ക്കൊപ്പം പാര്‍പ്പിക്കും; തമിഴ്നാട്ടിൽ മൂവാറ്റുപുഴ സ്വദേശികളായ ദമ്പതികള്‍ പിടിയിലായതോടെ പുറത്തുവരുന്നത് ‘അന്‍പുജ്യോതി ആശ്രമം’ എന്ന സ്ഥാപനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ

ചെന്നൈ: ‘അന്‍പുജ്യോതി ആശ്രമത്തിലെ അന്തേവാസികളെ മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ മലയാളി ദമ്പതികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവണ്ടിക്ക് സമീപം ഗുണ്ടലപ്പുലിയൂര്‍ ഗ്രാമത്തിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ ബി.ജുബിന്‍, ഭാര്യ ജെ.മരിയ എന്നിവരും മറ്റ് അഞ്ചുപേരുമാണ് അറസ്റ്റിലായത്. ‘അന്‍പുജ്യോതി ആശ്രമം’ എന്ന സ്ഥാപനം നടത്തുന്നവരാണ് അറസ്റ്റിലായവര്‍.

ആശ്രമത്തിലെ അന്തേവാസികളെ ചങ്ങലയ്ക്കിടുകയും കുരങ്ങിനെ ഉപയോഗിച്ച്‌ ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി. ഇതിന് പുറമേ പീഡന പരാതിയും ഉയര്‍ന്നിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ആശ്രമത്തില്‍ നടന്ന ബലാത്സംഗ, പീഡന സംഭവങ്ങള്‍ പുറത്തുവന്നത്. 142 അന്തേവാസികളെ ഇവിടെ നിന്നും മോചിപ്പിച്ചു.

യുഎസില്‍ ജോലി ചെയ്യുന്ന സലിം ഖാനാണ് ആശ്രമത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യാപിതാവ് ജബറുല്ല 2021 ഡിസംബര്‍ മുതല്‍ ഇവിടെയാണ് താമസിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം എത്തിയപ്പോള്‍ അദ്ദേഹത്തെ കാണാനായില്ല. തുടര്‍ന്ന് ഖാന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, വര്‍ഷങ്ങളായി ഷെല്‍ട്ടര്‍ ഹോമില്‍ തടവുകാരെ ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തുകയായിരുന്നു.

തന്നെ വര്‍ഷങ്ങളോളം ബലാത്സംഗത്തിനിരയാക്കിയതായി ഒഡിഷ സ്വദേശിയായ യുവതി രക്ഷാപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. ലൈംഗിക ചൂഷണത്തെ എതിര്‍ത്തപ്പോഴൊക്കെ രണ്ട് കുരങ്ങുകള്‍ക്കൊപ്പം കൂട്ടില‌ടച്ചതായും യുവതി വെളിപ്പെടുത്തുന്നു. ബലാത്സംഗ ശ്രമങ്ങളെ ചെറുത്തപ്പോഴൊക്കെ ക്രൂരമായ മര്‍ദ്ദനം നേരിടേണ്ടി വന്നെന്നും യുവതി വെളിപ്പെടുത്തി.

കഴിഞ്ഞ 17 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമിനെതിരെ നടപടി ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 376 (ബലാത്സംഗത്തിനുള്ള ശിക്ഷ), 1998 ലെ തമിഴ്‌നാട് സ്ത്രീ പീഡന നിരോധന നിയമത്തിലെ സെക്ഷന്‍ 4 എന്നിവ പ്രകാരവും എട്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.