ചെങ്കല്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവറും ലോഡിങ് തൊഴിലാളിയും മരിച്ചു
സ്വന്തം ലേഖകൻ
മട്ടന്നൂർ: ചെങ്കല്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവറും ലോഡിങ് തൊഴിലാളിയും മരിച്ചു. ഇരിട്ടി കുന്നോത്തുനിന്ന് ചെങ്കല്ലുമായി വടകരയിലേക്ക് പോകുന്നതിനിടെ ശനി പുലര്‍ച്ചെ 4.45ന് ഇരിട്ടി റോഡിലായിരുന്നു അപകടം.
ഡ്രൈവര്‍ ഇരിട്ടി വിളമന കുന്നോംചാല്‍ പുനത്താനത്ത് വീട്ടില്‍ അജി എന്ന പി വി അരുണ്‍ വിജയന്‍ (38), ലോഡിങ് തൊഴിലാളി വിളമന വട്ട്യങ്ങാട്ടെ ഞാലിയംമാക്കല്‍ എന്‍ എം രവീന്ദ്രന്‍ (55) എന്നിവരാണ് മരിച്ചത്.
മട്ടന്നൂർ പെട്രോൾ പമ്പ് കഴിഞ്ഞ ഉടൻ നിയന്ത്രണം വിട്ട ലോറി ഹാപ്പിവെഡിംഗിന്റെ മുൻവശത്തെ ഭിത്തിയിലിടിച്ച് കാർ പാർക്കിംഗ് ഏരിയയിലേക്ക് പോകുന്ന റോഡിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറുടെ ക്യാബിനിലേക്ക് ലോറിയിലെ ചെങ്കല്ല് വീണതിനാൽ ഇരുവരെയും പുറത്തെത്തിക്കാൻ നാട്ടുകാർക്കായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മട്ടന്നൂരിൽ നിന്ന് എത്തിയ അഗ്നിശമനസേന ക്രെയിൻ ഉപയോഗിച്ച് ക്യാബിൻ മുറിച്ചുമാറ്റിയാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ മട്ടന്നൂർ എച്ച്.എൻ.സി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.
ഉദയഗിരിയിലെ പുനത്താനത്ത് വിജയന്റെയും സുലോചനയുടെയും മകനാണ് അജി. ഭാര്യ: ശാരി. മകള്‍: സ്വാതിക. സഹോദരങ്ങള്‍: ഷനോജ്, സ്വരാജ്.
പരേതരായ ഗോപാലന്റെയും – ലക്ഷ്മിയമ്മയുടെയും മകനാണ് രവീന്ദ്രന്‍. ഭാര്യ: ഗീത. മക്കള്‍: സൂരജ് (ഡിസൈനര്‍), സുരഭി. മരുമകന്‍: മനു (അമ്പായത്തോട്). സഹോദരങ്ങള്‍: ഹരീന്ദ്രന്‍, സദാനന്ദന്‍, പത്മാവതി, ദിവാകരന്‍, വത്സല, ഉഷ, രത്‌നാകരന്‍, ഷാജി, പരേതനായ വിജയന്‍.