ചെങ്ങന്നൂരിൽ മരണമാസായി സുജാത; ഖദർ ചുളുങ്ങാതെ ബാനറിന് പുറകിൽ നിന്ന് കൂലിക്ക് പണിയെടുപ്പിച്ച് മുണ്ടക്കയത്തെ കോൺഗ്രസുകാരും
സ്വന്തം ലേഖകൻ
ചെങ്ങന്നൂർ: പ്രളയക്കെടുതിയിൽ മുങ്ങിയ ചെങ്ങന്നൂരിനെ തിരികെ കൊണ്ടുവരാനുള്ള തീവ്ര യജ്ഞത്തിലാണ് മലയാളികൾ. അതിന് വേണ്ടി ശുചീകരണ യജ്ഞമാണ് പലയിടത്തും നടക്കുന്നത്. മന്ത്രിമാരും രാഷ്ട്രീയക്കാരും കുട്ടിപോലീസുമെല്ലാം സജീവമായി രംഗത്തുണ്ട്. ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യാതെ കൈമെയ് മറന്ന് അധ്വാനിക്കുന്ന യുവാക്കളുമുണ്ട്. ഇതിനിടയിലും ജനങ്ങൾക്കൊപ്പം നിന്ന് പണിയെടുക്കുന്ന രാഷ്ട്രീയക്കാരുമുണ്ട്. ഇന്ന് സൈബർ ലോകം ചർച്ച ചെയ്യുന്ന ഒരു ചിത്രം മുൻ എംപിയും സിപിഎം സംസ്ഥാന സമിതി അംഗവുമായി സിഎസ് സുജാതയുടെയാണ്. ചെങ്ങന്നൂരിൽ ശുചീകരണ പ്രവർത്തനത്തിന് ഇറങ്ങിയ സുജാത നാട്ടുകാർക്കൊപ്പം നിന്നാണ് പ്രവർത്തിച്ചത്. മുണ്ടും ദാവണിയും ചുറ്റി തലയിൽ തുണി കെട്ടി കൈയിൽ ചൂലുമേന്തി നടക്കുന്ന സുജാതയുടെ ചിത്രങ്ങൾ സൈബർ ലോകത്ത് വൈറലായി. ഇതാണ് കാപട്യങ്ങളില്ലാത്ത രാഷ്ട്രീയക്കാരി എന്നു ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സൈബർ ലോകം സുജാതയുടെ ചിത്രങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നത്.
അതേസമയം മുണ്ടക്കയത്തുനിന്ന് വളരെ വിചിത്രമായ മറ്റൊരു ചിത്രവും സൈബർ ലോകത്ത് ഇന്ന് ചർച്ചയായിട്ടുണ്ട്. മുണ്ടക്കയത്തെ കോൺഗ്രസുകാരുടെ ശുചീകരണമാണ് സൈബർ ലോകത്ത് ചർച്ചയാകുന്നത്. ശുചീകരണത്തിന്റെ ബാനർ വെച്ച് ഒരു സ്ത്രീ അടിച്ചുവാരുമ്പോൾ ഖദർ ചുളിയാതെ നോക്കി നിൽക്കുന്ന നേതാക്കളുടെ ചിത്രമാണ് സൈബർ ലോകത്ത് പരിഹാസത്തിന് വഴിവെച്ചത്. കോൺഗ്രസുകാർക്കെല്ലാം നാണക്കേടുണ്ടാക്കുന്ന ചിത്രമെന്ന വിധത്തിലാണ് ഈ ചിത്രം സൈബർ ലോകത്ത് പ്രചരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group