
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയ്ക്ക് ശേഷം സിപിഎം പ്രവർത്തകരെ അഭിവാദ്യം ചെയ്ത് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിൽ നടന്ന ഇഡി പരിശോധന പൂർത്തിയായതിന് പിന്നാലെയാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത്തരം നടപടികൾ കൊണ്ട് തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും, ഇത് ഒരു തുടക്കമായി മാത്രമാണ് കാണുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
ഇഡി ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. ഉദ്യോഗസ്ഥർ കാറിൽ കയറിയതിന് പിന്നാലെ പ്രതിഷേധം രൂക്ഷമായി. സിപിഎം പ്രവർത്തകർ ഇഡി സംഘത്തിന്റെ വാഹനം അടിച്ചുതകർത്തതായി റിപ്പോർട്ടുണ്ട്. വാഹനത്തിന്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾ തകർത്തു.
സംഭവത്തെ തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഘർഷത്തിൽ ചില ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും, വാഹനം സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായും വിവരമുണ്ട്. പരിക്കേറ്റവരെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group







