കോട്ടയം ചെങ്ങളത്ത് പുരയിടത്തിൽ ഇറക്കിയ പൂഴിമണ്ണ് മാറ്റുന്നതിനിടെ കിട്ടിയത് 19 മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങളെ; മണ്ണിനടിയിൽ നിന്നു 21 വിരിഞ്ഞ മുട്ടത്തോടും കിട്ടി; ഭീതിയിലായി നാട്ടുകാർ
കുമരകം: ചെങ്ങളം അയ്യമാത്ര വടക്ക് ഏലപ്പളളിൽ ഭാഗത്തെ പുരയിടത്തിൽ ഇറക്കിയ പൂഴി മണ്ണ് വാരി മാറ്റുന്നതിനിടെ കിട്ടിയത് 19 മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങൾ.
മണ്ണിനടിയിൽ നിന്നു 21 വിരിഞ്ഞ മുട്ടത്തോട് കിട്ടിയിരുന്നു. 2 കുഞ്ഞുങ്ങളെ ഈ ഭാഗത്ത് ഏറെ നേരെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
സ്നേക്ക് റെസ്ക്യൂ ടീം അംഗങ്ങളായ കെ.എസ്.പ്രശോഭും പി.സി.അബിനീഷും സ്ഥലത്തെ തൊഴിലാളികളും ചേർന്നു ഇവയെ പിടികൂടി പാറമ്പുഴയിലെ വനം വകുപ്പ് ഓഫിസിൽ എത്തിച്ചു. ചെങ്ങളം കരിവേലിൽ വിധുപാലിന്റെ പുരയിടത്തിലെ മണ്ണ് മാറ്റിയപ്പോഴാണ് കുഞ്ഞുങ്ങളെ കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ ഉണ്ടായിരുന്ന ഷെഡ് പൊളിച്ച ഭാഗത്ത് ഏതാനും ദിവസം മുൻപു വീടു പണിക്കായി പൂഴി മണ്ണ് ഇറക്കിയിരുന്നു. ഇതിനു മുൻപു ഈ ഭാഗത്തു കൂടി വലിയ മൂർഖൻ പാമ്പ് പോകുന്നതു പണിക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു.
അന്ന് സ്നേക്ക് റെസ്ക്യൂ ടീം എത്തിയെങ്കിലും പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ ഉച്ചയോടെ പണിക്കാർ പൂഴി മണ്ണ് മാറ്റുന്നതിനിടെ ഇളകിയ മണ്ണ് ഭാഗത്ത് നിന്നു പാമ്പിന്റെ കുഞ്ഞുങ്ങളെ കണ്ടു. മണ്ണ് വീണ്ടും മാറ്റിയപ്പോൾ കൂടുതൽ എണ്ണം കുഞ്ഞുങ്ങൾ ഇഴഞ്ഞു പോകാൻ തുടങ്ങി. തുടർന്നു വിധുപാൽ സ്നേക്ക് റെസ്ക്യൂ ടീമിനെ വിവരം അറിയിക്കുകയും ഇവർ എത്തി കുഞ്ഞുങ്ങളെ പിടികൂടുകയുമായിരുന്നു.
വലിയ മൂർഖൻ പാമ്പുകൾ പരിസരത്ത് ഉണ്ടെന്നത് നാട്ടുകാരെ ഭീതിയിലാക്കുന്നു. പാമ്പിൻ കുഞ്ഞുങ്ങളെ വനം വകുപ്പ് ഉൾവനത്തിൽ എത്തിച്ചു തുറന്നു വിടും.