ചേലക്കരയില്‍ രമ്യയെ വേണ്ടന്ന് പ്രാദേശിക ഘടകം: ഡോ. കെ.എ തുളസി, വി.പി സജീന്ദ്രന്‍ എക്സ് എംഎല്‍എ എന്നിവരും പരിഗണനയില്‍
തൃശൂര്‍: ചേലക്കരയില്‍ മുന്‍ എംപി രമ്യ ഹരിദാസിനെ സ്ഥാനാര്‍ഥി ആക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയരുന്നതായി സൂചന.
ആലത്തൂരില്‍ രണ്ടാം തവണ മല്‍സരിച്ചപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രമ്യയെ ചേലക്കരയില്‍ മല്‍സരിപ്പിച്ചാല്‍ ജയസാധ്യത ഇല്ലെന്ന ആശങ്കയാണ് പ്രാദേശിക തലത്തിലെ നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചത്.
ചേലക്കരയില്‍ കെ രാധാകൃഷ്ണനോട് ഇതുവരെയുള്ളതില്‍ ഏറ്റവും ശക്തമായ പോരാട്ടം കാഴ്ചവച്ച ഡോ. കെ.എ തുളസി, വിപി സജീന്ദ്രന്‍ എക്സ് എംഎല്‍എ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി ദാസന്‍ എന്നീ പേരുകളാണ് പകരം ഉയരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2001ല്‍ കെ രാധാകൃഷ്ണനോട് 1475 വോട്ടുകള്‍ക്കാണ് കെ.എ തുളസി തോല്‍ക്കുന്നത്. നായനാര്‍ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ മത്സരിച്ച രാധാകൃഷ്ണനോടാണ് തുളസി ഗംഭീര പ്രകടനം കാഴ്ചവച്ചത്. 2000ല്‍ 4000-ത്തോളം വോട്ടിന്റെ തകര്‍പ്പന്‍ ഭൂരിപക്ഷത്തിന് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് തുളസിയെ യുഡിഎഫ് അന്ന് ചേലക്കര നിയോജകമണ്ഡലത്തിലേക്ക് പരിഗണിച്ചത്.
പാലക്കാട് എംപിയായ തൃശൂര്‍ ഡിസിസി പ്രസിഡന്‍റിന്‍റെ ചുമതല വഹിക്കുന്ന വി.കെ ശ്രീകണ്ഠന്‍റെ ഭാര്യയാണ് തുളസി ടീച്ചര്‍. മുന്‍പ് ലോക്സഭയിലേയ്ക്കും നിയമസഭയിലേയ്ക്കും മല്‍സരിച്ച തുളസിയ്ക്ക് മണ്ഡലത്തില്‍ ശക്തമായ ജനകീയ അടിത്തറ ഉണ്ട്.
കുന്നത്തൂര്‍ മുന്‍ എംഎല്‍എ വി.പി സജീന്ദ്രനും സീറ്റിനായി രംഗത്തുണ്ട്. മുന്‍പ് രണ്ടു തവണ എംഎല്‍എ ആയിരുന്നു എന്നത് മല്‍സരത്തില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് സജീന്ദ്രനുള്ളത്. ഡിസിസി വൈസ് പ്രസിഡന്‍റ് കൂടിയായ കെ.വി ദാസനും പട്ടികയിലുണ്ട്.
എന്തായാലും രമ്യ മതി എന്ന അവസ്ഥയില്‍ നിന്നും യുഡിഎഫ് പിന്നോക്കംപോയി എന്നത് യാഥാര്‍ഥ്യമാണ്. ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ രമ്യയ്ക്ക് കഴിയില്ലെന്ന വിമര്‍ശനം ശക്തമാണ്.
കഴിഞ്ഞ തവണ ആലത്തുരില്‍ തോല്‍വിക്ക് കാരണമായിരുന്ന ചില ഘടകങ്ങള്‍ ഇപ്പോഴും രമ്യയുടെ കാര്യത്തിലുണ്ട്. അതേസമയം പ്രാദേശിക തലത്തില്‍ നിന്നും സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതും ആലോചനയിലുണ്ട്.