ഡോക്ടര്‍ എന്ന് പരിചയപ്പെടുത്തി മുന്തിയ ഹോട്ടലില്‍ മുറിയെടുത്ത് പത്രാസ് കാണിക്കും; കാര്‍ ഏര്‍പ്പാടാക്കി യാത്ര തുടങ്ങിയാല്‍ കോവിഡ് ഗുളിക സമ്മാനിക്കും; പല കാര്യങ്ങൾ പറഞ്ഞ് പണം തട്ടും; ഗുളിക കഴിച്ചാല്‍ കാർ അടക്കം കയ്യിൽ ഉള്ളത് എല്ലാം നഷ്ടം; കണ്ണൂരില്‍ ട്രാവല്‍ ഏജന്‍സി ഉടമ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
സ്വന്തം ലേഖിക
കണ്ണൂര്‍: കോവിഡ് ഡോക്ടര്‍ എന്ന പേരില്‍ പണവും കാറുമൊക്കെ തട്ടിയെടുക്കുന്നു.പള്ളിപ്പുറം സ്വദേശിയും ഗോ യാത്ര ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് കമ്ബനി ഉടമയുമായ ശ്രീജിത്തിനും സുഹൃത്തിനുമാണ് അമളി പറ്റിയത്. കൃത്യസമയത്ത് തട്ടിപ്പാണെന്ന് മനസിലായതിനാല്‍ വന്‍ ചതിയില്‍ നിന്നാണ് ശ്രീജിത്തും സുഹൃത്ത് ആഷിക്കും രക്ഷപ്പെട്ടത്.
ഫെബ്രുവരി 19ന് മാല്‍ഗുഡി റിസോര്‍ട്ടില്‍ നിന്ന് ശ്രീജിത്തിന് ഒരു കോള്‍. അവിടെ ഓട്ടം ഉണ്ടായാല്‍ മിക്കവാറും അവര്‍ ശ്രീജിത്തിനെ ആണ് വിളിക്കാറ്. ഒരു ഡോക്ടറായിരുന്നു യാത്രികന്‍. അയാള്‍ക്ക് മംഗലാപുരം പോകണം. താന്‍ മംഗലാപുരത്തെ കെഎംസി ആശുപത്രിയിലെ കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടറാണ് എന്നും അവിടെ ചെന്ന ശേഷം തനിക്ക് സ്വന്തം നാടായ പാലക്കാട് പോവണമെന്നും പറഞ്ഞു. ട്രിപ്പ് ഏറ്റെടുത്ത ശ്രീജിത്ത് സുഹൃത്തായ ആഷിക്കിനെ ട്രിപ്പ് പോകുവാനായി ഏല്‍പ്പിച്ചു.
ആഷിഖും ഡോക്ടര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ സഞ്ജയ് വര്‍മ എന്ന ആളും ചേര്‍ന്ന് മംഗലാപുരത്തേക്ക് വണ്ടിയില്‍ യാത്ര തിരിച്ചു. യാത്രാമധ്യേ ‘ഡോക്ടര്‍’ പരിചയപ്പെട്ട് കഴിഞ്ഞപ്പോള്‍, കോവിഡ് വരാതിരിക്കാന്‍ കൊള്ളാം എന്നു പറഞ്ഞ് ഒരു ഗുളിക ആഷിഖിന് നല്‍കി. എന്നാല്‍, ഗുളിക പൊതുവെ കഴിക്കുന്നത് ഇഷ്ടമില്ലാത്തതുകൊണ്ട് ആഷിഖ് അത് കഴിച്ചില്ല. ആഷിഖ് മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ഇറക്കി വൈകുന്നേരം കൂട്ടാം എന്നു പറഞ്ഞ് പിരിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകുന്നേരം ആഷിഖ് കൂട്ടാന്‍ ചെല്ലുമ്ബോള്‍ ഡോക്ടര്‍ മെഡിക്കല്‍ കോളേജില്‍ നിന്നു തന്നെ ഇറങ്ങി വന്നു. നന്നായി വിശക്കുന്നു എന്ന് പറഞ്ഞ് ആഷിഖിനെയും കൂട്ടി ഭക്ഷണം കഴിക്കാനായി റസ്റ്റോറന്റ്‌ലേക്ക് പോയി. ഭക്ഷണം കഴിക്കവേ, പെട്ടെന്ന് ഡോക്ടര്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. ‘മധുരയില്‍ നിന്ന് എന്റെ ഒരു സുഹൃത്ത് ആണ് വിളിച്ചത്. അയാള്‍ക്ക് ഒരു കാര്‍ അപകടം പറ്റി. പെട്ടെന്ന് പതിനായിരം രൂപ കൊടുക്കണം. എനിക്ക് ഗൂഗിള്‍ പേ ഒന്നുമില്ല നിങ്ങള്‍ എനിക്ക് പണം തന്ന് സഹായിക്കാമോ’,എന്ന് ചോദിച്ചു.
ഉടന്‍ തന്നെ താന്‍ പണം മടക്കി നല്‍കാമെന്നും ഡോക്ടര്‍ പറഞ്ഞു. ഇതു വിശ്വസിച്ച് ആഷിഖ് ഉടമയായ ശ്രീജിത്തിനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. ഉടമ ഡോക്ടറുമായി സംസാരിച്ചു. പതിനായിരം രൂപ ഡോക്ടറുടേത് എന്നുപറഞ്ഞ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു.
കുറച്ചു സമയത്തിന് ശേഷം വീണ്ടും ഫോണ്‍ വന്നു. പതിനായിരം രൂപ വീണ്ടും വേണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ ശ്രീജിത്തിനു സംശയം തോന്നി. നേരത്തെ തന്നത് എന്റെ ഒഫീഷ്യല്‍ അക്കൗണ്ട് ആണ് എന്നും, ഇനി എന്റെ പേഴ്‌സണല്‍ അക്കൗണ്ടിലേക്ക് ക്യാഷ് വേണമെന്നും അയാള്‍ ആവശ്യപ്പെട്ടു. സഞ്ജയ് എന്ന പേരിലാണ് പണം വേണമെന്ന് അയാള്‍ പറഞ്ഞത്. ഫോണ്‍കോളില്‍ സഞ്ജയുടെ പെരുമാറ്റത്തില്‍ ശ്രീജിത്തിന് പന്തികേട് തോന്നി. ശ്രീജിത്ത് അയാള്‍ പണം തട്ടാനുള്ള പരിപാടിയാണ് നീ അയാളെ പിന്തുടരണമെന്ന് ആഷിഖിനോട് പറഞ്ഞു. ആഷിഖിനോട് ശ്രീജിത്ത് ഫോണില്‍ സംസാരിക്കുന്നത് അയാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
പിന്നീട് ഹോട്ടലില്‍ ഇരിക്കവേ ഒരു ഫോണ്‍ കോള്‍ വന്നു എന്ന് പറഞ്ഞ് അയാള്‍ പുറത്തേക്ക് ഇറങ്ങി പോയി. അഞ്ചു മിനിറ്റിന് ശേഷം സംശയം തോന്നിയ ആഷിക് പുറത്ത് ചെന്നു നോക്കിയപ്പോള്‍ അയാള്‍ അവിടെ ഒന്നുമില്ല. തൊട്ടടുത്തായി അയാള്‍ റൂം എടുത്ത ഹോട്ടലില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ ഡോക്ടര്‍ അഞ്ച് മിനിറ്റ് മുമ്ബേ വെക്കേറ്റ് ചെയ്തു ഇറങ്ങിയതായി അറിഞ്ഞു. ആഷിഖിന്റെ ഫോണും അയാള്‍ അവിടെ നിന്ന് ഇറങ്ങുന്നതിനു മുമ്ബേ തന്ത്രത്തില്‍ തട്ടിയെടുത്തിരുന്നു.
ആഷിക്കിനോട് സംസാരിക്കുമ്ബോള്‍, ഗുളിക കഴിച്ച ശേഷം തലവേദനയോ തലകറക്കമോ മറ്റോ ഉണ്ടോ എന്ന് ചോദിച്ചതായി ആഷിക് പറയുന്നു. ഒരുപക്ഷേ ആ ഗുളിക മറ്റെന്തെങ്കിലും ആയിരിക്കാമെന്നും, ആ ഗുളിക കഴിച്ച ശേഷം തന്റെ കാര്‍ മോഷ്ടിക്കുക ആയിരുന്നിരിക്കാം അയാളുടെ ലക്ഷ്യമെന്നും ആഷിക് പറയുന്നു.
കോവിഡ് കാരണം ബിസിനസ് ലാഭത്തില്‍ അല്ലാത്തതിനാല്‍ കണ്ണൂരില്‍ പ്രവര്‍ത്തിച്ചുവന്ന കമ്ബനി ശ്രീജിത്ത് വീട്ടിലേക്ക് മാറ്റിയിരുന്നു. കോവിഡും പ്രളയവും ഒക്കെ ബിസിനസിനെ കാര്യമായി ബാധിച്ചിറിക്കവെ ആണ് ഇത്തരത്തിലൊരു തട്ടിപ്പിന്റെ ശ്രമവും. ആഷിഖ് ശ്രീജിത്തിന്റെ സുഹൃത്തും ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് കമ്ബനിയിലെ ഒരു ഡ്രൈവറുമാണ്.
വ്യാജ ഡോക്ടറുടെ സംസാരത്തില്‍ സംശയം തോന്നിയതിനാലാണ് ശ്രീജിത്തിന് വന്‍ നഷ്ടം ഉണ്ടാവാതെ രക്ഷപ്പെട്ടത്. ശ്രീജിത്തിന് പതിനായിരം രൂപയും ആഷിക്കിന് അയാളുടെ 18000 രൂപയോളം വിലവരുന്ന ഫോണും നഷ്ടപ്പെട്ടു. അയാള്‍ വ്യാജ ഡോക്ടര്‍ ആണെന്നും ഇതിനുമുമ്ബും അയാള്‍ പല മോഷണങ്ങളും നടത്തിയിട്ടുണ്ട് എന്ന് ഈ സംഭവം പുറത്തു വന്നശേഷം മറ്റ് പലരും തുറന്നു പറഞ്ഞു എന്നും ശ്രീജിത്ത് പറയുന്നു.
കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് ശ്രീജിത്ത് ഈ സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. കേസ് അന്വേഷണം പുരോഗമിച്ചു വരികയാണ്. ഇനി ഇയാള്‍ മറ്റൊരാളെ കബളിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണ് ശ്രീജിത്ത് പരാതി കൊടുത്തത്.
പൊലീസിന്റെ അന്വേഷണത്തില്‍ ചെന്നൈയില്‍ നിന്ന് ഇയാള്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കാര്‍ മോഷണം നടത്തിയിരുന്നു. ആ കാര്‍ ഗോവയില്‍ നിന്ന് കണ്ടെടുത്തു എന്നും മനസ്സിലായി. മുന്തിയ ഹാട്ടലില്‍ മുറിയെടുത്ത് ശേഷം ഹോട്ടലിലെ ആളുകളുമായി സംസാരിച്ച് കാര്‍ ഏര്‍പ്പെടുത്തും. ഇതിന് ശേഷം ഗുളിക നല്‍കി കാര്‍ ഡ്രൈവറെ മയക്കി കിടത്തി കാര്‍ തട്ടിയെടുക്കുന്ന സംഘത്തിലെ ആളാണ് ഇയാള്‍ എന്ന് സംശയിക്കുന്നു. കേരളത്തില്‍ തന്നെ ഇതിനു മുമ്ബ് ഇയാള്‍ പല തട്ടിപ്പുകളും നടത്തിയിട്ടുണ്ട് എന്നും വ്യക്തമായിട്ടുണ്ട്.