എംബിബിഎസ്, നാസയുടെ പ്രോജക്ട്; സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതിമാരില്‍നിന്ന് തട്ടിയത് 1.26 കോടി രൂപ
സ്വന്തം ലേഖിക
തളിപ്പറമ്പ്: തളിപ്പറമ്പ് സ്വദേശികളായ സര്‍ക്കാരുദ്യോഗസ്ഥ ദമ്പതിമാരുടെ ഒന്നേകാല്‍ക്കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. കോഴിക്കോട് പേരാമ്പ്രയിലെ കോടേരിച്ചാല്‍ മേഞ്ഞാന്ന്യം സ്വദേശി വാഴാട്ട് ബിജുകുമാറി (36) നെയാണ് കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പി.വി.മനോജ് കുമാര്‍ അറസ്റ്റ് ചെയ്തത്. 2015 മുതല്‍ 2020 വരെയുള്ള കാലത്താണ് പ്രതി പരാതിക്കാരെ കബളിപ്പിച്ച് പല ഗഡുക്കളായി പണം കൈക്കലാക്കിയത്.
മകളുടെ എം.ബി.ബി.എസ്. പ്രവേശനം ശരിയാക്കിക്കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവരുമായി പ്രതി ആദ്യം പരിചയത്തിലായത്. പിന്നീട് മകന് ചെന്നൈയില്‍ നടക്കുന്ന നാസയുടെ സ്‌പേസ് ടെക്‌നോളജി പ്രോജക്ടില്‍ ഡയറക്ട് കോണ്‍ട്രാക്ടറായി പാര്‍ട്ണര്‍ഷിപ്പ് വാഗ്ദാനംചെയ്ത് 1.26 കോടി രൂപ തട്ടിയെടുത്തു.
ഈ കേസിലാണ് അറസ്റ്റ്. വീട് പണയപ്പെടുത്തിയാണ് ഇത്രയും തുക ദമ്പതിമാര്‍ നല്‍കിയത്. എന്നാല്‍ ഇയാള്‍ പറഞ്ഞ കാര്യങ്ങള്‍ വ്യാജമാണെന്നും കബളിപ്പിക്കപ്പെട്ടെന്നും മനസ്സിലാക്കിയ ദമ്പതിമാര്‍ 2021 ഡിസംബറില്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഒരുകോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് കേസായതിനാല്‍ അന്വേഷണം റൂറല്‍ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്.പി. പി.ബി.രാജീവിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടില്‍നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ക്രൈംബ്രാഞ്ച് എസ്.ഐ. ദിനേശന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുജിത്ത്, പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടിച്ചത്.
2007-ല്‍ മദ്രാസ് ഐ.ഐ.ടി.യില്‍നിന്ന് ബി.ടെക്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബിരുദം നേടിയെന്നും 2010-ല്‍ ബെംഗളൂരു ഇന്‍ഫോസിസില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായിരുന്നുവെന്നുമാണ് ഇയാള്‍ പരിചയപ്പെടുത്തിയിരുന്നത്. തമിഴ്‌നാട്ടില്‍ ജൈവകൃഷിയുടെ പേരില്‍ ഒരുവ്യക്തിയില്‍നിന്ന് 10 ലക്ഷത്തോളം രൂപയും ഇയാള്‍ കൈക്കലാക്കിയിട്ടുണ്ട്.
പേരാമ്പ്രയിലെ വാഴാട്ട് ബേക്കറിയുടെ ഉടമയാണ് പ്രതി. അതിന്റെ പുതിയ ശാഖകള്‍ തുടങ്ങാനായി ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, കല്ലാനോട്, ചാത്തന്‍കോട് തുടങ്ങിയ പല സ്ഥലങ്ങളിലായി വാടകമുറികളെടുക്കുകയും ഇന്റീരിയര്‍ പണികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണമാണ് ഇതിന് ചെലവാക്കിയത്.
തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.സംസ്ഥാനവ്യാപകമായി കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന.