ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ തെരുവുനായ ശല്യം രൂക്ഷം ; രാത്രിയായാൽ ആശുപത്രി വളപ്പിലൂടെ നടക്കാൻ പോലും കഴിയാത്ത സാഹചര്യം ; ആശുപത്രി അധികൃതർ പരാതി നൽകിയെങ്കിലും നഗരസഭ മൗനത്തിൽ ; തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായുള്ള അനിമൽ ബർത്ത് കൺട്രോൾ പദ്ധതി ഇപ്പോഴും ഫയലിൽ
സ്വന്തം ലേഖകൻ
ചങ്ങനാശേരി : ജനറൽ ആശുപത്രി വളപ്പിലെ തെരുവുനായ ശല്യം കാരണം രോഗികളും കൂട്ടിരിപ്പുകാരും ഭീതിയിൽ. അത്യാഹിത വിഭാഗത്തിന്റെയും കുട്ടികളുടെ വിഭാഗത്തിന്റെയും മുൻപിലാണ് തെരുവുനായ്ക്കൾ കൂട്ടമായി തമ്പടിച്ചിരിക്കുന്നത്. രോഗികൾക്ക് ആഹാരവുമായി എത്തുന്നവരുടെ പിറകേ കുരച്ച് കൊണ്ട് ഓടി വരുന്നതും പതിവാണ്.
ആംബുലൻസുകൾക്കടിയിലും ഡോക്ടർമാരുടെ വാഹനങ്ങൾക്കടിയിലുമാണ് തങ്ങുന്നത്. രാത്രിയായാൽ ആശുപത്രിയുടെ വളപ്പിലൂടെ നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. നഗരസഭയ്ക്ക് ഒട്ടേറെ തവണ ഇത് സംബന്ധിച്ച പരാതി കൈമാറിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. റവന്യു ടവർ, ടിബി റോഡ്, മുനിസിപ്പൽ സ്റ്റേഡിയം എന്നിവിടങ്ങളിലും തെരുവുനായ ശല്യം വ്യാപകമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായുള്ള അനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതി ഇപ്പോഴും ഫയലിൽ തന്നെയാണ്. എബിസി സെന്റർ സ്ഥാപിക്കാൻ നഗരസഭ മൃഗാശുപത്രിക്കു സമീപം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. തുകയും വകയിരുത്തിയിട്ടുണ്ട്. എന്നാൽ ഇത് പൂർത്തിയാക്കാൻ സാങ്കേതിക അനുമതിയുൾപ്പടെയുള്ളവ ഇനിയും പൂർത്തിയാകേണ്ടതുണ്ട്. നഗരസഭയ്ക്ക് മാത്രമായി എബിസി പദ്ധതി പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.
നിയോജകമണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളെയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനെയും കൂടി ഉൾപ്പെടുത്തി മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പൂർത്തിയാക്കാനാണ് ആലോചന. കോട്ടയം കോടിമതയിൽ ആരംഭിച്ച എബിസി സെന്റർ മാതൃക പിന്തുടരാനാണ് ശ്രമം. നിലവിൽ നായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ വാക്സിനേഷൻ പ്രോഗ്രാം മാത്രമാണ് ചങ്ങനാശേരിയിൽ നടക്കുന്നത്. വർധിച്ചുവരുന്ന തെരുവുനായ്ക്കളുടെ ശല്യവും പ്രജനനവും നിയന്ത്രിക്കാൻ മറ്റ് നടപടികളൊന്നുമില്ല.