ചരിത്ര പ്രസിദ്ധമായ ‘ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിന് കൊടിയേറി

ചരിത്ര പ്രസിദ്ധമായ ‘ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിന് കൊടിയേറി

 

പത്തനംതിട്ട: തനത് ആചാര അനുഷ്ടാനങ്ങൾ കൊണ്ടും, വിശുദ്ധൻ്റെ തിരുശേഷിപ്പ് കൊണ്ടും പ്രസിദ്ധമായ ചന്ദനപ്പളളി വലിയപള്ളിയിൽ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് ഭക്തി നിർഭരമായ തുടക്കം.
പത്ത് ദിനം നീണ്ടു നിൽക്കുന്ന പെരുന്നാളിന് നാനാ ജാതി മതസ്ഥരായ ജന ലക്ഷങ്ങളാണ് എത്തുക. മത സൗഹാദ്ദത്തിൻ്റെ വലിയ പെരുന്നാൾ എന്നാണ് ചന്ദനപ്പള്ളി പെരുന്നാൾ അറിയപ്പെടുക.

ആവേശവും ഭക്തിയും ഒന്നുപോലെ സമന്വയിച്ച്, നടന്ന കൊടിയേറ്റിൽ ആയിരങ്ങളാണ് പങ്ക് കൊണ്ടത്. രാവിലെ മൂന്നിന്മേൽ കുർബാനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്ത ഏബ്രഹാം മാർ എപ്പിപ്പാനിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മിത്വത്തിൽ ഇടവക വികാരി ഫാ. ഷിജു ജോൺ ,അസിസ്റ്റൻ്റെ വികാരി ഫാ.ജോം മാത്യു എന്നിവർ സഹകാർമ്മീകരായി.

തുടർന്നു സ്വർണ്ണ കൊടി മരത്തിൽ , ദേവാലയത്തിൽനിന്നും ആഘോഷമായെത്തിച്ച കൊടി, വൈദീകർ ചേർന്ന് ശ്ലീബാ മുദ്ര ചാർത്തി ആശീർവദിച്ചു.സഹദാ ഗീതികളും ആർപ്പ് വിളികളാലും മുഖരിതമായ അന്തരീക്ഷത്തിൽ ,മുഖ്യ കാർമ്മികനായ ഏബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്ത, ഇക്കൊല്ലത്തെ പെരുന്നാളിനുള്ള കൊടിയേറ്റി. വെറ്റിലയും പൂക്കളുംമെറിഞ്ഞും, ഭവനങ്ങളിൽ പെരുന്നാൾ കൊടി ഉയർത്തിയും, വിശ്വാസികൾ സഹദായിക്ക് സ്വാഗതമോതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടവക യുവജനപ്രസ്ഥാനം പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ കുരിശടികളിലേക്ക് വിളംബര റാലിയും കൊടിയേറ്റും ഇതോടനുബന്ധിച്ച് നടന്നു.

ഉച്ചതിരിഞ്ഞ് പരമ്പരാഗത ചടങ്ങുകളോടെ കൊടിമര ഘോഷയാത്ര ആരംഭിച്ചു. കുടമുക്ക് ഭാഗത്ത് നിന്നാരംഭിച്ച് ചന്ദനപ്പള്ളി കവല,പാലം ജംഗ്ഷൻ എന്നിവിടങ്ങളിലൂടെ കൽക്കുരിശിൽ എത്തി സമാപിച്ചു. പരമ്പരാഗതമായ രീതിയിൽ, കൊടിമരം ചെത്തി ഒരുക്കുന്നതിനും, മാവിലകളാൽ അതിന് അലങ്കാരം തീർക്കുന്നതിനും , അവകാശമെടുത്ത രണ്ട് ഹൈന്ദവ കുടുബാംഗങ്ങൾ, ഇക്കുറിയുമെത്തി ചടങ്ങ് നിർവഹിച്ചു.

ഭക്തിയുടെ ആകാശത്തിനു കീഴെ പ്രാർത്ഥനയോടെ നിന്ന ആയിരങ്ങളെ സാക്ഷിയാക്കി തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ കൽകുരിശിലെ കൊടി മരത്തിൽ കൊടിയേറ്റി. കുര്യൻ വർഗ്ഗീസ് കോർ എപ്പിസ്കോപ്പ, ഫാ. ഇടിക്കുള ഡാനിയേൽ, ഫാ.ജേക്കബ് ബേബി,ഫാ. ജേക്കബ് ഡാനിയേൽ,ഫാ. ഷിജു ജോൺ,ഫാ.ജോം മാത്യു , ഫാ. വർഗ്ഗീസ് കളീക്കൽ എന്നിവർ സഹ കാർമ്മികരായി. ട്രസ്റ്റി തങ്കച്ചൻ കോട്ടപ്പുറത്ത്, സെക്രട്ടറി ബേബിക്കുട്ടി കാഞ്ഞിരത്തുംമൂട്ടിൽ , മാനേജിങ് കമ്മിറ്റി,

വിവിധ സഭാ സ്ഥാനികൾ,പെരുന്നാൾ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പുണ്യാളച്ചൻ്റെ കൊടി ,തെക്ക് കിഴക്ക് ഒറ്റകൽക്കുരിശിന് അഭിമുഖമായി വന്നപ്പോൾ, ആകാശം മാറി ,അനുഗ്രഹം മഴയായി പെയ്തിറങ്ങി.അതോടെ ഗ്രാമമൊന്നാകെ വിശുദ്ധൻ്റെ പെരുന്നാൾ നിറവിലും.
തീർത്ഥാടക വാരാഘോഷം ഏബ്രഹാം മാർ എപ്പിപ്പാനിയോസ് ഉദ്ഘാടനം ചെയ്തു.

മെയ് ഏഴിനും എട്ടിനുമാണ് പ്രധാന പെരുന്നാൾ. ചടങ്ങുകൾക്ക് പൗരസ്ത്യ ഓർത്തഡോക്സ് സഭയുടെ തലവൻ പരിശുദ്ധ കാതലിക്കാ ബാവാ പ്രധാന കാർമ്മികത്വം വഹിക്കും.
ചെമ്പെടുപ്പുകൾക്ക് ആരംഭം കുറിച്ച വലിയപള്ളിയിലെ വിഖ്യാതമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ് മെയ് എട്ടിന് അഞ്ചിന് നടക്കും.