ഇന്ത്യ വേദിയായ ലോകകപ്പില്‍ പാകിസ്ഥാന്‍ കളിച്ചു, പാകിസ്ഥാനിൽ കളിക്കാൻ ഇന്ത്യയും ബാധ്യസ്ഥരാണെന്ന് റഷീദ് ലത്തീഫ് , ഐസിസി ചാംപ്യന്‍സ് ട്രോഫി മത്സരത്തിൽ പ്രതിസന്ധിയിലായി ഇന്ത്യൻ ടീം, പങ്കെടുക്കണമെങ്കിൽ കേന്ദ്രത്തിന്റെ സമ്മതം വേണം
ലാഹോര്‍: അടുത്ത വർഷത്തെ ചാംപ്യന്‍സ് ട്രോഫി മത്സരത്തിന്റെ വേദികള്‍ തീരുമാനിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ലാഹോറിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഐസിസിക്ക് പിസിബി മത്സരക്രമത്തിന്റെ പട്ടിക കൈമാറി.
ഇന്ത്യയുടെ മത്സരങ്ങള്‍ എല്ലാം ലാഹോറില്‍ നടത്താമെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. എന്നാല്‍ പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീമിനെ അയക്കുമോയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ വാഗാ അതിര്‍ത്തി വഴി കളി കാണാനെത്താമെന്ന് പരിഗണിച്ചാണ് മത്സരങ്ങള്‍ ലാഹോറില്‍ വെച്ചത്.
സുരക്ഷ പരിഗണിച്ച് ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്ത് നടത്തണമെന്ന ആവശ്യം ബിസിസിഐ ഉന്നയിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ വേദിയായ ഏഷ്യാകപ്പില്‍ ഇന്ത്യ കളിച്ചിരുന്നില്ല. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടത്തിയതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചാംപ്യന്‍സ് ട്രോഫിയിലും ഇതുപോലെ മത്സരങ്ങള്‍ നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ടൂര്‍ണമെന്റ്. ലാഹോറിന് പുറമെ കറാച്ചി, റാവല്‍പിണ്ടി എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. 20 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ഏഴ് മത്സരങ്ങള്‍ ലാഹോറില്‍ കളിക്കും.
അഞ്ചെണ്ണം റാവല്‍പിണ്ടിയിലും രണ്ട് മത്സരള്‍ക്ക് കറാച്ചിയും വേദിയാകും. ഫൈനലും ലാഹോറിലാണ് നടക്കുക. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ നടന്ന ഏഷ്യാ കപ്പ് മത്സരങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. പിന്നാലെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ശ്രീലങ്കയില്‍ നടത്തേണ്ടിവന്നു.
2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്ഥാനിലേക്ക് പോയിട്ടില്ല. ഇന്ത്യന്‍ ടീം ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്‍ പാകിസ്ഥാന്‍ താരം റഷീദ് ലത്തീഫ് വ്യക്തമാക്കിയിരുന്നു.
”പാകിസ്ഥാനുമായുള്ള പരമ്പര ഇന്ത്യക്ക് നിരസിക്കാം. പക്ഷേ ഐസിസി മത്സരങ്ങളില്‍ പങ്കെടുക്കാതിരിക്കാന്‍ കഴിയില്ല. ഇന്ത്യ വേദിയായ ലോകകപ്പില്‍ പാകിസ്ഥാന്‍ കളിച്ചു. ഇതുപോലെ പാകിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ ബാധ്യസ്ഥരാണ്. ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നാല്‍ ഗുരുതര പ്രശ്നങ്ങള്‍ നേരിടേണ്ടി വരും.” റഷീദ് ലത്തീഫ് പറഞ്ഞു.