ചങ്ങനാശേരിയിലെ ദമ്പതിമാരുടെ ആത്മഹത്യ: മലയാള മനോരമയുടെ താല്പര്യമെന്ത്; മനോരമയെ വീടുകളിൽ നിന്നും പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്താക്കാൻ ക്യാമ്പെയിനുമായി പൊലീസുകാർ; സർക്കാർ വിരുദ്ധത പൊലീസിനെതിരെ തിരിച്ച് മലയാള മനോരമ; വീ ഹേറ്റ് മനോരമ ക്യാമ്പെയിനുമായി പൊലീസുകാർ കൂട്ടത്തോടെ രംഗത്ത്

ചങ്ങനാശേരിയിലെ ദമ്പതിമാരുടെ ആത്മഹത്യ: മലയാള മനോരമയുടെ താല്പര്യമെന്ത്; മനോരമയെ വീടുകളിൽ നിന്നും പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്താക്കാൻ ക്യാമ്പെയിനുമായി പൊലീസുകാർ; സർക്കാർ വിരുദ്ധത പൊലീസിനെതിരെ തിരിച്ച് മലയാള മനോരമ; വീ ഹേറ്റ് മനോരമ ക്യാമ്പെയിനുമായി പൊലീസുകാർ കൂട്ടത്തോടെ രംഗത്ത്

കെ.ജെ എബ്രഹാം

കോട്ടയം: സ്വർണ്ണമോഷണക്കേസുമായി ബന്ധപ്പെട്ട് ചങ്ങനാശേരിയിൽ ദമ്പതിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ നട്ടാൽകുരുക്കാത്ത നുണപ്രചാരണവുമായി മലയാള മനോരമ. പോസ്റ്റ്മാർട്ടം റിപ്പോർട്ടിലെ പരാമർശങ്ങൾ പോലും തിരുത്തിയെഴുതി, തെറ്റും അസത്യവും പ്രചരിപ്പിക്കുകയാണ് മലയാള മനോരമ കഴിഞ്ഞ മൂന്നു ദിവസമായി ചെയ്യുന്നത്. അസത്യപ്രചാരണത്തിലൂടെ പൊലീസിനും സർക്കാരിനും എതിരായ തെറ്റിധാരണ പടർത്തുന്നതിനു വേണ്ടി മലയാള മനോരമ ഉപയോഗിക്കുന്നത് സാധാരണക്കാരായ കുറച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവതമാണ്. വിവിധ വിഷയങ്ങളിൽ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തി തെറ്റായ പ്രചാരണം മാത്രം നടത്തുന്ന മലയാള മനോരമയ്‌ക്കെതിരെ പൊലീസുകാർക്കിടയിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. വീ ഹേറ്റ് മനോരമ ക്യാമ്പെയിനും ഇതിനിടെ ഒരു വിഭാഗം പൊലീസുകാർ ഉയർത്തി വിട്ടിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് ചങ്ങനാശേരിയൽ സ്വർണ്ണപ്പണിക്കാരനായ സുനിൽകുമാറും, ഭാര്യ രേഷ്മയും ആത്മഹത്യ ചെയ്തത്. പൊലീസ് ചോദ്യം ചെയ്തതിൽ മനംനൊന്തായിരുന്നു ഇരുവരുടെയും ആത്മഹത്യ. ചങ്ങനാശേരി നഗരസഭ കൗൺസിലറും, സിപിഎം നേതാവുമായ സജികുമാറിന്റെ പരാതിയിലാണ് പൊലീസ് ഇരുവരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. ഇതിനു പിന്നാലെയാണ് ഇരുവരെയും ആത്മഹത്യയുണ്ടായത്. സാധാരണ ഗതിയിൽ ആത്മഹത്യാ വാർത്തകൾക്കു കാര്യമായ പ്രാധാന്യം നൽകാത്ത മലയാള മനോരമ പക്ഷേ, ചങ്ങനാശേരിയിയിലെ വാർത്തയ്ക്ക് അമിത പ്രാധാന്യമാണ് നൽകിയത്. ചരമപേജിനു ഉള്ളിൽ എട്ടു കോളത്തിൽ മാത്രം വാർത്തയാകേണ്ടുന്ന ആത്മഹത്യയ്ക്ക് ആദ്യ ദിവസം മലയാള മനോരമ നൽകിയത് ഒന്നാം പേജീലെ തലക്കെട്ട് വാർത്തയുടെ സ്ഥലമായിരുന്നു. ഇതൂ കൂടാതെ ഉൾവശത്ത് ഒരു മുഴുവൻ പേജും മലയാള മനോരമ ഈ വാർത്തയ്ക്കു വേണ്ടി മാത്രമായി നീക്കി വച്ചു. വാർത്തയിൽ മുഴുവൻ പൊലീസ് മർദനത്തിന്റെ ക്രൂരതകൾ നിരത്തിയ മലയാള മനോരമ ലേഖകൻ, ഇതിനു വേണ്ടി മാത്രം സജികുമാർ എന്ന കൗൺസിലറെ ക്രൂരതകളുടെ പര്യായമാക്കിമാറ്റി.
എന്നാൽ, ഇതിലെല്ലാം ഉപരിയായിരുന്നു വെള്ളിയാഴ്ച പുറത്തിറങ്ങിയ മലയാള മനോരമ പത്രത്തിന്റെ ഒന്നാം പേജ്. ആത്മഹത്യ ചെയ്ത സുനിലിന്റെ ശരീരത്തിൽ കാര്യമായ പാടുകളൊന്നുമില്ലെന്ന വസ്തുത നിലനിൽക്കെ ‘സുനിൽകുമാറിന്റെ ദേഹത്ത് മർദനമേറ്റ പാടുകൾ’ എന്ന സംഭ്രമജനകമായ വാർത്ത പടച്ചു വിടുകയായിരുന്നു മലയാള മനോരമ. ശരീരത്തിൽ കാര്യമായ പരിക്കൊന്നുമില്ലെന്നു പോസ്റ്റ്മാർട്ടം റിപ്പോർട്ടും ഇൻക്വസ്റ്റ് റിപ്പോർട്ടും നില നിൽക്കുമ്പോഴായിരുന്നു അനാവശ്യമായ സർക്കാരിനെയും പൊലീസിനെയും പ്രതിക്കൂട്ടിൽ നിർത്താനുള്ള മലയാള മനോരമയുടെ അതീവ ഹീനമായ ശ്രമം. സുനിലിനു മർദനമേറ്റിട്ടില്ലെന്നു പൂർണമായും തെളിഞ്ഞെങ്കിലും ശനിയാഴ്ച പുറത്തിറങ്ങിയ പത്രത്തിലും മനോരമ തങ്ങളെടു തെറ്റായ നയത്തെ മുറുകെ പിടിച്ചു. ശനിയാഴ്ചയും മർദനമേറ്റെന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ട് എന്നായിരുന്നു മലയാള മനോരമയുടെ തലക്കെട്ട്. ശനിയാഴ്്ചയും ഒരു പേജ് മുഴുവനായും ഈ ആത്മഹത്യയ്ക്കായി മനോരമ മാറ്റി വച്ചു.
എന്നാൽ, ഇന്നലെ പുറത്തിറങ്ങിയ എല്ലാ പത്രങ്ങളും, ചാനലുകളും ഒരേ രീതിയിൽ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മർദനത്തിന്റെ പാടില്ലെന്നും മരണകാരണമായേക്കാവുന്ന ക്ഷതങ്ങളില്ലെന്നും പറഞ്ഞപ്പോഴാണ് മലയാള മനോരമയുടെ ലേഖകന് മാത്രം മറ്റാരും കാണാമാവാത്ത കണ്ണുണ്ടായത്. പൊലീസിനെ വിമർശിച്ച് ജനത്തെ സർക്കാരിനെതിരെ തിരിക്കാനുള്ള നിഗുഡ തന്ത്രമാണ് മലയാള മനോരമ ഇപ്പോൾ പുലർത്തുന്നത്. കെവിൻ വധക്കേസിൽ പ്രതിയെ തിരികെ എത്തിക്കാൻ ശ്രമിച്ച പൊലീസുകാരനായ ബിജുവിനെ കേസിൽ കുടുക്കിയത് മലയാള മനോരമയുടെ ഈ തെറ്റായ ആവേശം നിറഞ്ഞ നയമായിരുന്നു. ആരെ കൊന്നിട്ടാണെങ്കിലും സർക്കുലേഷൻ കൂട്ടുകയും, സർക്കാരിനെ അട്ടിമറിക്കുകയും വേണമെന്ന നയം മാത്രമാണ് ഇപ്പോൾ മനോരമയ്ക്കും സംഘത്തിനും ഉള്ളത്. പക്ഷേ, മലയാള മനോരമയുടെ ഈ തെറ്റായ വിഷ ലിപ്ത മാധ്യമപ്രവർത്തനത്തിൽ കുടുങ്ങി ബലിയാടാകുന്നത് സാധാരണക്കാരായ നൂറു കണക്കിനു പൊലീസുകാരാണ്.
പൊലീസിന്റെ ഭാഗത്തുള്ള നല്ല കാര്യങ്ങളെ തമസ്‌കരിക്കുകയും മോശം കാര്യത്തെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന മലയാള മനോരമയുടെ നയത്തിനെതിരെ ഇതിനോടകം തന്നെ പൊലീസിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. വീടുകളിൽ നിന്നും മലയാള മനോരമയുടെ പ്രസിദ്ധീകരണങ്ങൾ ഒഴിവാക്കണമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം പൊലീസുകാർ നടത്തുന്ന പ്രചാരണം. വീ ഹേറ്റ് മനോരമ എന്ന ഹാഷ് ടാഗോടു കൂടിയാണ് പൊലീസുകാർ ഈ പ്രചാരണത്തെ ഇപ്പോൾ ഏറ്റെടുത്തു നടത്തുന്നത്. ഇതോടെ മലയാള മനോരയുടെ സർക്കുലേഷൻ വിഭാഗവും ഭയാശങ്കയിൽ ആയിട്ടുണ്ട്.

ഇതിനെല്ലാം ഉപരിയായി മറ്റൊരു ലക്ഷ്യം കൂടി ചങ്ങനാശേരി ആത്മഹത്യയെ ഉയർത്തിയെടുക്കുന്നതിന് പിന്നിൽ മനോരമയ്ക്കുണ്ട്. ഓർത്തഡോക്സ് സഭയിലെ അഞ്ച് വൈദികർ ഉൾപ്പെട്ട ലൈംഗിക പീഡന വിവാദവും , കടുത്തുരുത്തിയിൽ ബിഷപ്പ് കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച സംഭവവും പുറത്ത് വന്ന് വിവാദം കത്തിനിൽക്കെയാണ് ചങ്ങനാശേരിയിൽ ദമ്പതിമാരുടെ ആത്മഹത്യയുണ്ടായത്. മനോരമയുടെ സ്വന്തം സഭയായ ഓർത്തഡോക്സ് സഭയിലെയും ബിഷപ്പ് പ്രതിയായ പീഡനക്കേസിലെയും വാർത്തകൾ മനോരമ ചാനലും പത്രവും മുക്കുകയായിരുന്നു. മാതൃഭൂമി അടക്കമുള്ള മറ്റു പത്രങ്ങളാകട്ടെ ഇതിനെ നന്നായി ഉപയോഗിക്കുകയും ചെയ്തു. ഇതിനിടെയാണ് ചങ്ങനാശേരിയിലെ അത്മഹത്യ ലഭിച്ചത്. ഇതിനെ മറയാക്കി സർക്കാരിനെ സമ്മർദത്തിലാക്കി സഭയെയും വൈദികരെയും രക്ഷിക്കാനുള്ള ശ്രമമാണ് മനോരമ ത്തിയത്. പക്ഷേ , ജനം അത് തിരിച്ചറിഞ്ഞെന്ന് മാത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group