
ആലപ്പുഴ: ഗായിക, സംഗീത സംവിധായിക എന്നീ നിലകളില്‍ പ്രശസ്തയായ ഗൗരി ലക്ഷ്മി വിവാഹിതയായി.
വിഷ്വല്‍ ആര്‍ട്ടിസ്റ്റ് ആയ കലേഷ് ഗോവിന്ദന്‍ ആണ് വരന്‍. ഗൗരിയും കലേഷും സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് വിവാഹക്കാര്യം അറിയിച്ചിരിക്കുന്നത്.
നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നവദമ്പതികൾക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ആദ്യ ഭർത്താവ് ഗണേഷ് ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
പരസ്പര ബഹുമാനത്തോടെയും സൗഹൃദത്തോടെയും എങ്ങനെ വേർപിരിയാമെന്നും, പഴയ പങ്കാളിയുടെ പുതിയ ജീവിതത്തെ എങ്ങനെ നെഞ്ചോട് ചേർക്കാമെന്നും കാണിച്ചുതരുന്നതാണ് ഈ അപൂർവ്വ നിമിഷം.
വേർപിരിഞ്ഞെങ്കിലും ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം തെളിയിക്കുന്നതായിരുന്നു വിവാഹവേദിയിലെ കാഴ്ചകൾ. ഗൗരിയുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വിവാഹത്തിൽ സജീവ സാന്നിധ്യമായി ഗണേഷും ഉണ്ടായിരുന്നു. നവദമ്പതികൾക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ഗണേഷ് ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധേയമാണ്: “കുടുംബാംഗങ്ങളെല്ലാം ഒരു രക്തത്തിൽ പെട്ടവരാകണം എന്നില്ല. ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കൂ…”
ഗണേഷിന്റെ ഈ പോസ്റ്റിന് താഴെ നവദമ്പതികളായ ഗൗരിയും കലേഷും സ്നേഹത്തോടെ മറുപടിയും നൽകിയിട്ടുണ്ട്.
2018-ലായിരുന്നു ഗൗരിയുടെയും ചെന്നൈ സ്വദേശിയായ ഗണേഷിന്റെയും ആദ്യ വിവാഹം. ഗൗരിയുടെ പാട്ടുകളുടെ വലിയൊരു ആരാധകനായിരുന്ന ഗണേഷ് പിന്നീട് ഗൗരിയുടെ മ്യൂസിക് ബാൻഡിലെ ഡ്രമ്മറായി മാറി.
ആ സൗഹൃദവും പ്രണയവുമാണ് അന്ന് വിവാഹത്തിലെത്തിയത്. തന്നോട് വഴക്കിടാൻ വേണ്ടി മാത്രമാണ് തമിഴ്നാട്ടുകാരനായ ഗണേഷ് മലയാളം പഠിച്ചതെന്ന് ഗൗരി മുൻപ് ഒരു അഭിമുഖത്തിൽ തമാശയോടെ പറഞ്ഞിരുന്നു. 2019-ൽ ചേർത്തലയിൽ ഇരുവരും ചേർന്ന് ‘ഇസൈക്കൂട്’ എന്ന മനോഹരമായ ഒരു വീടും നിർമ്മിച്ചു. എന്നാൽ പിന്നീട് പരസ്പര സമ്മതത്തോടെ ഇവർ വിവാഹജീവിതം അവസാനിപ്പിക്കുകയായിരുന്നു.
വിവാഹബന്ധം വേർപെടുത്തിയെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദത്തിനോ സംഗീത കൂട്ടുകെട്ടിനോ യാതൊരു വിള്ളലും വീണിരുന്നില്ല. ഗൗരിയുടെ സംഗീത ആൽബങ്ങൾക്ക് പിന്നിൽ ഇപ്പോഴും ഡ്രമ്മറായി ഗണേഷ് ഒപ്പമുണ്ട്. ബന്ധങ്ങൾ തകരുമ്പോൾ പരസ്പരം ചെളിവാരിയെറിയുന്ന ഇന്നത്തെ കാലത്ത്, മുൻ പങ്കാളിയുടെ സന്തോഷത്തിൽ ആത്മാർത്ഥമായി പങ്കുചേരുകയും അവരെ ചേർത്തുപിടിക്കുകയും ചെയ്യുന്ന ഗണേഷിന്റെ ഈ നിലപാടിന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആലപ്പുഴ ചേർത്തല സ്വദേശിനിയായ ഗൗരി ലക്ഷ്മി തൃപ്പൂണിത്തുറ ആർഎൽവി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് സംഗീതത്തിൽ ബിരുദവും കേരള സർവകലാശാലയിൽ നിന്ന് സംഗീതത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മോഹൻലാൽ ചിത്രം കാസനോവയിലെ ‘സഖിയേ’ എന്ന ഗാനം ഒരുക്കിക്കൊണ്ട് 13-ാം വയസിലായിരുന്നു മുഖ്യധാരയിലേക്ക് ഗൗരി ലക്ഷ്മി കടന്നുവന്നത്. ഗാനം രചിച്ചതും ഈണം നൽകിയതും ആലപിച്ചതും ഗൗരിയാണ്.
പിന്നീടിങ്ങോട്ട് ഗോദയിലെ ‘ആരോ നെഞ്ചിൽ’ ഉൾപ്പെടെ ഒട്ടേറെ സിനിമാഗാനങ്ങൾ ആലപിക്കുകയും രചിക്കുകയും ഈണമിടുകയും ചെയ്ത ഗൗരി ലക്ഷ്മി, സ്വതന്ത്ര ആൽബങ്ങളും പുറത്തിറക്കി. ഏതാനും തമിഴ് ഗാനങ്ങളും ഗൗരി ലക്ഷ്മി ആലപിച്ചിട്ടുണ്ട്. 2024-ൽ പുറത്തിറങ്ങിയ ഗൗരിയുടെ ‘എന്റെ പേര് പെണ്ണ്’ എന്ന ഗാനം ഏറെ ചർച്ചയായിരുന്നു. ഹരിവരാസനം എന്ന ഗാനത്തിന് ഗൗരി ഒരുക്കിയ കവർ വെർഷനും പ്രശസ്ത കഥകളി പദമായ ‘അജിതാ ഹരേ ജയ’ ഗൗരി തന്റേതായ ശൈലിയിൽ അവതരിപ്പിച്ചതുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.







